Sunday, September 27, 2009

മൂന്നാം നാള്‍

ഒരിക്കല്‍
ജീവപര്യന്ത വിധി കേട്ട്
തടവറയില്‍ കയറുന്നു
ഇനിയുമെത്ര നാളെന്ന്,
വിരസത
കഥയെഴുതിപ്പഠിച്ച ചുവരില്‍
ഒറ്റവരി ആവര്‍ത്തിക്കുന്നു

മറ്റൊരിക്കല്‍
തൂക്കിക്കൊല വിധിക്കപ്പെട്ട
കുറ്റവാളി.
ജീവിതമേ,
നിന്നെ പ്രേമിച്ച്
കൊതി തീര്‍ന്നില്ലിനിയുമെന്ന്
അത്താഴവറ്റില്‍
ഉപ്പുനീര്‍ തൂവുന്നു

.

മുറികളെ ചേര്‍ത്ത്
എത്ര തുരങ്കങ്ങളിട്ടു കൊടുത്തതാണ്!
അവരോ,
പാത‍യല്ല, അവയുടെ
മരണം പോല്‍ പിളര്‍ന്ന
വായ കണ്ട്
കണ്ണു ചിമ്മുന്നു

ആകാശത്തെയും
ഭൂമിയെയും പോല്‍
പരസ്പരം കണ്ടു കണ്ട്
താന്താങ്കളുടെ പായമേല്‍
ചുരുണ്ടുകിടക്കുന്നു

ഉയിര്‍ത്തെണീപ്പിന്റെ
മൂന്നാം നാള്‍
സ്വപ്‌നം കാണാനായി മാത്രം
കണ്ണുപൂട്ടാതുറങ്ങുന്നു.

3 comments:

ANITHA HARISH September 27, 2009 at 5:01 PM  

ഉയിര്‍ത്തെണീപ്പിന്റെ
മൂന്നാം നാള്‍
സ്വപ്‌നം കാണാനായി മാത്രം
കണ്ണുപൂട്ടാതുറങ്ങുന്നു

Maranathilum Pratheekshayo?

നന്ദ September 27, 2009 at 5:22 PM  

:)

ചേച്ചിപ്പെണ്ണ്‍ October 5, 2009 at 9:49 AM  

എന്താണിത്ര നൊമ്പരം നിന്റെ വരികള്‍ക്ക് ?