Thursday, May 21, 2009

No Man's Land

പോയ ജന്മങ്ങളിലെ
ഓര്‍മ്മകളുടെയും
ഈ ജന്മത്തിലെ
മറവികളുടെയും അതിരില്‍
ആരുടേതുമല്ലാത്ത
ഒരു തുണ്ടു മണ്ണായ്,
ജീവിതം.

മൌനം

കടത്തുതോണിയോ
മേല്‍പ്പാലമോ ഇല്ലാതെ
മറുകരയിലേക്കുള്ള ദൂരം
കണ്‍നോട്ടങ്ങളാല്‍ മാത്രം
താണ്ടും,

സങ്കടമെന്ന വാക്കിന്‍
ആദ്യാക്ഷരത്തെ കേട്ട്
നിറഞ്ഞുപോവുമ്പോള്‍
പുഞ്ചിരിയായ്
തുളുമ്പിയൊഴുകും,

വിട്ടുപോകാത്തൊരോര്‍മ്മ
വിറകൊള്ളുന്ന
വിരല്‍ത്തുമ്പുകള്‍
കൈത്തലത്തോടു ചേര്‍ത്ത്
നന്മ മാത്രമെന്ന്
അലിവില്‍ മുത്തും,

ഓര്‍മ്മകളുടെ ചെറുകാറ്റ്
പായമരം ചലിപ്പിക്കും

കടലാസുകപ്പല്‍ നനയല്ലേയെന്ന്
പ്രാര്‍ത്ഥനയുടെ കുടയായ്‌
എന്നും കൂട്ട് പോകും,

മൌനം.

Sunday, May 17, 2009

കയം

വക്കില്‍ നിന്നും
ആഴത്തിലേക്കു വീണ്‌
മുങ്ങാന്‍ തുടങ്ങുമ്പോള്‍
ഓരോ കണ്ടെത്തലും
ഓരോ കയമാണെന്ന്
തിരിച്ചറിയുന്നു

അവസാന ശ്വാസത്തെ
കൈക്കുമ്പിളില്‍ നിറച്ച്
ജലപ്പരപ്പിലെത്തിയ
കുമിളകള്‍
വായുവിന്റെ ആഴം
അളന്നു നോക്കുന്നു
വേണ്ടായിരുന്നു എന്ന്
എത്രയും പതിഞ്ഞ ശബ്ദത്തില്‍
പറയുന്നു

വാസ്തവം!
കെട്ടുകളഴിഞ്ഞ്
ഇതളുകള്‍ ഊര്‍ന്ന്
കണ്ടെത്തലുകളുടെ ഒരു പ്രബന്ധം
ശരി വക്കുന്നു,
കണ്ണുകള്‍ അടച്ച്
എങ്ങോട്ടോ ഒഴുകിപ്പോകുന്നു.

Tuesday, May 5, 2009

ഉറങ്ങുന്നവരുടെ കമ്പാര്‍ട്ടുമെന്റ്

നിശബ്ദങ്ങളായിരുന്ന
അസംഖ്യം
മണിക്കൂറുകള്‍
ആരെയോ കാത്തെന്നപോല്‍
പുറത്തേക്ക് മിഴിനട്ടിരുന്നു

ചൂടില്‍ ഉരുകിയ
നെടുവീര്‍പ്പുകള്‍
വെള്ളമെവിടെയെന്ന്
പതം പറഞ്ഞലഞ്ഞിരുന്നു

വിയര്‍പ്പൊട്ടിയ ദേഹങ്ങള്‍
തമ്മില്‍ സ്പര്‍ശിച്ചപ്പോഴൊക്കെ
അറപ്പോടെ മുഖം ചുളിച്ചിരുന്നു
ഒച്ചുകളായ് കൂടുകള്‍ക്കുള്ളിലേക്ക്
തല വലിച്ചിരുന്നു

തൊട്ടു തൊട്ടിരുന്ന
കൈമുട്ടുകളുടെ
അതിര്‍ത്തികള്‍ താണ്ടി
ഉത്തരങ്ങള്‍ക്ക് കാക്കാത്ത
ചോദ്യങ്ങള്‍
തന്നിഷ്‌‌ടം പോലെ
വരികയും പോവുകയും
ചെയ്തിരുന്നു

