മഞ്ഞ
‘വെയിലു തിന്ന് പഴുത്തുപോയ പച്ചയ്ക്കും
ചോര വാര്‍ന്ന്‍
മരിക്കാറായ ചുവപ്പിനുമാണോ
മഞ്ഞയെന്നു പേരെ’ന്ന്
മഞ്ഞയെ അരികിലടുപ്പിക്കാതെ
വെളുപ്പിലും കറുപ്പിലുമായി
ആശ്‌ചര്യപ്പെടാന്‍ പറ്റുക
(അമ്മട്ടില്‍ കാല്‍ക്കാശിനു കൊള്ളാത്ത
മഞ്ഞിച്ച ചില ഉപമകള്‍ കല്‍പ്പിച്ചുകൂട്ടാനും)
ഇവിടെ മാത്രമാണെന്ന്
തോന്നും ചിലപ്പോള്‍.
ആ നേരത്ത്
-പത്തു കൊല്ലം മുന്‍പത്തെ-
പഴുത്തു പോയ പച്ചിലകള്‍
തിരിഞ്ഞു നോക്കാത്തൊരു ആട്
പച്ച പ്ലാവിലയാണ് ഏറെ പ്രിയമെന്ന ഭാവത്തില്‍
മഞ്ഞയില്‍ കാപ്പിക്കളര്‍ വരയുള്ള കൃഷ്ണമണികളോടു കൂടിയ കണ്ണുകള്‍
അടച്ചു തുറക്കുന്നത്
ശ്രദ്ധിക്കാന്‍ മെനക്കെടാത്തത്
മഞ്ഞയോടുള്ള ഇഷ്ടക്കേടു കൊണ്ടൊന്നുമല്ലെന്ന് പറഞ്ഞാല്‍
വിശ്വസിക്കുമായിരിക്കും അല്ലേ?
സത്യമാണെന്ന് ആണയിടുക കൂടി ചെയ്യുന്ന പക്ഷം
നിങ്ങള്‍ക്ക് വേറെ മാര്‍ഗ്ഗമെന്താണ്?
പഴയ പത്രക്കടലാസുകള്‍, കത്തുകള്‍
അച്ഛന്റെ തോളിലിരുന്ന് ഉറക്കെക്കരയുന്ന മൂന്നു വയസ്സുകാരിയുടെ ചിത്രം
ചുളിവുകള്‍ വീണ ഒരു മുഖം
അലമാരകള്‍ നിറഞ്ഞ പാഠ പുസ്തകങ്ങള്‍
അനുസരണക്കേടിന് ഓങ്ങിപ്പേടിപ്പിക്കാനുള്ള
ഉണങ്ങിയ ഈര്‍ക്കില്‍ കഷണം,
എണ്ണമില്ലാത്ത എന്തൊക്കെയോ...
എല്ലാം മഞ്ഞയില്‍,
നിറഞ്ഞൊരു വീട്.
വീടുകള്‍ എന്നാല്‍ ആളുകള്‍ എന്നോ
അതല്ല
ആളുകള്‍ എന്നാല്‍ വീടുകള്‍ എന്നോ
ആണെങ്കില്‍
പഴയ സാധനങ്ങള്‍ ഉപേക്ഷിച്ചു കളയാത്ത വീടുകള്‍ക്കെല്ലാം,
ആളുകള്‍ക്കെല്ലാം,
മഞ്ഞനിറമാവുകയും
അങ്ങനെ
മഞ്ഞ ഗ്രാമവും
മഞ്ഞ സംസ്ഥാനവും
മഞ്ഞ രാജ്യവും ഉണ്ടാവുകയും ചെയ്യുമല്ലോ എന്ന്
വെറുതേ
ആലോചിച്ചിരിക്കുകയായിരുന്നു
അപ്പോഴാണ്
പച്ചയുടെ രണ്ടു ഷേഡുകള്‍;
കടുപ്പം കൂടിയതും കുറഞ്ഞതും
രണ്ടു പാളിയടിച്ചാല്‍ മാത്രം മതി,
കുട്ടപ്പനാക്കിത്തരാം വീടിനെയെന്ന്
റബറു വെട്ടാന്‍ വരുന്ന
പാക്കരേട്ടന്‍
(വീട് എന്നത്
പ്രലോഭനങ്ങളില്‍ വീണു പോകരുതാത്ത ഒന്നാണെന്ന്
ആരെങ്കിലും പറഞ്ഞിട്ടുണ്ടോ,
അഥവാ
ഉണ്ടെങ്കിലും ഒരു ചുക്കുമില്ല)
നേരം ഉച്ചയാകാറായി
വെയിലു കൊണ്ട്
പഴുത്തു തുടങ്ങുന്ന പച്ചിലകള്‍
പടിമേല്‍ കാത്തിരിക്കുന്നു,
വേഗം വന്നാട്ടെ.
