ജലം
അപ്പോഴും
നിര്‍ത്താതെ കഥ പറയുന്ന
അരുവിയുണ്ട്;
മഴയൊഴിയവേ
മാഞ്ഞുപോകുന്നത്.
ഉണ്ടായിരുന്നെന്ന് പറയാന്‍
ഒരു ചെടിയുടെ
ഓര്‍മ്മയില്‍ പോലും
ഒരു വരിയും കുറിക്കാത്തത്.
ഇന്നലെകളും നാളെകളും ഇല്ലാത്തത്.
ഒരിടത്തു മരിച്ച്
ഇനിയൊരിടത്ത്
പുനര്‍ജനിച്ചിട്ടുണ്ടാവും
ചിലപ്പോള്‍.
*
ദിവസവും വന്ന്
കുശലം പറഞ്ഞു പോകുന്ന നദിയുണ്ട്;
ഇന്നെന്താണെന്നു ചോദിച്ച്,
അല്പനേരം സ്നേഹം പങ്കുവെച്ച്,
നാളെ കാണാമെന്നു യാത്രപറഞ്ഞ്,
അങ്ങനെ.
നാളുകള്‍ പോകെ, മെലിഞ്ഞു തുലഞ്ഞ്
അലഞ്ഞിടമാകെ
പടര്‍ന്നിടമാകെ
കളകള്‍ വന്ന് മൂടിപ്പോകുമ്പോള്‍
പണ്ടിവിടെ ഉണ്ടായിരുന്നതല്ലേയെന്ന്
ഓര്‍ത്തോര്‍ത്ത് തലയാട്ടുമായിരിക്കും
പുഴ നനവില്‍ വേരു പടര്‍ത്തിയിരുന്ന
ഏതോ മരം.
**
ഓളങ്ങളിളക്കാന്‍ മടിക്കുന്ന
കടലുണ്ട്;
അന്തമില്ലാത്ത ആഴം
ശാന്തതയുടെ പുഞ്ചിരിയില്‍ ഒളിപ്പിച്ച്,
അടിത്തട്ടിലെ
യുദ്ധങ്ങളുടെ ശബ്ദങ്ങള്‍ കേള്‍പ്പിക്കാതെ
നേര്‍ത്ത തിരകളാല്‍
മിണ്ടിയും പറഞ്ഞും.
വര്‍ഷങ്ങളെന്നോ ദിവസങ്ങളെന്നോ എണ്ണുന്ന ദിനങ്ങള്‍ പോകെ
മാന്ത്രികന്റെ വടി ചുഴറ്റലില്‍ മാഞ്ഞു പോകുന്ന പ്രാപ്പിടയെപ്പോല്‍
പെട്ടെന്നൊരു ദിനം
കാണാതായിപ്പോകുന്നു
ആഴം പറഞ്ഞ കടലും.
***
എങ്കിലുമെങ്കിലും
എന്റെ പുഴയേ
എന്റെ അരുവിയേ, കടലേ...
നിന്നെ വറ്റിക്കാന്‍ വരം ചോദിച്ചിരുന്നില്ലെന്ന്
ആരോടും പറയില്ല ഭൂമി;
കരയല്ലേ കണ്ണേയെന്ന്
നെറുകില്‍ ചുംബിക്കുന്ന
നീലാകാശത്തോടു പോലും.
-കല്ലെന്നോ മണ്ണെന്നോ
അല്ലാതെ
എങ്ങനെയാണ് ഭൂമിയെ വായിച്ചെടുക്കുകയെന്ന്
അതിനും ഒരു പക്ഷേ
അറിയുന്നുണ്ടാവില്ല എന്നിരിക്കെ-
**
ഇനിയൊരു നാള്‍,
മറ്റൊരു ഭൂമിയില്‍ നിന്നും
നീയുണ്ടായിരുന്നോ
എന്നന്വേഷിച്ചു വരുമായിരിക്കുമോ
നടപ്പുറക്കാത്ത യന്ത്ര മനുഷ്യര്‍,
ബാക്കി വെച്ച അടയാളങ്ങളെ
കളങ്കങ്ങളെന്ന്
വിവര്‍ത്തനം ചെയ്യുമായിരിക്കുമോ?
ഇല്ലാതായിപ്പോയ ഏതോ നനവുകളെ
ജലമെന്ന് പേരു വിളിക്കുമായിരിക്കുമോ?
*
3 comments:
പൊടിയടിക്കാന്‍ വന്നെന്നേയുള്ളൂ :|
ഇഷ്ടായി വരികള്‍..
ഇനിയിടക്ക് ഇവിടത്തെ മാറാല തൂക്കാന്‍ വന്നില്ലെങ്കിലാണു.:)
ഇല്ലാതായിപ്പോയ ഏതോ നനവുകളെ
ജലമെന്ന് പേരു വിളിക്കുമായിരിക്കുമോ....
ഇഷ്ടായി ... :)
Post a Comment