ചില മൂളിപ്പാട്ടുകള്‍
അല്പനേരം വട്ടം ചുറ്റി
കര്‍ക്കശക്കാരുടെ
ശകാരം ശ്രവിച്ച്
ഉറക്കം നടിച്ച് കിടന്നിരുന്നു

അതിനിടയിലെപ്പോഴോ ആണ്
പതിനേഴിനും പതിനെട്ടിനും
എന്താണ് ബന്ധമെന്നോ
ഒന്നും മിണ്ടാത്തതെന്തെന്നോ
നമ്മളാരൊക്കെയാണെന്നോ
ക്ഷീണിച്ച കണ്ണുകള്‍
ആരാഞ്ഞത്

കണ്ടു തീരാതെ
കൈവിട്ടു പോയൊരു
പുഞ്ചിരിയപ്പോള്‍
എവിടുന്നോ വന്നു
കളിയായി മിഴി കൂര്‍പ്പിച്ചു:
ആളില്ലാ സീറ്റിലേക്ക്
നോക്കുന്നതെന്താണ്?
മൌനങ്ങളെ
വിവര്‍ത്തനം ചെയ്ത്
പരാജയപ്പെട്ടൊരാള്‍
അല്പം മുന്‍പെ
മരിച്ചു പോയത്
അറിഞ്ഞില്ലെന്നുണ്ടോ?

Monday, May 4, 2009

രണ്ടു പേര്‍

ശ്വസിച്ചത് ഒരേ വായു
ഊറ്റിയെടുത്തത്
ഒരേ തായ്ത്തടിയിന്‍ ജലം
താരാട്ടീണമിട്ടു വളര്‍ത്തി-
യൊരേ ഇളംവെയില്‍,
മഴ, മഞ്ഞ്, കാറ്റ്
ഒരേ വീട്ടില്‍
ഉറങ്ങിയുണര്‍ന്നു
എന്നിട്ടും
പരസ്‌പരം കാണാതെ
ജീവിച്ചു മരിച്ചു
ഒരു മരത്തിന്റെ-
യിരുകോണില്‍
രണ്ടിലകള്‍

Sunday, May 3, 2009

നഷ്‌ടവ്യവഹാരങ്ങളുടെ 1XN മെട്രിക്സുകള്‍

[1,1]

മിണ്ടാമൊഴികളിലെ
കനം തിങ്ങും വിടവുകള്‍
നീ പാര്‍ക്കുമിടങ്ങള്‍
കണ്ടു,
കണ്ടില്ലയെന്നിങ്ങനെ ഒരാള്‍

കാണാസ്വപ്നങ്ങള്‍
പൂക്കും കാടുകളില്‍
നീ പാടും മരച്ചില്ലകള്‍
കേട്ടും കേള്‍ക്കാതെയും
ഉറക്കത്തില്‍ ഞെട്ടിയൊരാള്‍

കുന്നിന്‍ ചരിവിലെ
പുഴ തന്‍ കാറ്റായ്
നീ തൊടുമ്പോള്‍
എവിടെയും നില്‍ക്കാതെ
ഓടുന്ന വണ്ടിയില്‍
അലറിക്കരഞ്ഞൊരാള്‍

[1,2]

പങ്കിട്ടെടുപ്പുകാര്‍
ബാക്കിവെച്ചുപോയ മുറിവുകള്‍
കാണാതെയല്ല,
നഷ്‌ടവ്യാപാരങ്ങളുടെ ശിഷ്‌ടം
ഇനിയും പൂജ്യമായില്ലയെന്ന്
അറിയാതെയുമല്ല
ഇങ്ങനെയൊക്കെയാവണം
ദ്വിമാനങ്ങളില്‍
പരന്നു നിറയാന്‍ മാത്രമറിയുന്ന
മട്രിക്സുകള്‍ ഉണ്ടാകുന്നത്

[1,3]


നഷ്‌ടങ്ങളെ
ഒരേയൊരു ചുംബനത്താല്‍
ലാഭങ്ങളാക്കുന്ന സ്പര്‍ശമണി
എവിടെയെങ്കിലും
ലഭിക്കുമോ!
എങ്കില്‍ ഞാനതിനെ
എന്നേ
നിനക്ക് സമ്മാനിക്കുമായിരുന്നു.