സന്തോഷം എന്ന ഒരു ദിവസം
സദാ സന്തോഷ(വാനായ)വതിയായ
ആരുടെയോ ഒരു ദിവസം
തന്റെ സ്വന്തമെന്ന് (അങ്ങനെ തന്നെയാവില്ലേ?)
കരുതുന്ന ഒന്നിനു മേല്‍
നിനച്ചിരിക്കാതെ വന്ന്
കയ്യേറ്റം നടത്തിയാല്‍
നിങ്ങള്‍ എന്താണ് ചെയ്യുക?
-
രാവിലെ വാതിലില്‍ മുട്ടിയപ്പോള്‍
കണ്ണില്‍ ഉറക്കമായിരുന്നതിനാലാവണം
ആരെന്ന് തിരിച്ചറിയാതെ
സല്‍ക്കരിച്ചിരുത്തിയത്.
ചുറ്റുമുള്ള സന്തോഷങ്ങളോട്
അരുതെന്ന്
പറഞ്ഞു ശീലിക്കാത്തതു കൊണ്ടു മാത്രമാവില്ല,
‘കുറച്ചിരുന്നോട്ടെ?’ എന്ന ചോദ്യത്തിന്
ചായയ്ക്ക് എത്ര മധുരമാണിഷ്‌ടമെന്ന്
തിളപ്പിച്ചാറ്റിയൊരു മറുചോദ്യം തന്നത്.
പതിവുള്ള സംഭാഷണങ്ങളില്‍
ശ്രദ്ധയോടെ പരിപാലിച്ചു പോരുന്ന
ശബ്‌ദ നിയന്ത്രണം
തെറ്റിക്കാന്‍ നോക്കിയതും
എഴുതിയ കത്തുകളില്‍ ഞാനറിയാതെ
സന്തോഷം തിരുകിക്കയറ്റിയതും
ആരുടെ ഗൂഢാലോചനയാലാണെന്ന്
നേരിട്ട് ചോദിച്ചില്ലെന്നേയുള്ളൂ
(നിന്നെയവര്‍ നോട്ടത്തിന്റെ ഭാഷ
പഠിപ്പിച്ചിട്ടുണ്ടാവില്ല).
ഒക്കെ ക്ഷമിച്ചു.
മുന്‍പ് കണ്ടിട്ടില്ലാത്തൊരു വഴിയമ്പലത്തിലേക്ക്
നടന്നു കയറിയ ആളെ
മറ്റാരോ തിരയുന്നുണ്ടാവുമെന്നതോ
'മടങ്ങി വരൂ' എന്ന്
പുരപ്പുറത്തു കയറി
പ്രക്ഷേപണം ചെയ്യാന്‍ കഴിയാതെ പോയൊരു
അടിയന്തര സന്ദേശം,
അടുപ്പിന്‍ കരയില്‍
ചൂടുകായുന്ന പൂച്ചക്കുഞ്ഞിനെപ്പോല്‍
കുറുകുന്നുണ്ടാവുമെന്നതോ ഒന്നുമല്ല.
ഇപ്പോള്‍ യാത്ര പറഞ്ഞിറങ്ങിയ ആളുമല്ല,
എപ്പോഴൊക്കെയോ ഇങ്ങനെ
ഒന്നും പറയാതെ
ഇറങ്ങിപ്പോകുന്ന ആളാണ്
എപ്പോഴും കുഴപ്പിക്കുന്നത്,
കണ്ണ് കഴപ്പിക്കുന്നത്.
പുലര്‍ച്ച മുതല്‍
ആരുടെ അരികില്‍
ആയിരുന്നിരിക്കുമെന്നാണ്!
അവളോ അവനോ
അതിന്റെ നേര്‍ക്ക്
രാവിലെ തന്നെ
വാതില്‍ കൊട്ടിയടച്ചിട്ടുണ്ടാവുമോ,
വെള്ളം പോലും കിട്ടാതെ
ഉച്ചനേരമെല്ലാം
പരവേശപ്പെട്ടു കാണുമോ,
നേരത്തെ നേരമിരുട്ടുമ്പോ
ദിശാസൂചകമില്ലാത്ത കവലകളിലെങ്ങാന്‍
വീട്ടിലേക്കുള്ള വഴിയറിയാതെ
പേടിച്ചു നില്‍ക്കുന്നുണ്ടാവുമോ
എന്നൊക്കെയാണ്.
തിരിച്ചെത്തുന്നതെപ്പോളെന്ന്
ഉറങ്ങാതെയൊരാള്‍
കാത്തിരിക്കുന്നുണ്ടെന്ന്
പോകും വഴി കണ്ടാല്‍,
ആരും കേള്‍ക്കാതെയൊന്ന്
പറഞ്ഞു കൊടുക്കണേ,
ആരാന്റെയീ ദിവസമേ!
8 comments:
!
:))
ഉറങ്ങാതെയൊരാള്‍
കാത്തിരിക്കുന്നുണ്ടെന്ന്
പോകും വഴി കണ്ടാല്‍,
ആരും കേള്‍ക്കാതെയൊന്ന്
പറഞ്ഞു കൊടുക്കണേ,
ആരാന്റെയീ ദിവസമേ
...
Acknld
നന്ദാ,
ഞാനെഴുതേണ്ടത്, എന്‍റെ പഴഞ്ചന്‍
ഭാഷയ്ക്ക് വഴങ്ങാത്തത് നീ എഴുതുന്നു.
ഒരുപാട് സന്തോഷം.
നന്നായിട്ടുണ്ട്
"നിന്നെയവര്‍ നോട്ടത്തിന്റെ ഭാഷ
പഠിപ്പിച്ചിട്ടുണ്ടാവില്ല"............
നന്നായിട്ടുണ്ട്.........
too much elabortion..
Post a Comment