Thursday, April 8, 2010

ആദ്യത്തെ കവിത

നല്ല കവിതകള്‍
കനം കൂടിയ ഭ്രാന്തുകളാണ്;
കണ്ണും കാതുമെത്താത്തിടങ്ങളെക്കുറിച്ച്
കൊതികളുടെ ചില രേഖാചിത്രങ്ങള്‍.
മുകളില്‍ നിന്ന് അവയുടെ അടരുകള്‍
താഴെ ഞാന്‍ നില്‍ക്കുന്നയിടത്തേക്ക്
പൊട്ടും പൊടിയുമായ് വീഴുന്നു
ത്രില്ലര്‍ പടങ്ങളുടെ ട്രയിലറുകള്‍ പോലെ,
ചിത്രം കാട്ടിത്തരാതെ കൊതിപ്പിച്ച്
അവിടെത്തന്നെ നിര്‍ത്തുന്നു
കണ്ണില്‍
പൊടിയും പുകയും പെയ്യുന്നുണ്ടെങ്കിലും ഇളക്കമില്ല.
ഒരു വട്ടം
അത് നീട്ടിത്തരുന്ന ഊഞ്ഞാല്‍ വള്ളിയിലൂടെ
ഉയരങ്ങളിലേക്ക്
കയറിപ്പോകാനായെങ്കില്‍ എന്ന ആശയിലാവണം,
ഇപ്പോഴും (എന്നത്തെയുംപോലെ)
കണ്ണുനട്ട് കാത്തു നില്‍ക്കുന്നത്.

അവിടേക്കുള്ള പടവുകള്‍ എങ്ങനെയാവും?
പരുപരുത്ത പാറപോലെയാവുമെങ്കില്‍
പിടിച്ചു കയറാന്‍ എളുപ്പമായേനെ.
ആവില്ല;
കുളിരുന്ന തണുപ്പ്‍,
ഈര്‍പ്പത്തിന്‍ നനവ് ഒക്കെയാണല്ലോ
കണ്ടപ്പോഴും തൊട്ടപ്പോഴും അറിഞ്ഞത്.
വഴുക്കല്‍
അതു തന്നെയാവണം
ഓരോ അടരിലും.

താഴെവീണുപോകുമോ എന്ന പ്രാണഭയമില്ലാതെ
ഒരിക്കല്‍
വഴുക്കലുകളെ അതിജീവിച്ച്
കയറിപ്പോകാന്‍ കഴിയുമായിരിക്കും.
മുകളില്‍ നിന്ന് നോക്കവേ
നീയുള്ളയിടം കാണാന്‍ കഴിയുമോ?
നീലമലകള്‍, വെണ്‍‌‌മേഘങ്ങള്‍,
സന്തോഷത്താല്‍ പ്രകാശിതമായ
നിന്റെ മുഖം.
അന്ന് ഞാന്‍എഴുതുമായിരിക്കും
ആദ്യത്തെ കവിത.

10 comments:

പട്ടേപ്പാടം റാംജി April 8, 2010 at 10:48 PM  

വഴുക്കലുകളെ അതിജീവിച്ച്
കയറിപ്പോകാന്‍ കഴിയുമായിരിക്കും.

തീര്‍ച്ചയായും.
വരികള്‍ കൊള്ളാം.

വല്യമ്മായി April 9, 2010 at 11:27 PM  

മുകളില്‍ നിന്ന് അവയുടെ അടരുകള്‍
താഴെ ഞാന്‍ നില്‍ക്കുന്നയിടത്തേക്ക്
പൊട്ടും പൊടിയുമായ് വീഴുന്നു- :)
good lines

ഹന്‍ല്ലലത്ത് Hanllalath April 17, 2010 at 12:06 PM  

ഒരുപാടായി ഈ വഴി വന്നിട്ട്.
മനോഹരമായ കവിതകള്‍ക്ക് നന്ദി..
ഒരുപാട് നന്ദി.

lijeesh k April 21, 2010 at 4:58 PM  

നല്ല കവിത...
നല്ല വരികള്‍
ആശംസകള്‍...

Umesh Pilicode April 23, 2010 at 1:17 PM  

ആശംസകള്‍

ചേച്ചിപ്പെണ്ണ്‍ April 23, 2010 at 1:30 PM  

നീലമലകള്‍, വെണ്‍‌‌മേഘങ്ങള്‍,
സന്തോഷത്താല്‍ പ്രകാശിതമായ
നിന്റെ മുഖം.
അന്ന് ഞാന്‍എഴുതുമായിരിക്കും
ആദ്യത്തെ കവിത...
nanda...

എന്‍.ബി.സുരേഷ് April 24, 2010 at 11:32 PM  

ആത്മഹത്യാമുനമ്പില്‍നിന്നും എന്നെ വീണ്ടും വീണ്ടും പിന്‍ തിരിപ്പിക്കുന്നത് കവിതയെന്നു സ്റ്റീഫന്‍ സ്പെന്‍ഡര്‍.
കവിത പകരം നിങ്ങളുടെ ജീവിതം ആവശ്യപ്പെടുമെന്നു കുരീപ്പുഴ.

കവിതയില്‍ എന്റെ വസന്തവും ശിശിരവും പുഷ്പിക്കുന്നു.

നന്ദ April 28, 2010 at 8:24 PM  

എല്ലാര്‍ക്കും നന്ദി,
സ്നേഹം.

Jithendrakumar/ജിതേന്ദ്രകുമാര്‍ April 29, 2010 at 10:36 PM  

ഒരു വഴുക്കന്‍ പാറയിലൂടെ ബുദ്ധിമുട്ടിക്കയറി മുകളിലെത്തുമ്പോള്‍ കിട്ടുന്ന ആ രസം, ത്രില്ല്, പടവുകള്‍ കൊത്തിയിട്ട പാറയിലൂടെ എത്ര കേറിയാലും കിട്ടുമോ നന്ദ? ആ പാറയുടെ മുകളില്‍ എത്തുമ്പോള്‍, ആ മുഖം കാണുമ്പോള്‍, കയറ്റം ശരീരത്തിനേകിയ മുറിവുകള്‍ പോലും മധുരം ചുരത്തിയേക്കും. ഗുഡ്‌.

][ Rahul~ May 20, 2010 at 3:41 PM  

താഴെവീണുപോകുമോ എന്ന പ്രാണഭയമില്ലാതെ
ഒരിക്കല്‍
വഴുക്കലുകളെ അതിജീവിച്ച്
കയറിപ്പോകാന്‍ കഴിയുമായിരിക്കും.

സത്യം...!എപ്പോഴൊക്കെയോ ഞാനും ഇങ്ങനെ പിറുപിറുത്തിട്ടുണ്ട്‌....വരികള്‍ക്ക്‌ നന്ദി....