Sunday, March 11, 2012

s t i b & s e c e i p


1. ആ

തൊണ്ട പൊട്ടുമാറുച്ചത്തില്‍
കൂവി വിളിക്കുന്നുണ്ട്
ശ്വാസം കഴിക്കാനും സാവകാശമില്ലെന്ന പോല്‍
വര്‍ത്തമാനം പറയുന്നുണ്ട്

ജനലരികിലിരുന്ന് നേരം ഇരുളുവോളം,
പിന്നെ പുലരുവോളം
ഉറക്കെ ചിന്തിക്കുന്നുണ്ട്
ഇതൊന്നുമല്ല വാസ്തവം;
മറ്റെന്തൊക്കെയോ ആണെന്ന മട്ടില്‍
ഓരോരോ കാര്യങ്ങള്‍ ചെയ്തു കൂട്ടുന്നുണ്ട്

പകലുകളുടെ മരുഭൂവുകള്‍
പച്ചപ്പുകളാക്കാനൊരു മൂളിപ്പാട്ട്,
രാവുകളുടെ ചാരപ്പുഴ
മുറിച്ചു കടക്കാനൊരു കൊതുമ്പുവള്ളം
ആരുമറിയാതൊളിപ്പിച്ചു വെക്കുന്നുണ്ട്

*

അതിജീവനത്തിന്റെ ഭാഷയില്‍
അ/അമ്മ, ഇ/ഇല എന്നിങ്ങനെയുണ്ടാവുമോ
അക്ഷരങ്ങളും, അവ ചേര്‍ന്ന വാക്കുകളും?
അതെന്താകിലും
പാറക്കല്ലുകള്‍ക്കടിയില്‍ അമര്‍ന്നു പോവുമ്പോഴും
ആയാ‍സപ്പെട്ടൊരു ജീവശ്വാസം ബാക്കിയാവുന്നത്
സ്വപ്നമെന്ന് ആ ലിപിയറിയാ ഭാഷയില്‍
കുറിച്ചു വെക്കാന്‍ വേണ്ടിയാവും.

2. ഇതിങ്ങനെ തന്നെയാണെന്ന്
പ്രസ്താവിക്കുന്ന പൂര്‍‌ണവിരാമങ്ങളായിരുന്നു
ചുറ്റിലും പരന്നു കിടന്നത്.
ആശ്‌ചര്യ ചിഹ്നമായ്
ജീവിക്കണമെന്ന സ്വപ്നത്തിലേക്കാണ്
അവരെയെല്ലാം കൂട്ടു വിളിച്ചത്
തലകീഴായ് തൂങ്ങി നില്‍ക്കാനാവില്ല
ഞങ്ങള്‍ക്കെന്ന് മറുപടി.
അങ്ങോട്ടുമിങ്ങോട്ടും
പിടിവലിയായി
അങ്ങനെയാണ്
ചോദ്യ ചിഹ്നം പോലെ
വളഞ്ഞൊടിഞ്ഞു പോയത്.

-ചോദ്യ ചിഹ്നങ്ങളുടെ കെട്ടും ചുമന്ന് ഇരുമ്പു പണിക്കാരന്റെ ആലയില്‍
ഊഴും കാത്തിരിക്കുമ്പോള്‍ എഴുതുന്നത്
-

3. സന്തോഷങ്ങളില്‍ പമ്മിപ്പതുമ്മി
കയറിക്കൂടുന്ന സങ്കടങ്ങളെയും
സങ്കടങ്ങളില്‍  ആരും കാണാതെ
ഒളിച്ചു കഴിയുന്ന സന്തോഷങ്ങളെയും
വലിച്ചു പുറത്തിട്ട്
എണ്ണ തടവി മിനുക്കിയ ചൂരലാല്‍ രണ്ടു പൊട്ടിച്ച്
കള്ളത്തരങ്ങള്‍ക്ക് മാപ്പു പറയിച്ചിട്ടു വേണം
രണ്ടിന്റെയും
ഒറിജിനല്‍ സാമ്പിളുകളുടെ
സ്പെക്ട്രം രേഖപ്പെടുത്തി വയ്ക്കാന്‍.

-സങ്കടം വരുമ്പോള്‍ ചിരിക്കാനും
സന്തോഷം വരുമ്പോള്‍ കരയാനും തോന്നുന്നത്
അവയെത്തമ്മില്‍  നേരാം വണ്ണം
തിരിച്ചറിയാന്‍ വയ്യാതെ പോകുന്നതുകൊണ്ടാണോ എന്ന ആശങ്കയെ
രസതന്ത്ര ശാസ്ത്രജ്ഞന്മാരുടെ രീതിയില്‍ത്തന്നെ
പരിഹരിക്കാനാവുമോ എന്ന് ശ്രമിക്കുന്നതില്‍
തെറ്റൊന്നുമില്ല എന്ന്
നിങ്ങളും സമ്മതിക്കും എന്നതിനാല്‍........
-

0 comments: