Wednesday, February 3, 2010

മരം

ആവശ്യത്തിനും അനാവശ്യത്തിനും
നിങ്ങള്‍ എഴുതി വായിച്ച
ഉപമകളുടെ കാറ്റാണ്
എന്റെ ഇലകള്‍
കൊഴിച്ചു കളഞ്ഞത്

ഏറ്റം പ്രിയമുള്ളവയെ വാഴ്ത്തിയ
ഉല്പ്രേക്ഷകളുടെ ഒച്ചയിലാണ്
കൂട്ടുകാരെന്നെ വിട്ട്
പറന്നകന്നത്

രാവുകള്‍ പകലാക്കി
നിങ്ങള്‍ രാകി മിനുക്കിയ
രൂപകങ്ങളുടെ അമ്പുകളാണ്
ശരീരമെമ്പാടും
മുറിവുകള്‍ ഏല്പിച്ചത്

ഏതൊക്കെയോ
കണ്ണുകളൊഴുക്കിയ
ലാവയുടെ ചൂടിലാണ്
വേരുകളുടെ ജലം
ബാഷ്പമായ് തീര്‍ന്നത്

എത്ര യുഗങ്ങളായി!

വേണം,
ഇനി വയ്യെന്ന്
കണ്ട് കേട്ട് മടുക്കുമ്പോ
ഒന്നുമുരിയാടാതെ,
ആരുമറിയാതെ
സ്വയം കടപുഴകി വീഴാനൊരു വരം

ഞാനുമറിഞ്ഞില്ലല്ലോ എന്ന്
കണ്ണുനിറയ്ക്കാന്‍
ഒരു വേരു പോലും ബാക്കിവെക്കാതെ,
അത്രമേല്‍ ശാന്തമായ്
കടപുഴകി വീഴാനൊരു വരം,

മരങ്ങളുടെ ദൈവമേ.

10 comments:

ഗുപ്തന്‍ February 4, 2010 at 6:08 PM  

ഉപമകളും ഉല്പ്രേക്ഷകളുമില്ലെങ്കിലും കണ്ണിരും നിലവിളിയുമില്ലെങ്കിലും തളര്‍ന്നു വരുമ്പോള്‍ ഇരുന്നൊരു പാട്ടിനു കാതോര്‍ക്കാന്‍ വേണം കാലങ്ങളോളം ഈ മരം, വരങ്ങളുടെ ദൈവമേ :)

ഓടോ.
൧. ബ്ലോഗിന്റെ പേര് നിര്‍‌വചനം എന്നതില്‍ നിന്ന് രൂപകം എന്ന് മാറ്റുന്നതെന്നാണ്?
൨. കവിതയിട്ട് നാലാം മണിക്കൂറില്‍ ബ്ലോഗ് പൂട്ടുന്ന പതിവ് അഭ്യാസം കാണിച്ചാല്‍ .... സീവിടുവേന്‍

നന്ദ February 4, 2010 at 6:35 PM  

നന്ദീസ്, ഗുപ്ത്.

ഓ? ഠോ:
2. പിന്നേ അതങ്ങു പള്ളീപ്പറഞ്ഞാ മതി :) താക്കോലു കൈയീത്തന്നെ ഉള്ളിടത്തോളം നമ്മളീ ഗേറ്റ് അടക്കുകേം തുറക്കുകേമൊക്കെ ചെയ്യും.
1. ആ സജഷന്‍ കൊള്ളാം. പേരു മാറ്റം പരിഗണനയിലാ, നല്ല ബ്ലോഗ് ടൈറ്റിലുകള്‍ ആവശ്യമുണ്ടെന്ന് ഇനി ഒരു പരസ്യം കൊടുക്കണം :)

സെറീന February 4, 2010 at 11:11 PM  

എത്ര വട്ടം വായിച്ചു നന്ദ
എന്‍റെ ദൈവമേ
എന്‍റെ ദൈവമേ എന്നൊരു
കരച്ചിലല്ലാതെ മറ്റെന്താണ്
ഇവിടെ വെച്ചിട്ട് പോകാന്‍ :(

സെറീന February 4, 2010 at 11:12 PM  

"നഷ്‌ടങ്ങളെ
ഒരേയൊരു ചുംബനത്താല്‍
ലാഭങ്ങളാക്കുന്ന സ്പര്‍ശമണി
എവിടെയെങ്കിലും
ലഭിക്കുമോ!
എങ്കില്‍ ഞാനതിനെ
എന്നേ
നിനക്ക് സമ്മാനിക്കുമായിരുന്നു"-(നന്ദ)

പകല്‍കിനാവന്‍ | daYdreaMer February 5, 2010 at 10:20 AM  

ദൈവമേ

ഭ്രാന്തനച്ചൂസ് February 5, 2010 at 8:31 PM  

ദൈവമേ...!!

prathap joseph February 6, 2010 at 12:44 AM  

കൊള്ളാം ...നന്ദാ...

രഘുനാഥന്‍ February 6, 2010 at 1:50 PM  

കവിത കൊള്ളാം..നന്ദ

നന്ദ February 21, 2010 at 5:22 AM  

എല്ലാര്‍ക്കും നന്ദി,

സ്നേഹം.

qw_er_ty

അഭി February 24, 2010 at 11:05 AM  

കൊള്ളാം നന്ദ