Friday, October 12, 2012

പോടീ(ടാ) പുല്ല്ലേ

ഏറ്റവും സ്നേഹത്തില്‍
നീ പോടീ പുല്ലേ എന്ന് വിളിച്ചിട്ടുള്ളത്
പഴയ കൂട്ടുകാര്‍
കഞ്ഞിക്കുഴിക്കാരി അന്നമ്മയും
കാഞ്ഞിരപ്പള്ളിക്കാരന്‍ റിസും മാത്രമാണ്

അന്നമ്മയുടേതില്‍ ഒരു ചിരിയുടെ- ഒരു വലിയത് തന്നെ-
സന്തോഷത്തിന്റെ ഓളം കലര്‍ന്നിരുന്നു;
നേരിട്ടോ, ഫോണിലോ എപ്പോഴായാലും
റിസിന്റേതില്‍, ചിലമ്പിച്ച ശബ്ദത്തില്‍,
എപ്പോഴും
അവന്റെ പ്രേമഭാജനം/എന്റെയും കൂട്ടുകാരി
ഗൌനിക്കാത്തതിന്റെ പരാതികള്‍
ഒളിഞ്ഞു കിടന്നു

ഒന്ന് ഉറങ്ങിത്തെളിഞ്ഞ നേരത്ത്
തല്‍ക്കാലം യാതൊരാവശ്യവുമില്ലാത്ത
രണ്ടു പോടീ പുല്ലേകള്‍ പത്തു കൊല്ലം മുന്‍പു നിന്ന്
മുന്നില്‍ വന്നിങ്ങനെ നില്‍ക്കുമ്പോള്‍
പോടീ പുല്ലേ എന്നതിനോടു പറഞ്ഞ് തിരിഞ്ഞു കിടന്ന്
ഉറങ്ങാന്‍ ശ്രമിക്കുന്നു
അവര്‍ രണ്ടും
താന്താങ്കളുടെ ഭാര്യയെ/ഭര്‍ത്താവിനെ/മക്കളെ
അതേ സ്നേഹത്തള്ളിച്ചയുടെ പോടീ(ടാ) പുല്ലേകള്‍ കൊണ്ട്
സന്തോഷിപ്പിക്കുന്നുണ്ടാവും എന്ന് എക്സ്റ്റ്‌റാപൊളേറ്റ് ചെയ്യുന്നു

പക്ഷേ,
അവിടെ തീരുന്നില്ല
നിരുപദ്രവമെന്ന് തോന്നും മട്ടില്‍
പാതിരായ്ക്ക് പ്രത്യക്ഷപ്പെട്ട
പോടീ(ടാ) പുല്ല്ലേയുടെ അക്രമങ്ങള്‍.
സ്നേഹത്തിന്റെ
അധികാരത്തിന്റെ
സങ്കടത്തിന്റെ
വെറുപ്പിന്റെ
അവഗണനയുടെ
ധാര്‍ഷ്ട്യത്തിന്റെ....
ഒരുപാട് പോടീ(ടാ) പുല്ലേ കള്‍ നിരന്നു നിന്ന്
ഉറക്കത്തെ പോടീ(ടാ) പുല്ലേയെന്ന് വെല്ലുവിളിക്കുന്നു

നിരാശയുടെ പടുകുഴിയില്‍ വീഴുമ്പോ
സങ്കടത്തിന്‍ താഴ്വരയില്‍ ആയിരിക്കുമ്പോ
അതിനോട് ‘നീ പോടീ(ടാ) പുല്ല്ലേ‘ എന്നു പറഞ്ഞ്
നടന്നു പോരാമായിരുന്നില്ലേ

എന്റെ സങ്കടം എന്റേതു മാത്രമാണെന്നാവര്‍ത്തിച്ച്
നീ അകലത്തേക്ക് പോകുമ്പോ
നീ പോടീ(ടാ) പുല്ല്ലേ എന്നു പറഞ്ഞ്
സ്നേഹത്തോടെ ആശ്ലേഷിക്കാമായിരുന്നില്ലേ

അവഗണനയുടെ കണ്‍‌നോട്ടങ്ങള്‍ക്ക്
ധാര്‍ഷ്ട്യത്തിന്റെ കടും വാക്കുകള്‍ക്ക്
പോടീ(ടാ) പുല്ല്ലേയെന്ന്
മറുപടി നല്‍കാമായിരുന്നില്ലേ

സൌഹൃദത്തിന്റെ തെളിനീരുറവയില്‍
നഞ്ചു കലക്കുന്ന കള്ളത്തരങ്ങളെ
പോടീ(ടാ) പുല്ല്ലേയെന്ന്
ഉപേക്ഷിക്കാമായിരുന്നില്ലേ

