Sunday, July 31, 2011

4
നിറഞ്ഞൊഴുകിയ ഒരു സ്വപ്നത്തിന്റെ കരയില്‍
നിറഞ്ഞ കണ്ണുകളോടെ നിന്നെ കണ്ടു
‘കരയുന്ന ആണുങ്ങളെ വിശ്വസിച്ചു കൂടാ’ എന്ന്
കൂട്ടുകാരി പറഞ്ഞതോര്‍ത്തിട്ടായിരുന്നു
അപ്പോളെനിക്ക് സങ്കടം
(നിനക്കപ്പോ ചിരിച്ചാലെന്തായിരുന്നു?)

3

കാണാതെപോകുന്നവരെ കണ്ടുപിടിക്കാനുള്ള
ജി പി എസ് വേണമെന്നായിരുന്നു നേരത്തെ.
കൈയില്‍ കിട്ടിയപ്പോളത്
പക്ഷെ, ഉപേക്ഷിച്ചു കളഞ്ഞു;
ചിലപ്പോഴൊക്കെ
വാസ്തവങ്ങള്‍ അറിയാതിരിക്കുന്നതല്ലേ നല്ലത്
എന്നൊരു മുടന്തന്‍ ന്യായത്തോടെ.

ഭീരുത്വമെന്നാവുമല്ലേ നിങ്ങളുടെ ഭാഷയില്‍?

2

മേല്‍‌വിലാസം നിലവിലില്ലെന്ന കുറിപ്പുമായി
തിരിച്ചു വരികയാണ്
നിനക്കയക്കുന്ന കത്തുകളെല്ലാം
പഴയ മേല്‍‌വിലാസത്തിലേക്ക് ഒരിക്കലെങ്കിലും
താമസത്തിനു വന്നെങ്കിലോ എന്നോര്‍ത്ത്
ഓരോ നിശ്വാസത്താലും
ഇപ്പോഴും എഴുതുന്നു;
സുഖം തന്നെയല്ലേ?

1

100 ശതമാനം ഒന്നിലും നില്‍ക്കില്ലെന്ന
മട്ടാണെനിക്കെന്ന്
തമാശ കലര്‍ത്തി, അവള്‍.
പക്ഷേ,
പലതിലും  100 എത്തിക്കാന്‍ ശ്രമിച്ച്
പരാജയപ്പെടുന്നതിനാലല്ലേ
ഞാനിങ്ങനെയെന്ന്,
(പറഞ്ഞില്ല).

-തലക്കെട്ട് വേണ്ടെന്നോര്‍ത്ത് നീയോടു ഞാന്‍ എന്ന് വാല്‍ക്കെട്ടിടുന്നു.

4 comments:

ശ്രീനാഥന്‍ July 31, 2011 at 6:13 AM  

4
ഡോഗ്മകളുടെ അടിമയായ ആ കൂട്ടുകാരിയെ ഉപേക്ഷിക്കുക. അവന് എപ്പോഴും ചിരിക്കാനാവില്ല.
3
അല്ല, ജീവിക്കാനറിയാം എന്നേ കണക്കാക്കൂ
2
തിരിച്ചു വരും, പക്ഷേ ഒരു വടിയും കുത്തിപ്പിടിച്ച് വിറച്ചു വിറച്ച് നരച്ച മുടി പാറിപ്പറത്തിയാകും എന്നു മാത്രം.
1
ഏയ്, നിങ്ങളൊരു പെർഫക്ഷനിസ്റ്റ് ആകാനിടയില്ല.
- വാൽക്കെട്ടും സുഖിച്ചു. എഴുതിക്കൊണ്ടിക്കുക.

ഒരില വെറുതെ July 31, 2011 at 5:14 PM  

ഇഷ്ടപ്പെട്ടു, ഈ വരികളുടെ സ്വാഭാവികത.
എങ്ങും തുളുമ്പാത്ത ഒതുക്കം.
വാക്കും മനസ്സും ഒന്നിച്ചുള്ള നടത്തം.

Styphinson Toms August 5, 2011 at 1:38 PM  

നന്നായിരിക്കുന്നു ഒരുപാടിഷ്ട്ടപ്പെട്ടു!

Mahi August 13, 2011 at 1:10 PM  

മേല്‍‌വിലാസം നിലവിലില്ലെന്ന കുറിപ്പുമായി
തിരിച്ചു വരികയാണ്
നിനക്കയക്കുന്ന കത്തുകളെല്ലാം
പഴയ മേല്‍‌വിലാസത്തിലേക്ക് ഒരിക്കലെങ്കിലും
താമസത്തിനു വന്നെങ്കിലോ എന്നോര്‍ത്ത്
ഓരോ നിശ്വാസത്താലും
ഇപ്പോഴും എഴുതുന്നു;
സുഖം തന്നെയല്ലേ?
വല്ലാത്ത ഒരവസ്ഥയിലാണിത് വായിക്കുന്നത്.അതുകൊണ്ട് തന്നെ വല്ലാതെ മുറിയുന്നു