Sunday, December 27, 2009

ബാങ്ക് ഹാപോലിം

ഹാപോലിം പോലെ,
ഇനിയൊരു ബാങ്കിലും അക്കൌണ്ടുണ്ട്
നിക്ഷേപത്തിനു പലിശയേയില്ലാത്ത
ഒന്നില്‍.

സ്ഥലം മാറിപ്പോകുമ്പോ
അടച്ചു പൂട്ടി
പോകാത്തതെന്തെന്നാണ് ചോദ്യം.
ഉത്തരം അറിയില്ല
(അനേകം ബാങ്കുകളിലെ അംഗത്വം
സമ്പന്നതയുടെ സൂചകമെന്നൊന്നുമല്ല)

എങ്കിലും
ദിവസവും നിക്ഷേപിക്കും,
അധ്വാനത്തിന്റെ,
കണ്ണീരിന്റെ ഒരു തുള്ളി.

വല്ലപ്പോഴുമൊക്കെ
ഹാപോലിമിലെ പോലെ തന്നെ,
ഒരു ഇടപാടിന്
പത്തു പണം എണ്ണിക്കൊടുത്ത്
നെടുവീര്‍പ്പിടും.

എന്നിട്ട്........

എന്നിട്ടോ?
പ്രത്യേകിച്ചൊന്നുമില്ല.
ബാങ്ക് പ്രവര്‍ത്തിക്കുന്നു;
അക്കൌണ്ടും.
ആംഗലേയം സംസാരിക്കുന്ന ഉദ്യോഗസ്ഥരാല്‍
ഉപഭോക്താക്കള്‍ പരിപാലിക്കപ്പെടുന്നു,
പലിശ; അതില്ല
തല്‍ക്കാലം,
പോട്ടെന്നു തന്നെ വെക്കാം.
ഇനി നാട്ടില്‍ ചെന്നിട്ടെങ്ങാന്‍...

Monday, December 14, 2009

ക്ഷീര ബല

അടുത്ത വീട്ടിലെ കൂട്ടുകാരന്റെ കഥ
പാവമെന്ന് ചേര്‍ത്തു ചേര്‍ത്ത്
ഇനിയൊരാള്‍ വിവരിക്കവേ
എന്നിനിയവന്‍ മുതിരുമെന്ന്
വെറുതെ ആലോചിക്കുന്നുണ്ട്

എന്റെ വേഗത്തിനൊപ്പം
ഓടിയേ മതിയാവൂ
നീയുമെന്ന് കേള്‍ക്കേ
ആവുമോയെന്ന ഭയത്തില്‍
ഒച്ച ചിലമ്പിക്കുന്നുണ്ട്

വരണ്ടു പോകുന്ന നിലങ്ങളെപ്പറ്റി
ഇടതടവില്ലാത്ത ആശങ്കകള്‍
കൃത്യതയില്ലാത്ത ഇടവേളകളില്‍
മൂളിക്കേട്ടിരി‍ക്കുന്നുണ്ട്

ഇപ്പോഴും എപ്പോഴും
സന്തോഷമെന്ന് നടിച്ചിട്ടും
മിണ്ടാതെ വന്ന്
കണ്ണില്‍ തുളുമ്പുന്ന കാഴ്‌ചയെ
അടുത്തിരിക്കുന്ന ആളറിയാതെ
ശാസിച്ച് നിര്‍ത്തുന്നുണ്ട്

ഇങ്ങനെയൊക്കെയാകിലും
ജീവിച്ചിരിക്കുന്നുണ്ടെന്നറിയിക്കാന്‍
അടയാളമൊന്നും ബാക്കിവെക്കാതെ,
വെയില്‍ തെളിയവേ മായുന്ന
മൂടല്‍ മഞ്ഞു പോല്‍
ചില ശരീരങ്ങള്‍

ചൂരല്‍ പഴുപ്പിച്ചു വച്ച്
ഇറക്കിവിട്ട ജീവന്‍
എങ്ങോട്ടാവും പോയിട്ടുണ്ടാവുക
എന്നോര്‍ത്തു പുകഞ്ഞ്,
പെയ്യുമെന്നുറപ്പില്ലാത്ത മഴ കാത്തു കുഴഞ്ഞ്,
പുലരിമഞ്ഞില്‍ പാതി നനഞ്ഞ്,
അങ്ങനെ,
അങ്ങനെ..