എന്നിങ്ങനെ
സഭ്യതയുടെ മുഖം മൂടിയിട്ട് (അല്ലാതെയും)
അന്ത:പുരത്തില്‍ കയറി ഒളിച്ചിരുന്ന
പോടീ(ടാ) പുല്ല്ലേകളുടെ
മഴയില്‍
പുഴയില്‍
സമുദ്രത്തില്‍
ഇന്നേരം
പൊന്തിക്കിടക്കുന്നു

പുല്ലിനു നടുവില്‍
ഒരു സുന്ദരന്‍
പുല്‍ച്ചാടിയായി
ടെലിവിഷന്‍ പരിപാടികളിലെ
അനിമേഷന്‍ ചലച്ചിത്രമൊന്നില്‍
കുടിയേറുന്ന സ്വപ്നത്തിലേക്ക്
ഊളിയിടുന്നു

Tuesday, October 9, 2012

2

1.
എന്നെങ്കിലുമവനെ കണ്ടുകിട്ടിയാല്‍
ഒരു ദിവസം നീയാവാന്‍ അനുവദിക്കുമോ എന്ന് ചോദിക്കും
ആത്മ പീഢയുടെ കുരിശിലൊരു പക്ഷേ,
ആ ദിനം അതിജീവിക്കുമെന്നുറപ്പില്ലെങ്കിലും.
*
കാര്‍മേഘവിപിനത്തില്‍
വെളിച്ചത്തിന്റെ ഒരു കീറായും
പൊള്ളുന്ന ചൂടിനെ
തണുപ്പിക്കും മഴയായും
മഴയെ ചുട്ടുപൊള്ളിക്കും തീയായും..
ആദിയും അന്തവും
നിറവും മണവുമില്ലെങ്കിലും
നിന്നെ
ദൈവമെന്നു വിളിക്കും ഞാന്‍
 *
 2.
ഉറക്കം കിട്ടുന്നില്ലെന്നും
സ്വപ്നമൊരുപാട് കാണുന്നുണ്ടെന്നും പറഞ്ഞപ്പോള്‍
ഇത് സ്ഥിരം ഏര്‍പ്പാടാക്കിയിരിക്കുകയാണോ നീയെന്ന്.

മരിച്ചു പോയ പ്രിയപ്പെട്ടവര്‍ അവിടെന്നോട് സംസാരിക്കുന്നുണ്ടെന്നും
അതല്ലെങ്കില്‍,
കാണാതെ പോയ പ്രിയപ്പെട്ടവരെ തേടി
അറിയാത്തിടങ്ങളില്‍ അലഞ്ഞു നടക്കുന്നുണ്ടെന്നും പറഞ്ഞാല്‍...

ലാസ്റ്റ് റ്റെം‌പ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്' കണ്ടിട്ടുണ്ടോ
എന്നറിഞ്ഞിട്ടു വേണം.
3. 
അത്താഴപ്പട്ടിണിയുടെ താളില്‍
ഉറക്കമില്ലായ്മ കുത്തിവരയുന്നു
എഴുതിയത് മായ്ച്ച്
പിന്നെയും എഴുതുന്നു.

Monday, August 27, 2012

ഒറ്റ്

വെറുക്കാന്‍ നിനച്ച നേരം മുതല്‍
സ്നേഹിച്ചു തുടങ്ങുകയെന്ന വിരോധാഭാസം
മൃതനാക്കിയവനെ,
ഒരു മുത്തത്തിന്‍ അടയാളത്താല്‍
തന്നെ ഒറ്റിക്കൊടുത്തവനെ,
അത്ര മേല്‍ സ്നേഹം-
അത്ര മേല്‍ കരുണയാല്‍
നീ നോക്കിയത്,
എന്നേക്കുമായ് ഇവനെ
അടിമയാക്കിയതെന്തിന്,
നാഥാ.

ഉള്ളുലഞ്ഞു പോയത്,
കൈമാറിക്കിട്ടിയ
നിന്റെ
പ്രാണസങ്കടങ്ങളുടെ തീച്ചൂടില്‍
ഇവനുരുകിത്തീര്‍ന്നത്,
രക്തപുഷ്പങ്ങളുടെ അക്കല്‍ദാമയായ്
ഒരു ജീവന്‍
ഉടമ്പടി ചെയ്യപ്പെട്ടത്,
ആ നിമിഷത്തിലായിരുന്നില്ലേ.

ഇതിനെത്ര പൊന്‍പണം?

--
ആരാരാണേ? ഞാനോ നീയോ..ആരാരാണേ...

