Sunday, June 7, 2009

മുറിച്ചെഴുത്ത്

മണ്ണിര എന്നതിനെ
മണ്ണ് + ഇര എന്ന്
മുറിച്ചെഴുതുമ്പോള്‍
ഇറങ്ങിപ്പോയതോ
വന്നു കയറിയതോ ആയ
സന്ധി ഏതാണെന്നായിരുന്നു
ഇന്നലെ

‘പട്ടിക്കുട്ടി‘യുടേതാവില്ല;
ഒന്ന് മറ്റൊന്നിനെ
നിഷ്കാസനം ചെയ്യുകയും
പുതിയ ശബ്ദമൊന്നും
കയറിയിരിക്കുകയും ചെയ്യാത്തിടത്തോളം
ആദേശവും ആഗമവുമല്ല
ലോപമാവാനേ തരമുള്ളൂ

എന്താണാവോ!
ഒക്കെ മറന്നിരിക്കുന്നു
തെറ്റിപ്പോകുന്ന
സന്ധി സമാസങ്ങള്‍ക്ക്
കൈവെള്ളയില്‍ ഏറ്റുവാങ്ങിയ
അടിയുടെ ഓര്‍മ്മകള്‍ പോലും

ചെടി നടുമ്പോള്‍
വെട്ടുകൊണ്ട്
മുറിഞ്ഞു പോയ മണ്ണിരയാണ്,
മടിച്ചു മടിച്ച്
തുള്ളിപോലുമിറ്റാനാവാത്ത
ഒരു ചുവപ്പാണ്
ഓര്‍മ്മയില്‍

മണ്ണിരകള്‍
മുറിവുകൂടി ജീവിക്കുമെന്ന്
കുട്ടിക്കാലത്തു കേട്ടത്
സത്യം തന്നെയാവുമോ?
ആവണം;
സമയത്തെ അതിജീവിച്ച്
കൂടെ നടന്ന ഉദാഹരണങ്ങള്‍
കള്ളം പറയാത്തിടത്തോളം
അത്
അങ്ങനെതന്നെയാവണം

ഇങ്ങനെയൊക്കെയാകിലും
മുറിച്ചെഴുത്തിന്റെയാ
സന്ധിയേതെന്ന്
ഇനിയും അറിയുന്നില്ല

എന്റെ മലയാളമേ!

12 comments:

നന്ദ June 7, 2009 at 10:56 AM  

:(
അറിവുള്ളവര്‍ തെറ്റു തിരുത്തിത്തരുമല്ലോ?

ഗുപ്തന്‍ June 15, 2009 at 1:34 PM  

സന്ധി ശരിയോ തെറ്റോ ആവട്ടെ.. കവിത സൂപ്പര്‍.

അനിലൻ June 15, 2009 at 6:03 PM  

സന്ധികള്‍ അപ്രസക്തമാവുമ്പോഴാവും ജീവിതം മുറിച്ചെഴുതുന്നത്.

സമയത്തെ അതിജീവിച്ച്
കൂടെ നടന്ന ഉദാഹരണങ്ങള്‍
കള്ളം പറയാത്തിടത്തോളം..

സമയത്തെ അതിജീവിച്ച്
കൂടെ നടന്ന ഉദാഹരണങ്ങള്‍
കള്ളമേ പറയൂ!

വളരെ നല്ല കവിത.

സെറീന June 15, 2009 at 11:05 PM  

മുറിച്ചെഴുത്തിന്റെ സന്ധി!
നല്ല കവിത.
നമുക്ക് ദിത്വസന്ധി മതി :)

Umesh::ഉമേഷ് June 16, 2009 at 11:00 AM  

കവിത ഇഷ്ടപ്പെട്ടു.

ഒന്നാം ഖണ്ഡത്തിൽ മണ്ണു് + ഇര എന്നു ലോപസന്ധിയാണോ, അതോ മൺ +ഇര എന്നു് ആഗമസന്ധിയാണോ എന്ന സംശയമല്ലേ? മണ്ണിരയെ മുറിയ്ക്കുമ്പോൾ എന്തോ നഷ്ടപ്പെടുന്നോ അതോ രണ്ടും ജീവൻ വെച്ചു് കൂടുതൽ നന്നാവൂന്നോ എന്നും.

സ്വരത്തിൻ മുമ്പു ലോപിക്കും
സംവൃതം വ്യർത്ഥമാകയാൽ
അതിനെ സ്വരമായിട്ടേ
വകവെയ്ക്കേണ്ട സന്ധിയിൽ

എന്നു കേരളപാണിനീയം.

