Sunday, June 7, 2009

മുറിച്ചെഴുത്ത്

മണ്ണിര എന്നതിനെ
മണ്ണ് + ഇര എന്ന്
മുറിച്ചെഴുതുമ്പോള്‍
ഇറങ്ങിപ്പോയതോ
വന്നു കയറിയതോ ആയ
സന്ധി ഏതാണെന്നായിരുന്നു
ഇന്നലെ

‘പട്ടിക്കുട്ടി‘യുടേതാവില്ല;
ഒന്ന് മറ്റൊന്നിനെ
നിഷ്കാസനം ചെയ്യുകയും
പുതിയ ശബ്ദമൊന്നും
കയറിയിരിക്കുകയും ചെയ്യാത്തിടത്തോളം
ആദേശവും ആഗമവുമല്ല
ലോപമാവാനേ തരമുള്ളൂ

എന്താണാവോ!
ഒക്കെ മറന്നിരിക്കുന്നു
തെറ്റിപ്പോകുന്ന
സന്ധി സമാസങ്ങള്‍ക്ക്
കൈവെള്ളയില്‍ ഏറ്റുവാങ്ങിയ
അടിയുടെ ഓര്‍മ്മകള്‍ പോലും

ചെടി നടുമ്പോള്‍
വെട്ടുകൊണ്ട്
മുറിഞ്ഞു പോയ മണ്ണിരയാണ്,
മടിച്ചു മടിച്ച്
തുള്ളിപോലുമിറ്റാനാവാത്ത
ഒരു ചുവപ്പാണ്
ഓര്‍മ്മയില്‍

മണ്ണിരകള്‍
മുറിവുകൂടി ജീവിക്കുമെന്ന്
കുട്ടിക്കാലത്തു കേട്ടത്
സത്യം തന്നെയാവുമോ?
ആവണം;
സമയത്തെ അതിജീവിച്ച്
കൂടെ നടന്ന ഉദാഹരണങ്ങള്‍
കള്ളം പറയാത്തിടത്തോളം
അത്
അങ്ങനെതന്നെയാവണം

ഇങ്ങനെയൊക്കെയാകിലും
മുറിച്ചെഴുത്തിന്റെയാ
സന്ധിയേതെന്ന്
ഇനിയും അറിയുന്നില്ല

എന്റെ മലയാളമേ!

Wednesday, June 3, 2009

വിടവുകള്‍

അക്ഷരങ്ങളെ
എത്ര ചേര്‍ത്തു വെച്ചിട്ടും
ബാക്കിയാവുന്നുണ്ട്,
നിറയാതെ
ചില വിടവുകള്‍
അവയിലൂടെയാവണം
പരാവര്‍ത്തനപ്പെടാത്ത
പ്രാണസങ്കടങ്ങള്‍
ആരുമറിയാതെ
ഊര്‍ന്നു പോകുന്നത്.

[ഒരിടത്ത് അഭിപ്രായമായി എഴുതിയ ആത്മാലാപമായിരുന്നു ആദ്യരൂപം‍, എന്നിട്ടും മതിയാവാഞ്ഞ് ഇവിടെയും :( ]