അടരുകളായ
കാബേജ് ഇതളുകള്‍ക്കിടയില്‍
അടര്‍ത്തിയെടുക്കാനാവാത്ത ജലം പോല്‍
പറ്റിയിരിക്കുകയായിരുന്നു;
ആരുമറിയാതെ,
ആരും കാണാതെ.
‘ഇരിപ്പുവശം’
ശരിയല്ലാഞ്ഞിട്ടാവും
അതിശൈത്യ മേഖലയില്‍
പാളികളുടെ
ഈ കട്ടയാവല്‍.
നാളെയവള്‍
ഫ്രിഡ്ജില്‍ നിന്ന്
പുറത്തെടുക്കുമായിരിക്കും,
കേടായിപ്പോയില്ലെന്ന് ഉറപ്പാക്കാന്‍
അല്‍പ നേരം
ചൂടു വെള്ളത്തില്‍
മുക്കി വെക്കുമായിരിക്കും.
അവളുടെ കൈവേഗത്തില്‍ മുറിയും,
ആവശ്യത്തിലധികം വെള്ളവും
കൂട്ടുകളും ചേര്‍ന്നൊരു തിളയില്‍
അലിഞ്ഞ് ചേരും,
അടരില്ലെന്ന് ഉറച്ചിരുന്ന
ഓരോ അടരും.
അതങ്ങനെയാണ്.
അടുക്കളത്തളങ്ങളില്‍
അടുക്കി വെക്കപ്പെടുന്ന
രൂപകങ്ങള്‍ക്ക്
ഇതിലധികം
എന്ത് സാധിക്കുമെന്നാണ്,
അതിനി
ഓര്‍മ്മ, മറവി,
അല്ലെങ്കില്‍ ഞാന്‍,
പറ്റിയിരുന്നത്
എന്തു തന്നെ ആയാലും.
Saturday, October 31, 2009
Saturday, October 24, 2009
സന്തോഷം എന്ന ഒരു ദിവസം
സദാ സന്തോഷ(വാനായ)വതിയായ
ആരുടെയോ ഒരു ദിവസം
തന്റെ സ്വന്തമെന്ന് (അങ്ങനെ തന്നെയാവില്ലേ?)
കരുതുന്ന ഒന്നിനു മേല്‍
നിനച്ചിരിക്കാതെ വന്ന്
കയ്യേറ്റം നടത്തിയാല്‍
നിങ്ങള്‍ എന്താണ് ചെയ്യുക?
-
രാവിലെ വാതിലില്‍ മുട്ടിയപ്പോള്‍
കണ്ണില്‍ ഉറക്കമായിരുന്നതിനാലാവണം
ആരെന്ന് തിരിച്ചറിയാതെ
സല്‍ക്കരിച്ചിരുത്തിയത്.
ചുറ്റുമുള്ള സന്തോഷങ്ങളോട്
അരുതെന്ന്
പറഞ്ഞു ശീലിക്കാത്തതു കൊണ്ടു മാത്രമാവില്ല,
‘കുറച്ചിരുന്നോട്ടെ?’ എന്ന ചോദ്യത്തിന്
ചായയ്ക്ക് എത്ര മധുരമാണിഷ്‌ടമെന്ന്
തിളപ്പിച്ചാറ്റിയൊരു മറുചോദ്യം തന്നത്.
പതിവുള്ള സംഭാഷണങ്ങളില്‍
ശ്രദ്ധയോടെ പരിപാലിച്ചു പോരുന്ന
ശബ്‌ദ നിയന്ത്രണം
തെറ്റിക്കാന്‍ നോക്കിയതും
എഴുതിയ കത്തുകളില്‍ ഞാനറിയാതെ
സന്തോഷം തിരുകിക്കയറ്റിയതും
ആരുടെ ഗൂഢാലോചനയാലാണെന്ന്
നേരിട്ട് ചോദിച്ചില്ലെന്നേയുള്ളൂ
(നിന്നെയവര്‍ നോട്ടത്തിന്റെ ഭാഷ
പഠിപ്പിച്ചിട്ടുണ്ടാവില്ല).
ഒക്കെ ക്ഷമിച്ചു.
മുന്‍പ് കണ്ടിട്ടില്ലാത്തൊരു വഴിയമ്പലത്തിലേക്ക്
നടന്നു കയറിയ ആളെ
മറ്റാരോ തിരയുന്നുണ്ടാവുമെന്നതോ
'മടങ്ങി വരൂ' എന്ന്
പുരപ്പുറത്തു കയറി
പ്രക്ഷേപണം ചെയ്യാന്‍ കഴിയാതെ പോയൊരു
അടിയന്തര സന്ദേശം,
അടുപ്പിന്‍ കരയില്‍
ചൂടുകായുന്ന പൂച്ചക്കുഞ്ഞിനെപ്പോല്‍
കുറുകുന്നുണ്ടാവുമെന്നതോ ഒന്നുമല്ല.
ഇപ്പോള്‍ യാത്ര പറഞ്ഞിറങ്ങിയ ആളുമല്ല,
എപ്പോഴൊക്കെയോ ഇങ്ങനെ
ഒന്നും പറയാതെ
ഇറങ്ങിപ്പോകുന്ന ആളാണ്
എപ്പോഴും കുഴപ്പിക്കുന്നത്,
കണ്ണ് കഴപ്പിക്കുന്നത്.
പുലര്‍ച്ച മുതല്‍
ആരുടെ അരികില്‍
ആയിരുന്നിരിക്കുമെന്നാണ്!