ഓഫ്: പട്ടിക്കുട്ടിയുടെ ചന്തി ദ്വിത്വമാണെന്നു്, അതായതു് ഇരട്ടച്ചന്തിയാണെന്നു് സ്കൂളിൽ വെച്ചു തമാശ പറഞ്ഞതും ഓർമ്മവരുന്നു.

ചേച്ചിപ്പെണ്ണ്‍ June 16, 2009 at 12:00 PM  

നല്ല കവിത ....
സന്ധിയും സമാസവും വൃത്തവും ഒക്കെ മറന്നു പോയി ....
മോട്ടി തഗദി ഐസി രഗദി ... എന്നൊക്കെയുള്ള ഹിന്ദി "കവിത" കള്‍ എന്റെ മോന്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍
"ഈ വല്ലിയില്‍ നിന്ന് ചെമ്മേ പൂക്കള്‍ പോകുന്നിതാ പറന്നമ്മേ ...."
എന്നൊക്കെയുള്ള മനോഹരമായ കവിതകള്‍ ഓര്‍ത്തു വെടുവീര്‍പ്പിടുന്നു ...
എന്തൊക്കെയാണ് നമ്മള്‍ടെ കുഞ്ഞുങ്ങള്‍ക്ക് നഷ്ടമാവുന്നത് .
സെറീനയെ വായിച്ചു നൊമ്പരപെടാന്‍ വന്ന വഴി ഇവിടെത്തി .
ഒരുപാട്‌ എഴുതുക വായിച്ചു ,ഒരു ഞണ്ട് ( പുറകോട്ടു നടക്കാന്‍ ) ആവാന്‍ ഞാനും ...

വെള്ളെഴുത്ത് June 19, 2009 at 9:50 PM  

ഒറ്റ വായനയില്‍ മനസ്സിനെ പിടിച്ചെടുക്കുന്ന കവിത. ജീവിതത്തിന്റെ സന്ധിസമാസങ്ങള്‍ എന്നൊക്കെയുള്ള ആലങ്കാരികപ്രയോഗങ്ങള്‍ ഇങ്ങനെയൊക്കെയാണ് ഭാവാത്മകമാകുന്നതല്ലേ?

absolute_void(); June 26, 2009 at 5:41 PM  

നല്ല ഒരു കവിത. നന്ദി.

നജൂസ്‌ July 17, 2009 at 2:22 AM  

നല്ല കവിത നന്ദ..

നന്ദ July 20, 2009 at 4:10 AM  

ഒരുപാടു നാളായി, ഇങ്ങോട്ടൊന്ന് വന്നു നോക്കാന്‍ പറ്റിയില്ല. ഒടുക്കം ഇന്ന് പരോള്‍ കിട്ടിയപ്പോ വന്നതാ(കടം വാങ്ങിയതാ ഈ ‘പരോളും’).
പോസ്റ്റ് വായിക്കാനും അഭിപ്രായം അറിയിക്കാനും കാട്ടിയ സന്മനസ്സിന് എല്ലാര്‍ക്കും നന്ദി.
ആദ്യ കമന്റിനു നന്ദി ഗുപ്തന്‍ :)
അനിലേട്ടാ, സന്തോഷം :)
ഉമേഷേട്ടാ, അവിടേക്ക് ലിങ്ക് റീ-ഡയറക്റ്റ് ചെയ്യുമെന്ന് വന്ന ചെറുഭീഷണി ഞാന്‍ തമാശയാക്കിയതായിരുന്നു. ഒട്ടും പ്രതീക്ഷിച്ചില്ല ഇവിടെ. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഒരുപാട് നന്ദി.
പക്ഷെ, ആ ഉദ്ധരിണി കണ്ടപ്പോ പിന്നേം സംശയം :(
സെറീന, സന്തോഷം :) ദിത്വം എല്ലാരുടെയും പ്രിയങ്കരന്‍ ആണല്ലേ? :)
വെള്ളെഴുത്തെ, സന്തോഷം :) നന്ദി.
ചേച്ചിപ്പെണ്ണ്, വീണ്ടും കാണുമോ ഈ വഴി?
നജൂസ്, absolute_void അഭിപ്രായത്തിന് നന്ദി :)

Anonymous July 25, 2009 at 8:30 AM  

hello... hapi blogging... have a nice day! just visiting here....

സജീവ് കടവനാട് August 27, 2009 at 7:14 PM  

ഇരയെ ഇരകോര്‍ത്ത് ഇരപിടിക്കുന്നതിലെ ഒരിത് സന്ധിചേര്‍ന്നതാകണം.



നല്ല കവിത.