Saturday, May 1, 2010

നടക്കാനിറങ്ങിയതാണ്

നിമിഷങ്ങളോരോന്നും യുഗങ്ങളാകുന്ന
വാരാന്ത്യ അവധിയില്‍,
പോകാനിനിയും മടിച്ചു നില്‍ക്കുന്ന
തണുപ്പു പുതച്ച സന്ധ്യയില്‍
വെറുതെ നടക്കാനിറങ്ങിയതാണ്

കാല്‍പ്പാടുകള്‍ അവശേഷിപ്പിക്കാതെ
ആരൊക്കെയോ നടന്നു പോയ
വഴിയരികിലെ പൊന്തകളില്‍
ഒളിച്ചു കളിക്കുന്നു പൂച്ചക്കുഞ്ഞുങ്ങള്‍
അവയുടെ കുറുങ്ങലില്‍ പക്ഷേ
എന്റെ പുതപ്പിനടിയില്‍
പണ്ട് താമസമാക്കിയിരുന്നവളുടേതു പോലെ സംഗീതമില്ല
പോട്ടെ,
പൂച്ചകള്‍ ഒരു വര്‍ഗ്ഗമാണെങ്കിലും
എല്ലാം ഒരുപോലെ കുറുങ്ങണമെന്നും സ്നേഹിക്കണമെന്നുമില്ലല്ലോ

കവലകളില്‍
പാതിമയങ്ങിയ കണ്ണുകളുള്ള ചെറുപ്പക്കാര്‍
എല്ലാവരും എന്താണിങ്ങനെ
ഒരേ അച്ചില്‍ വാര്‍ത്ത പോലെ എന്നോര്‍ത്തു
ഉച്ച മയക്കത്തില്‍ അവരുടെ സ്വപ്നങ്ങളില്‍
ഏതോ ഒരുവള്‍ വന്ന്
മയക്കു മരുന്ന്‍ കുത്തി വെച്ചു പോലും
(അവള്‍ നിന്റെ സഹായിയാവും, എനിക്കറിയാം)
ഈ മത്ത് ഇറങ്ങാന്‍ മോരു കുടിപ്പിച്ചാല്‍ പോരല്ലോ
എന്നോര്‍ത്ത് പിന്നെയും നടക്കുകയല്ലാതെ എന്തു ചെയ്യും

പാര്‍ക്കു ബെഞ്ചുകളില്‍
നിന്റെ കഥകളിലെ നായികമാര്‍
മുന്‍പൊന്നും കണ്ടിട്ടില്ലാത്തത്ര സന്തോഷത്തില്‍
അവരുടെ മുഖം തിളങ്ങുന്നു
വിജനതകളില്‍ നിന്ന്
ചില അക്ഷരങ്ങള്‍ മാത്രം മായ്ച്ചു കളയുന്ന സൂത്രം
അവര്‍ക്ക് എവിടുന്നാണോ കിട്ടിയത്!
ചോദിച്ചിട്ടു തന്നെ കാര്യമെന്നു കരുതി അങ്ങോട്ടു നടക്കാനൊരുങ്ങുമ്പോ
ചുവന്ന പരവതാനിയില്‍ പറന്നിറങ്ങിയ
മുഖം മറച്ച ഒരുവന്‍
അവരെയെല്ലാം വിളിച്ച് കൂടെക്കൊണ്ടു പോകുന്നു

അസൂയ കൊണ്ട് ഞാന്‍ കത്തിപ്പോയപ്പോള്‍
മറവിടം തന്ന മരത്തിന്റെ ചില്ലകള്‍ പറയുന്നു;
തണുപ്പാണ്
കുറച്ചു നേരം കൂടെ ഇവിടെ നില്‍ക്കൂ എന്ന്
കള്ള മരമേ
വെട്ടി തീയിലിട്ടു കളയുമേ ഞാന്‍

14 comments:

Mohamed Salahudheen May 1, 2010 at 8:24 PM  

അനിര് വചനീയം

എന്‍.ബി.സുരേഷ് May 1, 2010 at 11:26 PM  

ജീവിതമേ എത്ര നടന്നാല്‍ തീരും
ഏതു സന്ധ്യയില്‍, ഏതു പ്രഭാതത്തില്‍?
ആരൊക്കെയാണ് കാഴ്ചയില്‍
നമ്മുടേതായി എന്തൊക്കെ?
അല്ല ആരാ ഈ നമ്മള്‍.

