കുളം
ഒഴുക്കില്ലാതെ
അങ്ങനെ തന്നെ
തുടര്‍ന്നു പോവുന്നുണ്ടതിന്‍ ജീവിതം.
തണുപ്പുകാലത്തിന്റെ പകലുകള്‍ക്കു മീതെ
യുദ്ധവിമാനങ്ങള്‍
ഇടക്കിടെ
പറക്കുന്നുണ്ടെന്നതൊഴിച്ചാല്‍.
കുറച്ചകലെ,
കുറച്ചു മാത്രമകലെ
ഒരു കടലുണ്ടെന്നാണോ
അവ മൂളിപ്പാടുന്നതെന്നോര്‍ത്ത്
വെറുതെ കണ്ണടച്ച്
കടലിരമ്പം
സ്വപ്നം കാണുന്നുണ്ടെന്നതൊഴിച്ചാല്‍.
ഇക്കൊല്ലം മഴയേ ഉണ്ടാവില്ലെന്ന്
വരണ്ട ശീതക്കാറ്റ്
ഓര്‍മ്മിപ്പിക്കുന്നേരമെല്ലാം
വരും വേനല്‍ താണ്ടുമോയെന്ന്
ആധിപിടിക്കുന്നതൊഴിച്ചാല്‍.
അങ്ങനെ തന്നെ
തുടര്‍ന്നു പോവുന്നുണ്ട്;
അങ്ങനെ തന്നെ.
4 comments:
കുളം പോലെ നിശ്ചലം ജീവിതം, കടലിരമ്പത്തിനു കാതോർത്ത്, വേനലിൽ വറ്റിപ്പോകുമോ എന്ന് ഉൽക്കണ്ഠപ്പെട്ട് ... നന്നായി മൂഡിന്റെ വാക്കുകളിലേക്കുള്ള പരാവർത്തനം!
അങ്ങനെ തന്നെ
തുടര്‍ന്നു പോവുന്നുണ്ട്;
അങ്ങനെ തന്നെ.
വരണ്ടു പോവുന്നത്ര ഏകാന്തം
കുളത്തിന്റെ ജീവിതം.
മഴയേ വരാനില്ലെന്നും
കടലേ അരികിലില്ലെന്നും
ഉറപ്പുള്ളപ്പോഴും
മഴയേ, കടലേ എന്ന
സ്വപ്നം കൊണ്ട് മാത്രമേ
മുറിച്ചു കടക്കാനാവൂ
വരും വേനലിന്റെ മൂര്‍ച്ചകള്‍.
അങ്ങനെ തന്നെ!
Post a Comment