Saturday, March 21, 2009

സ്വകാര്യ സംഭാഷണം

ഞാന്‍ നിന്റേതും
നീയെന്റേതുമല്ലെന്ന്
ഇതുവരേക്കും
തള്ളിപ്പറഞ്ഞിട്ടില്ലല്ലോ
എവിടേക്കും
ഞാന്‍ പോകുന്നില്ലെന്ന്
വ്യക്തമായി
അറിയുന്നതുമാണല്ലോ
എന്നിട്ടും എന്തിനാണ്
ദൈവമേ
കണ്ണു പതിയുന്നിടമെല്ലാം
നിന്റെ പേരെഴുതിയ
തുണ്ടു കടലാസുകള്‍
നിരത്തി
വീണ്ടും വീണ്ടും
ഇങ്ങനെ
ഓര്‍മ്മിപ്പിക്കുന്നത്?
ആകെ അറിയാവുന്ന
നിന്റെ പേര്‍
നിരന്തരം വായിപ്പിച്ച്
മടുപ്പിക്കാന്‍ ശ്രമിക്കുന്നത്?

ഈ ദിനങ്ങളിലെങ്ങാന്‍
ഭാര്യയില്‍ വിശ്വാസക്കുറവുള്ള
ഏതോ ഭര്‍ത്താവുമായി
കാമുകിയില്‍ ഉറപ്പില്ലാത്ത
എതോ കാമുകനുമായി
നിന്റെ ഹൃദയം നീ
വെച്ചു മാറിയിരിക്കുന്നുവോ?
എങ്കില്‍
പെട്ടെന്നു തന്നെ
അത് തിരികെ കൊടുത്തേക്കുക
അല്ലാത്ത പക്ഷം
അടുത്ത രാത്രിക്കു മുന്‍പ്
നിന്റെ സ്നേഹത്തെ
ഏതു വിധേനയും
നിര്‍വീര്യമാക്കേണ്ടി വരും
നിന്റെ വറ്റില്‍
എനിക്ക്
വിഷം കലക്കേണ്ടി വരും.

14 comments:

ഗുപ്തന്‍ March 22, 2009 at 1:10 AM  

ഇതു കലക്കി :) ദൈവം പേടിച്ചിട്ടുണ്ടാവും ...

(വായിച്ച് ഭര്‍ത്താവ്/കാമുകന്‍ പേടിച്ചാല്‍ കൂടുതല്‍ പ്രശ്നമാകാന്‍ സാധ്യത :) )

മാണിക്യം March 22, 2009 at 5:42 AM  

ഈ ദിനങ്ങളിലെങ്ങാന്‍
ഭാര്യയില്‍ വിശ്വാസക്കുറവുള്ള
ഏതോ ഭര്‍ത്താവുമായി
കാമുകിയില്‍ ഉറപ്പില്ലാത്ത
എതോ കാമുകനുമായി
നിന്റെ ഹൃദയം നീ
വെച്ചു മാറിയിരിക്കുന്നുവോ?

........... നല്ല ചോദ്യം !!

സമാന്തരന്‍ March 22, 2009 at 9:08 AM  

വെച്ചുമാറ്റങ്ങള്‍ അനിവാര്യങ്ങളായാല്‍
നിന്റെ പേരും കണ്മുന്നിലെത്തും.
അപ്പോള്‍ നിനക്കാവുമോ
അന്നത്തെയന്നത്തില്‍ വിഷം പുരട്ടാന്‍ ?

പകല്‍കിനാവന്‍ | daYdreaMer March 22, 2009 at 6:28 PM  

അവസാന അടവ്... !
:)

ANOOP March 22, 2009 at 7:32 PM  

മുഖം കോട്ടിയൊന്നു മാറിയിരുന്നാല്‍
തന്നെ വച്ചുമാറിയ ഹൃദയം
തിരികെകൊടുത്ത്
കുറിമാനങ്ങളെല്ലാം നിര്‍ത്തി
ദൈവം മടങ്ങിവരും. കുമ്പസാരക്കൂട്ടിലേക്ക്.. .. ..

Anonymous March 22, 2009 at 8:02 PM  

ഇഷ്ടപ്പെട്ടു...നന്ദി...

പാമരന്‍ March 22, 2009 at 11:34 PM  

കലക്കി..!

Unknown March 23, 2009 at 3:05 PM  

മാറ്റങ്ങളോറ്റുള്ള മനസ്സിന്റെ പ്രതികരണമാണി കവിത

yousufpa March 24, 2009 at 1:59 AM  

ന്തേ...അങ്ങിനെ തോന്നാന്‍..?

പാവപ്പെട്ടവൻ March 24, 2009 at 3:25 AM  

ഒരു പക്ഷെ അറ്റകൈ
അങ്ങനെ ചിന്തിച്ചാല്‍ തെറ്റില്ല
അതും സ്വാഭാവികം എന്നെ പറയാവു
മനോഹരം ഇഷ്ടമായി

Mr. X March 24, 2009 at 5:31 PM  

Wild...

Nice 'un.

Melethil March 24, 2009 at 7:13 PM  

ഇത്ര വൈകി മാത്രം ഈ ബ്ലോഗ് കണ്ടതില്‍ ഖേദിയ്ക്കുന്നു!

രാമചന്ദ്രൻ വെട്ടിക്കാട്ട് March 24, 2009 at 7:58 PM  

ഭര്‍ത്താവില്‍ വിശ്വാസ്സക്കുറവുള്ള
ഏതോ ഭാര്യയുമായി
കാമുകനില്‍ ഉറപ്പില്ലാത്ത
ഏതോ കാമുകിയുമായി..

അല്ലേ? അങ്ങനെയുമായിക്കൂടെ?

കവിത ഇഷ്ടമായി.

നന്ദ April 17, 2009 at 12:18 AM  

ഗുപ്തന്‍, :) സാധ്യതയില്ല, അങ്ങേര്‍ ആരാ മോന്‍? (NA, അല്ലേപ്പിന്നെ കുടുംബകലഹമാവില്ലേ?)
മാണിക്യം: നന്ദി.
സമാന്തരന്‍: മറുചോദ്യം അത്രയ്ക്ക് പിടിതന്നില്ല. സന്ദര്‍ശനത്തിന് നന്ദി.
റോസ്: :)
പകല്‍കിനാവന്‍: അതു തന്നെ :)
പഴഞ്ചന്‍: പ്രതീക്ഷ.
വേറിട്ട ശബ്ദം: സന്തോഷം
പാമരന്‍: നന്ദി :)
അനൂപ്: :) അങ്ങനെയാണോ? ആവോ!
യൂസുഫ്പ: ചോദ്യത്തിനുത്തരമില്ല :)
പാവപ്പെട്ടവന്‍: നന്ദി, അങ്ങനെയൊക്കെ ഓരോ നേരത്ത്
ആര്യന്‍: :) നന്ദി
മേലേതില്‍: സന്ദര്‍ശനത്തിനു നന്ദി, സന്തോഷം.
രാമചന്ദ്രന്‍: :) ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നതാണ്. അങ്ങനെയാവില്ല ഈ കേസില്‍ :))

അഭിപ്രായം പങ്കുവെച്ചവര്‍ക്കും വായിച്ചു മടങ്ങിയവര്‍ക്കുമെല്ലാം നന്ദി.