Saturday, August 18, 2012

ഉ(ഇ)രുള്‍

1. സ്വപ്നം.

സ്വപ്നങ്ങളുടേത് മാത്രമായ ലോകം.
പക്ഷെ
കണ്ണെത്താ ദൂരം വരേയ്ക്കും  പച്ച പാടങ്ങള്‍,  ആകാശം നീലം മുക്കിയ പുഴ
ഇതൊന്നും (ഇപ്പോ അത്ര പ്രായോഗികം അല്ലാത്തതിനാലാവും)
അവിടെ ഉണ്ടായിരുന്നില്ല
പകലും രാവും അല്ലാതെ നരച്ച നിറമുള്ള സന്ധ്യ നേരം ചിലപ്പോള്‍
സുര്യന്‍ ഉദിച്ചിട്ടില്ലേ എന്ന് സംശയിപ്പിക്കുമാറ്
നിറം മങ്ങിയ പകല്‍, മറ്റു ചിലപ്പോള്‍.

ഒരാള്‍ക്ക് കഷ്ടിച്ച് തികയുന്ന ചെറിയ കമ്പിളി പുതച്ച്
നേരിപ്പോടിന്റെയടുത്ത് കട്ടന്‍ ഊതി കുടിച്ചു കൊണ്ടിരുന്നപ്പോ
എങ്കിലും സന്തോഷമായിരുന്നു
തീയുടെ വെട്ടത്തില്‍, തിളക്കം കൂടിപ്പോയതു കാരണം
നിന്റെ മുഖം തിരിച്ചറിയുന്നുണ്ടായിരുന്നില്ല
എങ്കിലും സന്തോഷമായിരുന്നു
-
2. സ്വപ്നം.

സ്വപ്നങ്ങളുടേത് മാത്രമായ ലോകം.
സന്തോഷങ്ങളിലെ ഒരാള്‍ അതിന്റെയാകാശത്ത്  ചിറകു വിരിക്കുന്നു
സങ്കടങ്ങളിലെ ഒരാള്‍ അതിന്റെ പുഴയില്‍ മുങ്ങി മരിക്കുന്നു
മജീഷ്യന്റെ വടി ചുഴറ്റലിലെന്ന പോല്‍  നൊടിക്കുള്ളില്‍
മഞ്ഞ്, വെയില്‍, മഴ, കാറ്റ്,
സന്തോഷം, സന്താപം
സ്വപ്നത്തിലെ സ്വപ്നം.
-
3. ?
കണ്ണീരു തിങ്ങിയ മേഘങ്ങള്‍ മാനത്തു നിറയുമ്പോഴെല്ലാം
കണ്ണടച്ച് ഊളിയിട്ടു പോവാറുണ്ടായിരുന്ന സ്വപ്നമാണ് 
എത്രയും ശാന്തമായ,
ഇന്നലത്തെ ഉരുള്‍ പൊട്ടലില്‍ മറഞ്ഞു പോയത്
നേരം വെളുക്കെ ചെന്ന് നോക്കിയപ്പോള്‍ നമ്മളില്ല;
നമ്മളുണ്ടായിരുന്നിടവും.

ഉണ്ടായിരുന്നിടത്തു നിന്നും ഇല്ലാതാവുന്നതാണോ
ഇല്ലായിരുന്നിടത്തു നിന്നും ഉണ്ടാവുന്നതാണോ എളുപ്പം എന്നൊരു ചോദ്യം
കല്ലും മണ്ണും കലര്‍ന്ന്‍ ഒഴുകി പോകുന്നു;
കുന്നിന്‍ ചരിവുകളിലും  താഴ്വാരങ്ങളിലും
വേരുറപ്പുള്ള മരങ്ങള്‍ നടേണ്ടിയിരുന്നത്തിന്റെ ആവശ്യകതയോര്‍മ്മിപ്പിച്ച്.
-

4. യാഥാര്‍ത്ഥ്യം.

പുഴകള്‍ മണ്ണിനടിയിലേക്ക് പലായനം ചെയ്തു പോയ ഭൂമിയില്‍
ഉപ്പു രസം കലര്‍ന്ന, ഒരു ബക്കറ്റു പുഴയില്‍
മുങ്ങി നിവരുന്നു.

