Saturday, February 27, 2010

കാറ്റേ

മഞ്ഞിലും
മഴയിലും
വെയിലിലും നനഞ്ഞ്‌,
കണ്ണുപൂട്ടി ധ്യാനമായിരുന്നു
ഈ നാളത്രയും.
ജീവന്‍ വെടിഞ്ഞിനി
നിന്റെ കൈകളിലേക്ക്
പുനര്‍ജനിച്ചോട്ടെ?

- ഇല.

Friday, February 12, 2010

मेरे यार..

പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്ന പ്രിയചങ്ങാതിക്ക്,

ഹൃദയം നിറഞ്ഞ ആശംസകളോടെ,




നീയുമായ് ഇടക്കിടെ ഉണ്ടാക്കുന്ന അടിയും വഴക്കും മുഖം വീര്‍പ്പീരും ഇനി മിസ്സ് ചെയ്യുമല്ലോ എന്നോര്‍ക്കുമ്പോള്‍ ........



...... എന്തൊരാശ്വാസമാണെന്നോ! ;)

Thursday, February 4, 2010

ഇന്ന്

രാവിലെ മഞ്ഞു വീണു.

കാത്തിരുന്ന്
നിന്നെ കണ്ടതു പോലെ സന്തോഷം.
വിടര്‍ത്തിയ
കൈക്കുമ്പിള്‍ നിറയെ
മഞ്ഞു തരികള്‍.

രണ്ടു നിമിഷങ്ങള്‍.
പെട്ടെന്നലിഞ്ഞു പോകല്ലേ നീ
എന്ന്
വിരലുകള്‍ മടക്കുമ്പോള്‍
വേദന.

ഒന്നു നോക്കൂ
മഞ്ഞു പോല്‍ തണുത്ത
വിരലുകള്‍ നിവര്‍ത്തി,
നിന്‍ കൈത്തലം.

കാണാനുണ്ടോ
അതില്‍
അലിയാന്‍ തുടങ്ങിയ
ഒരു തരി?

Wednesday, February 3, 2010

മരം

ആവശ്യത്തിനും അനാവശ്യത്തിനും
നിങ്ങള്‍ എഴുതി വായിച്ച
ഉപമകളുടെ കാറ്റാണ്
എന്റെ ഇലകള്‍
കൊഴിച്ചു കളഞ്ഞത്

ഏറ്റം പ്രിയമുള്ളവയെ വാഴ്ത്തിയ
ഉല്പ്രേക്ഷകളുടെ ഒച്ചയിലാണ്
കൂട്ടുകാരെന്നെ വിട്ട്
പറന്നകന്നത്

രാവുകള്‍ പകലാക്കി
നിങ്ങള്‍ രാകി മിനുക്കിയ
രൂപകങ്ങളുടെ അമ്പുകളാണ്
ശരീരമെമ്പാടും
മുറിവുകള്‍ ഏല്പിച്ചത്

ഏതൊക്കെയോ
കണ്ണുകളൊഴുക്കിയ
ലാവയുടെ ചൂടിലാണ്
വേരുകളുടെ ജലം
ബാഷ്പമായ് തീര്‍ന്നത്

എത്ര യുഗങ്ങളായി!

വേണം,
ഇനി വയ്യെന്ന്
കണ്ട് കേട്ട് മടുക്കുമ്പോ
ഒന്നുമുരിയാടാതെ,
ആരുമറിയാതെ
സ്വയം കടപുഴകി വീഴാനൊരു വരം

ഞാനുമറിഞ്ഞില്ലല്ലോ എന്ന്
കണ്ണുനിറയ്ക്കാന്‍
ഒരു വേരു പോലും ബാക്കിവെക്കാതെ,
അത്രമേല്‍ ശാന്തമായ്
കടപുഴകി വീഴാനൊരു വരം,

മരങ്ങളുടെ ദൈവമേ.