ഹൊ! എങ്ങനെയറിഞ്ഞു
ജീവിതത്തില്‍ ഏകാന്തതയില്‍
ഓരോ മനുഷ്യനും ഇങ്ങനെയാണെന്ന്?

poor-me/പാവം-ഞാന്‍ May 2, 2010 at 6:48 AM  

നടക്കാന്‍ ഇരങിയവറെക്കുറിച്ച് ഞാനും ചിന്തിച്ചു ഒരു പോസ്റ്റിട്ടു.കവിതയല്ല.ലേഖനം.അപ്പോല്‍ മനപ്പൊരുത്തമുണ്ട് ചിന്തകളില്‍.

Rare Rose May 2, 2010 at 12:18 PM  

നന്ദേ.,ഒരുപാടിഷ്ടായി വരികള്‍..
അസൂയ കൊണ്ട് ഞാനും കത്തിപ്പോവുംട്ടോ.ഇങ്ങനെയെഴുതി വല്ലാതെ കൊതിപ്പിച്ചാല്‍..:)

Manoraj May 2, 2010 at 2:19 PM  

നന്ദ,
വരികൾ ഇഷ്ടമായി.. ഇനിയും വരാം..

jayanEvoor May 2, 2010 at 4:03 PM  

നല്ല എഴുത്ത്.
ഇഷ്ടപ്പെട്ടു, നന്ദ...

മാണിക്യം May 2, 2010 at 11:27 PM  

"ചുവന്ന പരവതാനിയില്‍
പറന്നിറങ്ങിയ മുഖം മറച്ച ഒരുവന്‍
അവരെയെല്ലാം വിളിച്ച് കൂടെക്കൊണ്ടു പോകുന്നു.."
അവ്നേയും കൂടി വെട്ടി തീയിലിട്ടു ചുട്ട്കളയാം

നന്ദ May 7, 2010 at 3:40 AM  

വായിച്ചവര്‍ക്കെല്ലാം നന്ദി, സ്നേഹം.

ഒഴാക്കന്‍. May 13, 2010 at 7:03 PM  

കവിത കൊള്ളാമല്ലോ !

RAHUL AR May 24, 2010 at 10:17 PM  

ചേച്ചി,
നല്ല വരികള്‍..

ഉപാസന || Upasana May 27, 2010 at 8:32 PM  

അസൂയ കൊണ്ട് ഞാന്‍ കത്തിപ്പോയപ്പോള്‍
മറവിടം തന്ന മരത്തിന്റെ ചില്ലകള്‍ പറയുന്നു;
തണുപ്പാണ്
കുറച്ചു നേരം കൂടെ ഇവിടെ നില്‍ക്കൂ എന്ന്
കള്ള മരമേ
വെട്ടി തീയിലിട്ടു കളയുമേ ഞാന്‍


നല്ല റേഞ്ച്. എനിക്കു മുഴുവന്‍ മനസ്സിലായില്ലെങ്കിലും
;-)
ഉപാസന

ശ്രീനാഥന്‍ May 31, 2010 at 11:22 AM  

കവിത കാലഹരണപ്പെടാതിരിക്കാനുള്ള ഒരു സൂത്രമാണ്. നന്ദ അതിന്റെ തണുപ്പും തണലും അറിഞ്ഞയാളാണ്. എഴുതി എഴുതി നിറയുക!!

Jishad Cronic June 22, 2010 at 11:51 AM  

കൊള്ളാം....

RVR Stories July 10, 2010 at 9:59 PM  

my New story Released.................

കരണത്ത് കിട്ടിയ ഒരടി...!!
ഈ അടി നേരത്തെ കിട്ടിയിരുന്നേല്‍ ഞാന്‍ ഒരുപക്ഷെ കുറെക്കൂടെ നേരത്തെ കാര്യങ്ങള്‍ തിരിച്ചറിയുമായിരുന്നു..
http://rahul-mystories.blogspot.com/?spref=gb

Welcomes your valuable comments.....