പ്രലോഭനങ്ങളില്‍ വീണു പോവുക
നല്ല കാര്യമല്ലെങ്കിലും
പച്ചിലകള്‍ സമം ആളുകള്‍ സമം വീടുകള്‍
എന്നത് ഇനി ചേരാത്തൊരു ഉപമയാകിലും
വേണ്ടെന്ന് പറയാനാകുമോ
പച്ച വീട്,
പച്ച ഗ്രാമം,
.....
പച്ച,
ജീവന്‍.
--
കൂട്ടിച്ചേര്‍പ്പ്: ഈ നേരമെല്ലാം
പട്ടിണി കിടന്നതിനാല്‍
ചോര വാര്‍ന്ന്‍
മരിക്കാറായ ചുവപ്പ് എന്ന ഉപമ
ആദ്യ ഖണ്ഡികയില്‍ നിന്ന്
ഊര്‍ന്ന്
രക്ഷപ്പെട്ടു പോയി.
ആ,
അത്രയെങ്കിലുമാകട്ടെ.
11 comments:
ഞാനല്ല.
നന്ദാ നല്ല കവിത ആശംസകള്‍
പച്ച കഴിഞ്ഞല്ല മഞ്ഞ
പച്ച പിടിക്കാതാവുമ്പോഴാണ്
മഞ്ഞയാവുന്നത്.
കൊള്ളാം ഈ മഞ്ഞക്കവിത....!
എന്റെ കണ്ണ് മഞ്ഞ ആയി പോയി
നന്നായി നന്ദ, വീടിന്റെ പലോഭനത്തില്‍ വീഴാതെയിരിക്കാന്‍ നാം ബുദ്ധനൊന്നുമല്ലല്ലോ!
നല്ല ഭാവനകൾ, ആശ്ചര്യകരമായ വഴിത്തിരിവുകൾ, തനതായ പെയ്യൽ...ആശംസകൾ
വായിച്ചവര്‍ക്കെല്ലാം നന്ദി.
എന്റെ ബ്ലോഗില്‍ കയറിയിറങ്ങിയത് കണ്ടപ്പോള്‍ ഒന്നിവിടെ വരെ വന്നു പോകാം എന്ന് കരുതി വന്നതായിരുന്നു. പണ്ട് പണ്ട് എഴുതിയ ഒരു കവിതയുടെ രണ്ടു വരികള്‍ ഓര്‍മ്മ വന്നു പോയി...
ചുവപ്പില് പ്രണയമെന്നും
മഞ്ഞയില്‍ സൌഹൃദമെന്നും
അലറി കരയുന്ന ഗ്രീട്ടിങ്ങുകള്‍
ഞാനെന്തേ ഓറന്ചില്‍ തിരയുന്നത്?
ഭാവുകങ്ങള്‍ :)
നല്ല കവിത ആശംസകള്‍.
ഉണ്ടായിരുന്നെന്ന് പറയാന്‍
ഒരു ചെടിയുടെ
ഓര്‍മ്മയില്‍ പോലും
ഒരു വരിയും കുറിക്കാത്തത്.
ഇന്നലെകളും നാളെകളും ഇല്ലാത്തത്.
ഒരിടത്തു മരിച്ച്
ഇനിയൊരിടത്ത്
പുനര്‍ജനിച്ചിട്ടുണ്ടാവും
ചിലപ്പോള്‍.
good.
Post a Comment