സൂര്യാഘാതം
രണ്ടാഴ്ചയായി അത്യുഷ്ണമായിരുന്നു
(വേനല്‍ മഴയുടെ മുന്നോടിയാണെന്ന്
ഇവിടെയും).
അതിലൊരു ദിവസം,
ഒന്നാം അവതാരത്തിന്റെ കഥ
പൊള്ളുന്ന വെയിലത്ത്
ഉറക്കെ വായിച്ചു കൊണ്ടു പോയ വഴിക്കായിരുന്നു
ആദ്യത്തെ സൂര്യാഘാതം.
കഥയിലെ നായിക
ഒരു നൊടിയില്‍ തീ പോല്‍ പഴുക്കുകയും
അടുത്തതില്‍
മഞ്ഞു പോല്‍ മരവിക്കുകയും ചെയ്യുന്നവള്‍.
പകല്‍ മുഴുവന്‍ ചിരിച്ച്,
രാത്രി മുഴുവന്‍ കരയുന്നവള്‍
(മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്ന
സൌന്ദര്യ സംരക്ഷണ സൂത്രങ്ങള്‍ക്ക്
കുറയ്ക്കാനാവാത്തതെന്താണാ
കണ്‍തടങ്ങളിലെ കറുപ്പ്?)
വേനലായിട്ടും
നിന്റെ കൈവിരലുകള്‍
മഞ്ഞില്‍ മരിച്ചതുപോല്‍ വിളറിയിരിക്കുന്നല്ലോ
എന്ന് വായിച്ചു തീരും മുന്‍പ്
പൊള്ളി,
നിന്റെ ദേഷ്യം പോല്‍ ചുവന്നു തിണര്‍ത്തു,
കൈകള്‍.
രണ്ടാമത്തേത്,
ശൈത്യം പോയതറിയാതെ
കൊഴിച്ചു കളഞ്ഞ ഇലകളെ പുതുക്കാന്‍ മറന്ന മരച്ചുവട്ടില്‍
പണ്ടത്തെ കണക്ക് പുസ്തകത്തിലെ
'എ യോഗം ബി'എന്ന് വരച്ച വരകള്‍
അതിരു കടന്ന്
ശൂന്യഗണത്തിലെത്തുന്നതും നോക്കി
ദിവാസ്വപ്നം കണ്ടു കിടന്ന,
പനി ബാധിച്ച ഞായറോര്‍മ്മകളെ
വെള്ളിയാഴ്ചകളില്‍
മരുന്നു കൊടുത്തുറക്കുന്ന,
രണ്ടാമത്തെ അവതാര ജന്മത്തിലായിരുന്നു.
മരത്തിന്
ഇലകള്‍ ഉണ്ടായിരുന്നില്ലല്ലോ
പിന്നെങ്ങനെയാണ് പൊള്ളാതിരിക്കുക?
.
നിനച്ചിരിക്കാതെ,
ഇന്ന് മഴ.
ഓടിപ്പോയി മുറ്റത്ത് നിന്നു.
കൈയിലുണ്ടായിരുന്ന,
ഗ്രീന്‍ ഡേ വരികള്‍ കുറിച്ച കടലാസ്
നനഞ്ഞ് കുതിര്‍ന്ന് ചിരിച്ചു.
പോട്ടെ,
മഴയല്ലേ;
വേനല്‍ മഴയല്ലേയെന്ന്
തിരികെ കണ്ണിറുക്കി, ഞാനും.
..
സൂര്യാഘാതങ്ങളെ
വേനല്‍മഴ
സുഖപ്പെടുത്തുമോ എന്നാണ്
വാല്‍ക്കഷണം.
3 comments:
വരി-
മുറി,
പി
ന്നെ
യും.
നിന്റെ കണ്ണിറുക്ക്ല് ചിലപ്പോള്‍ സൂര്യാഘാതത്തെ സുഖപ്പെടുത്തിയേക്കും!
"നീണ്ട" യാത്രയായതുകൊണ്ടാവുമോ ??
Post a Comment