അവളോ അവനോ
അതിന്റെ നേര്‍ക്ക്
രാവിലെ തന്നെ
വാതില്‍ കൊട്ടിയടച്ചിട്ടുണ്ടാവുമോ,
വെള്ളം പോലും കിട്ടാതെ
ഉച്ചനേരമെല്ലാം
പരവേശപ്പെട്ടു കാണുമോ,
നേരത്തെ നേരമിരുട്ടുമ്പോ
ദിശാസൂചകമില്ലാത്ത കവലകളിലെങ്ങാന്‍
വീട്ടിലേക്കുള്ള വഴിയറിയാതെ
പേടിച്ചു നില്‍ക്കുന്നുണ്ടാവുമോ
എന്നൊക്കെയാണ്.
തിരിച്ചെത്തുന്നതെപ്പോളെന്ന്
ഉറങ്ങാതെയൊരാള്‍
കാത്തിരിക്കുന്നുണ്ടെന്ന്
പോകും വഴി കണ്ടാല്‍,
ആരും കേള്‍ക്കാതെയൊന്ന്
പറഞ്ഞു കൊടുക്കണേ,
ആരാന്റെയീ ദിവസമേ!
Posted by നന്ദ at 5:30 AM 8 comments
Sunday, October 11, 2009
ചിലപ്പോള്‍
അതിലും മനോഹരമായൊരാകാശം
കൈവിരല്‍ത്തുമ്പ് നീട്ടി
തൊടാവുന്നത്ര
അടുത്തു വരുമായിരിക്കും
അതിലും സുന്ദരമായൊരു പൂവ്
വീട്ടിലേക്കുള്ള വഴിയരികില്‍
പുഞ്ചിരിച്ച്
നില്‍ക്കുമായിരിക്കും
അതിലും ചന്തമേറിയോരു മഴവില്ല്
ചെമ്മണ്‍ പാതകള്‍ അതിരിട്ട
പാടത്തിന്നക്കരെ
വിരിയുമായിരിക്കും
അതിലും നേര്‍ത്ത
നൂലിഴകളാലൊരു മഴ
വെയിലിനൊപ്പം വന്ന്
നനയിക്കുമായിരിക്കും
ഒരിക്കല്‍
നടന്നു പോന്ന വഴികള്‍,
തിരിഞ്ഞൊന്നു നോക്കുമ്പോള്‍
കാണാത്ത വണ്ണം
മാഞ്ഞുപോകുമോ?
ഇപ്പോള്‍,
തിരികെ നടക്കണമെന്ന്,
അന്നത്തെ
അതേ ആകാശം,
അന്നു വഴി വക്കില്‍ കണ്ട പൂവ്,
മഴയത്ത് കുടയായ മരം,
അതിനു തൊട്ടു മുന്‍പെ
ഒരിക്കല്‍ മാത്രം കണ്ട
അന്നത്തെ അതേ മഴവില്ല്..
എല്ലാമെല്ലാം
അതേപടി വേണമെന്ന്
മനസ്സ്
വാശി പിടിക്കുന്ന കുട്ടിയാകവേ
കിട്ടാനില്ല,
ടൈം മെഷീനെന്ന
തല്‍ക്കാലം,
ഒട്ടുമാവശ്യമില്ലാത്ത
സൂക്ഷ്‌മതയോടു കൂടിത്തന്നെ,
അങ്ങോട്ട് പറക്കാനുള്ള
പട്ടത്തിന്റെ
ചരട് മുറിക്കട്ടെ.
Posted by നന്ദ at 3:11 AM 13 comments
Labels: cliché
Sunday, October 4, 2009
amnesia
മറന്നെന്നു പറയാന്‍
നിനക്കുള്ള
മറക്കുന്നത്
എന്നെത്തന്നെയാണെന്ന്,
മരിക്കുന്നത്
ഞാന്‍ തന്നെയാണെന്ന്,
ആരോട്, എങ്ങനെയാണ്
പറയുക?
Posted by നന്ദ at 4:33 AM 2 comments
Friday, October 2, 2009
transformers
കഥകളെല്ലാം
ഒരുപോലെയായിരുന്നു
എ, ബിയെയും ബി, സിയെയും,
സി, ഡിയെയും..
അങ്ങനെയങ്ങനെ
എല്ലാ പ്രണയങ്ങളും
ത്രികോണങ്ങളോ ചതുരങ്ങളോ അതല്ല്ല്ല
പഞ്ചഭുജങ്ങളോ ആയി
കണക്കു പുസ്‌തകത്തില്‍ കയറി
അടയിരുന്നു
മാറിവന്ന കഥാകൃത്തുക്കളാല്‍,
ജ്യാമിതീരൂപങ്ങളുടെ ഒരു കോണില്‍ നിന്നും
മറ്റൊന്നിലേക്ക്
മാറ്റിയടിച്ച കുറ്റിയില്‍ തളയ്ക്കപ്പെട്ട്
ജീവിച്ച് മടുത്ത ഒരു സന്ധ്യയിലാണ്
അവള്‍ ഒരു വൃത്തമായി രൂപാന്തരപ്പട്ടത്
അവളെവിടെ തുടങ്ങുന്നു
എവിടെ അവസാനിക്കുന്നു എന്നറിയാതെ
കഥാകൃത്തുക്കള്‍
ഓട്ടത്തിലാണ്
(അവര്‍ക്ക് ഇത് തന്നെ വേണം!)
Posted by നന്ദ at 1:24 PM 6 comments