Sunday, March 11, 2012

s t i b & s e c e i p


1. ആ

തൊണ്ട പൊട്ടുമാറുച്ചത്തില്‍
കൂവി വിളിക്കുന്നുണ്ട്
ശ്വാസം കഴിക്കാനും സാവകാശമില്ലെന്ന പോല്‍
വര്‍ത്തമാനം പറയുന്നുണ്ട്

ജനലരികിലിരുന്ന് നേരം ഇരുളുവോളം,
പിന്നെ പുലരുവോളം
ഉറക്കെ ചിന്തിക്കുന്നുണ്ട്
ഇതൊന്നുമല്ല വാസ്തവം;
മറ്റെന്തൊക്കെയോ ആണെന്ന മട്ടില്‍
ഓരോരോ കാര്യങ്ങള്‍ ചെയ്തു കൂട്ടുന്നുണ്ട്

പകലുകളുടെ മരുഭൂവുകള്‍
പച്ചപ്പുകളാക്കാനൊരു മൂളിപ്പാട്ട്,
രാവുകളുടെ ചാരപ്പുഴ
മുറിച്ചു കടക്കാനൊരു കൊതുമ്പുവള്ളം
ആരുമറിയാതൊളിപ്പിച്ചു വെക്കുന്നുണ്ട്

*

അതിജീവനത്തിന്റെ ഭാഷയില്‍
അ/അമ്മ, ഇ/ഇല എന്നിങ്ങനെയുണ്ടാവുമോ
അക്ഷരങ്ങളും, അവ ചേര്‍ന്ന വാക്കുകളും?
അതെന്താകിലും
പാറക്കല്ലുകള്‍ക്കടിയില്‍ അമര്‍ന്നു പോവുമ്പോഴും
ആയാ‍സപ്പെട്ടൊരു ജീവശ്വാസം ബാക്കിയാവുന്നത്
സ്വപ്നമെന്ന് ആ ലിപിയറിയാ ഭാഷയില്‍
കുറിച്ചു വെക്കാന്‍ വേണ്ടിയാവും.

2. ഇതിങ്ങനെ തന്നെയാണെന്ന്
പ്രസ്താവിക്കുന്ന പൂര്‍‌ണവിരാമങ്ങളായിരുന്നു
ചുറ്റിലും പരന്നു കിടന്നത്.
ആശ്‌ചര്യ ചിഹ്നമായ്
ജീവിക്കണമെന്ന സ്വപ്നത്തിലേക്കാണ്
അവരെയെല്ലാം കൂട്ടു വിളിച്ചത്
തലകീഴായ് തൂങ്ങി നില്‍ക്കാനാവില്ല
ഞങ്ങള്‍ക്കെന്ന് മറുപടി.
അങ്ങോട്ടുമിങ്ങോട്ടും
പിടിവലിയായി
അങ്ങനെയാണ്
ചോദ്യ ചിഹ്നം പോലെ
വളഞ്ഞൊടിഞ്ഞു പോയത്.

-ചോദ്യ ചിഹ്നങ്ങളുടെ കെട്ടും ചുമന്ന് ഇരുമ്പു പണിക്കാരന്റെ ആലയില്‍
ഊഴും കാത്തിരിക്കുമ്പോള്‍ എഴുതുന്നത്
-

3. സന്തോഷങ്ങളില്‍ പമ്മിപ്പതുമ്മി
കയറിക്കൂടുന്ന സങ്കടങ്ങളെയും
സങ്കടങ്ങളില്‍  ആരും കാണാതെ
ഒളിച്ചു കഴിയുന്ന സന്തോഷങ്ങളെയും
വലിച്ചു പുറത്തിട്ട്
എണ്ണ തടവി മിനുക്കിയ ചൂരലാല്‍ രണ്ടു പൊട്ടിച്ച്
കള്ളത്തരങ്ങള്‍ക്ക് മാപ്പു പറയിച്ചിട്ടു വേണം
രണ്ടിന്റെയും
ഒറിജിനല്‍ സാമ്പിളുകളുടെ
സ്പെക്ട്രം രേഖപ്പെടുത്തി വയ്ക്കാന്‍.

-സങ്കടം വരുമ്പോള്‍ ചിരിക്കാനും
സന്തോഷം വരുമ്പോള്‍ കരയാനും തോന്നുന്നത്
അവയെത്തമ്മില്‍  നേരാം വണ്ണം
തിരിച്ചറിയാന്‍ വയ്യാതെ പോകുന്നതുകൊണ്ടാണോ എന്ന ആശങ്കയെ
രസതന്ത്ര ശാസ്ത്രജ്ഞന്മാരുടെ രീതിയില്‍ത്തന്നെ
പരിഹരിക്കാനാവുമോ എന്ന് ശ്രമിക്കുന്നതില്‍
തെറ്റൊന്നുമില്ല എന്ന്
നിങ്ങളും സമ്മതിക്കും എന്നതിനാല്‍........
-