Monday, August 27, 2012

ഒറ്റ്

വെറുക്കാന്‍ നിനച്ച നേരം മുതല്‍
സ്നേഹിച്ചു തുടങ്ങുകയെന്ന വിരോധാഭാസം
മൃതനാക്കിയവനെ,
ഒരു മുത്തത്തിന്‍ അടയാളത്താല്‍
തന്നെ ഒറ്റിക്കൊടുത്തവനെ,
അത്ര മേല്‍ സ്നേഹം-
അത്ര മേല്‍ കരുണയാല്‍
നീ നോക്കിയത്,
എന്നേക്കുമായ് ഇവനെ
അടിമയാക്കിയതെന്തിന്,
നാഥാ.

ഉള്ളുലഞ്ഞു പോയത്,
കൈമാറിക്കിട്ടിയ
നിന്റെ
പ്രാണസങ്കടങ്ങളുടെ തീച്ചൂടില്‍
ഇവനുരുകിത്തീര്‍ന്നത്,
രക്തപുഷ്പങ്ങളുടെ അക്കല്‍ദാമയായ്
ഒരു ജീവന്‍
ഉടമ്പടി ചെയ്യപ്പെട്ടത്,
ആ നിമിഷത്തിലായിരുന്നില്ലേ.

ഇതിനെത്ര പൊന്‍പണം?

--
ആരാരാണേ? ഞാനോ നീയോ..ആരാരാണേ...

Saturday, August 18, 2012

ഉ(ഇ)രുള്‍

1. സ്വപ്നം.

സ്വപ്നങ്ങളുടേത് മാത്രമായ ലോകം.
പക്ഷെ
കണ്ണെത്താ ദൂരം വരേയ്ക്കും  പച്ച പാടങ്ങള്‍,  ആകാശം നീലം മുക്കിയ പുഴ
ഇതൊന്നും (ഇപ്പോ അത്ര പ്രായോഗികം അല്ലാത്തതിനാലാവും)
അവിടെ ഉണ്ടായിരുന്നില്ല
പകലും രാവും അല്ലാതെ നരച്ച നിറമുള്ള സന്ധ്യ നേരം ചിലപ്പോള്‍
സുര്യന്‍ ഉദിച്ചിട്ടില്ലേ എന്ന് സംശയിപ്പിക്കുമാറ്
നിറം മങ്ങിയ പകല്‍, മറ്റു ചിലപ്പോള്‍.

ഒരാള്‍ക്ക് കഷ്ടിച്ച് തികയുന്ന ചെറിയ കമ്പിളി പുതച്ച്
നേരിപ്പോടിന്റെയടുത്ത് കട്ടന്‍ ഊതി കുടിച്ചു കൊണ്ടിരുന്നപ്പോ
എങ്കിലും സന്തോഷമായിരുന്നു
തീയുടെ വെട്ടത്തില്‍, തിളക്കം കൂടിപ്പോയതു കാരണം
നിന്റെ മുഖം തിരിച്ചറിയുന്നുണ്ടായിരുന്നില്ല
എങ്കിലും സന്തോഷമായിരുന്നു
-
2. സ്വപ്നം.

സ്വപ്നങ്ങളുടേത് മാത്രമായ ലോകം.
സന്തോഷങ്ങളിലെ ഒരാള്‍ അതിന്റെയാകാശത്ത്  ചിറകു വിരിക്കുന്നു
സങ്കടങ്ങളിലെ ഒരാള്‍ അതിന്റെ പുഴയില്‍ മുങ്ങി മരിക്കുന്നു
മജീഷ്യന്റെ വടി ചുഴറ്റലിലെന്ന പോല്‍  നൊടിക്കുള്ളില്‍
മഞ്ഞ്, വെയില്‍, മഴ, കാറ്റ്,
സന്തോഷം, സന്താപം
സ്വപ്നത്തിലെ സ്വപ്നം.
-
3. ?
കണ്ണീരു തിങ്ങിയ മേഘങ്ങള്‍ മാനത്തു നിറയുമ്പോഴെല്ലാം
കണ്ണടച്ച് ഊളിയിട്ടു പോവാറുണ്ടായിരുന്ന സ്വപ്നമാണ് 
എത്രയും ശാന്തമായ,
ഇന്നലത്തെ ഉരുള്‍ പൊട്ടലില്‍ മറഞ്ഞു പോയത്
നേരം വെളുക്കെ ചെന്ന് നോക്കിയപ്പോള്‍ നമ്മളില്ല;
നമ്മളുണ്ടായിരുന്നിടവും.

ഉണ്ടായിരുന്നിടത്തു നിന്നും ഇല്ലാതാവുന്നതാണോ
ഇല്ലായിരുന്നിടത്തു നിന്നും ഉണ്ടാവുന്നതാണോ എളുപ്പം എന്നൊരു ചോദ്യം
കല്ലും മണ്ണും കലര്‍ന്ന്‍ ഒഴുകി പോകുന്നു;
കുന്നിന്‍ ചരിവുകളിലും  താഴ്വാരങ്ങളിലും
വേരുറപ്പുള്ള മരങ്ങള്‍ നടേണ്ടിയിരുന്നത്തിന്റെ ആവശ്യകതയോര്‍മ്മിപ്പിച്ച്.
-

4. യാഥാര്‍ത്ഥ്യം.

പുഴകള്‍ മണ്ണിനടിയിലേക്ക് പലായനം ചെയ്തു പോയ ഭൂമിയില്‍
ഉപ്പു രസം കലര്‍ന്ന, ഒരു ബക്കറ്റു പുഴയില്‍
മുങ്ങി നിവരുന്നു.