Monday, December 14, 2009

ക്ഷീര ബല

അടുത്ത വീട്ടിലെ കൂട്ടുകാരന്റെ കഥ
പാവമെന്ന് ചേര്‍ത്തു ചേര്‍ത്ത്
ഇനിയൊരാള്‍ വിവരിക്കവേ
എന്നിനിയവന്‍ മുതിരുമെന്ന്
വെറുതെ ആലോചിക്കുന്നുണ്ട്

എന്റെ വേഗത്തിനൊപ്പം
ഓടിയേ മതിയാവൂ
നീയുമെന്ന് കേള്‍ക്കേ
ആവുമോയെന്ന ഭയത്തില്‍
ഒച്ച ചിലമ്പിക്കുന്നുണ്ട്

വരണ്ടു പോകുന്ന നിലങ്ങളെപ്പറ്റി
ഇടതടവില്ലാത്ത ആശങ്കകള്‍
കൃത്യതയില്ലാത്ത ഇടവേളകളില്‍
മൂളിക്കേട്ടിരി‍ക്കുന്നുണ്ട്

ഇപ്പോഴും എപ്പോഴും
സന്തോഷമെന്ന് നടിച്ചിട്ടും
മിണ്ടാതെ വന്ന്
കണ്ണില്‍ തുളുമ്പുന്ന കാഴ്‌ചയെ
അടുത്തിരിക്കുന്ന ആളറിയാതെ
ശാസിച്ച് നിര്‍ത്തുന്നുണ്ട്

ഇങ്ങനെയൊക്കെയാകിലും
ജീവിച്ചിരിക്കുന്നുണ്ടെന്നറിയിക്കാന്‍
അടയാളമൊന്നും ബാക്കിവെക്കാതെ,
വെയില്‍ തെളിയവേ മായുന്ന
മൂടല്‍ മഞ്ഞു പോല്‍
ചില ശരീരങ്ങള്‍

ചൂരല്‍ പഴുപ്പിച്ചു വച്ച്
ഇറക്കിവിട്ട ജീവന്‍
എങ്ങോട്ടാവും പോയിട്ടുണ്ടാവുക
എന്നോര്‍ത്തു പുകഞ്ഞ്,
പെയ്യുമെന്നുറപ്പില്ലാത്ത മഴ കാത്തു കുഴഞ്ഞ്,
പുലരിമഞ്ഞില്‍ പാതി നനഞ്ഞ്,
അങ്ങനെ,
അങ്ങനെ..

3 comments:

നന്ദ December 14, 2009 at 1:18 AM  

നൂറ്റൊന്ന് ആവര്‍ത്തിക്കണമെന്നായിരുന്നു അച്‌ഛന്‍ പറയാറ് (ഇതിപ്പോ എത്രാമത്തെയാണോ?!) അത്രേം പോകുന്നതിനു മുന്നേ തട്ടിക്കളഞ്ഞേക്കുമെന്ന ഒരു പ്രതീക്ഷയിലാ :)

SAJAN S December 14, 2009 at 9:51 AM  

:)

Jithendrakumar/ജിതേന്ദ്രകുമാര്‍ December 16, 2009 at 8:30 PM  

"എന്റെ വേഗത്തിനൊപ്പം
ഓടിയേ മതിയാവൂ
നീയുമെന്ന് കേള്‍ക്കേ
ആവുമോയെന്ന ഭയത്തില്‍
ഒച്ച ചിലമ്പിക്കുന്നുണ്ട്"

ഒന്നു ഒാടി നോക്കു. അവരൊക്കെ കാതങ്ങള്‍ പിന്നിലാകുന്നതു കാണാം.
നന്ദ, വളരെ നന്നായി.