Friday, August 14, 2009

ചൂണ്ട

നീന്തിപ്പോകവേ
ഇടക്കൊക്കെ കാണാറുണ്ട്
പുഴയുടെ കരയിലിരിക്കുന്ന
ചൂണ്ടക്കാരനെ

പാതിചത്ത കണ്ണുകള്‍
ഏതോ
അറിയാക്കരയിലേക്ക് നീട്ടി,
ഒതുക്കാത്ത മുടിയും
വായിച്ചെടുക്കാനാവാത്ത
മുഖഭാവവുമായ്.

മീനുകളെ
കിട്ടുന്നുണ്ടാവാന്‍ വഴിയില്ല
അതാവും
വന്നാല്‍ അന്തിയാവും വരെ
ഒരേയിരിപ്പ്

.

ചുറ്റും
പ്രളയ ജലം നിറയവേ
ചൂണ്ടക്കാരനെ തേടി
പോകുന്നു,
ഇന്നൊരു മീന്‍

ഒന്നു മാത്രം
പ്രാര്‍ത്ഥിക്കുന്നുണ്ട്;
കൊളുത്ത്
നെഞ്ചു പിളര്‍ത്തിത്തന്നെ
കടന്നുപോയിരുന്നെങ്കിലെന്ന്.

Friday, August 7, 2009

ഡി

എത്രനാള്‍ കൂടിയാണ്
കാണുന്നതെന്ന്
നിറയുന്ന സന്തോഷത്തില്‍
തുളുമ്പിത്തുളുമ്പി,

ഈയിടെയായി
അല്പം കൂടുന്നുണ്ട്
നിനക്കെന്ന് ശാസനയില്‍
കുറുകിക്കുറുകി,

മിണ്ടാതിരുന്നോളണം
അവിടെ എന്ന്
ചുവന്നൊരു കോപം
തിളപ്പിച്ചുരുക്കി,

ഇങ്ങോട്ട് വിളിക്കുമ്പോ
അങ്ങോട്ടും വേണമല്ലോയെന്ന്
നീളം കൂട്ടിയും
ഏച്ചു കെട്ടിയും,

എന്താണ്
ചിന്തിച്ചുകൂട്ടുന്നതെന്ന്
മധ്യമത്തില്‍
നിര്‍ത്തി,

ഒന്നും ചോദിക്കാതെയും
പറയാതെയും
കാതുകള്‍ കേള്‍ക്കുന്ന
നേര്‍ത്തൊരീണത്തില്‍..

എങ്ങനെയെല്ലാമാണ്
വരുന്നത്,
നീ?

*

വെറുമൊരു ശബ്‌ദത്തെ
സ്നേഹിച്ചുപോകുന്നത്
ഇങ്ങനെ
എന്തൊക്കെ
കാരണങ്ങളാലാവും!

പോംവഴി

‘അരച്ചതു തന്നെ അരച്ചാല്‍
മുഖത്തു തെറിക്കും പെണ്ണേ’
എന്ന് അമ്മ.

അതുകൊണ്ടാണല്ലോ
ഇന്ന്
മിക്സി വാങ്ങിയത്;
അരപ്പുപാത്രത്തിന്,
പെട്ടെന്ന് കേടുപറ്റാത്ത
മൂടിയുള്ളത്.

Saturday, August 1, 2009

രേഖപ്പെടാത്ത ഒരു (അപകട)മരണം

വാക്കുകള്‍
ഇരമ്പിപ്പായുന്ന
റോഡരികില്‍,
അപ്പുറം കടക്കാന്‍
കാത്തു നില്‍ക്കുന്നു

തിരക്കിലാണെന്ന്
കത്തുന്നു പച്ച,
കാക്കൂ അല്പമെന്ന്
ആംബര്‍,
ചുവന്ന ഉടുപ്പണിഞ്ഞ്
മരിച്ച വാക്കുകള്‍

കാത്തു നില്‍പ്പിന്‍
നേരമേറുന്നു
ചുവക്കുന്ന
ആകാശത്തിന്‍ ചോട്ടില്‍
തിരക്ക് ഒഴിയാന്‍ മടിക്കുന്നു

ഒടുവില്‍
നീളുന്ന സമയത്തിന്‍
അവസാന മാത്രയില്‍
പച്ചയിടിച്ചു തെറിപ്പിച്ച്
ആംബറില്‍ കാത്തുകിടന്ന്
ചുവപ്പില്‍ രക്തം വാര്‍ന്നു മരിച്ചു
ഒരു പേര്‍

ഒച്ചപ്പാടുകള്‍ ഒന്നും ഉണ്ടായില്ല;
ഒരു പേര്
എന്തിനെയെങ്കിലും സൂചിപ്പിക്കുന്നുണ്ടോ എന്ന്
സങ്കടപ്പെട്ടൊരു പക്ഷി
മുകളിലൂടെ
അതിന്റെ താവളം തേടി
പറക്കുക മാത്രം ചെയ്തു