Sunday, July 31, 2011

4
നിറഞ്ഞൊഴുകിയ ഒരു സ്വപ്നത്തിന്റെ കരയില്‍
നിറഞ്ഞ കണ്ണുകളോടെ നിന്നെ കണ്ടു
‘കരയുന്ന ആണുങ്ങളെ വിശ്വസിച്ചു കൂടാ’ എന്ന്
കൂട്ടുകാരി പറഞ്ഞതോര്‍ത്തിട്ടായിരുന്നു
അപ്പോളെനിക്ക് സങ്കടം
(നിനക്കപ്പോ ചിരിച്ചാലെന്തായിരുന്നു?)

3

കാണാതെപോകുന്നവരെ കണ്ടുപിടിക്കാനുള്ള
ജി പി എസ് വേണമെന്നായിരുന്നു നേരത്തെ.
കൈയില്‍ കിട്ടിയപ്പോളത്
പക്ഷെ, ഉപേക്ഷിച്ചു കളഞ്ഞു;
ചിലപ്പോഴൊക്കെ
വാസ്തവങ്ങള്‍ അറിയാതിരിക്കുന്നതല്ലേ നല്ലത്
എന്നൊരു മുടന്തന്‍ ന്യായത്തോടെ.

ഭീരുത്വമെന്നാവുമല്ലേ നിങ്ങളുടെ ഭാഷയില്‍?

2

മേല്‍‌വിലാസം നിലവിലില്ലെന്ന കുറിപ്പുമായി
തിരിച്ചു വരികയാണ്
നിനക്കയക്കുന്ന കത്തുകളെല്ലാം
പഴയ മേല്‍‌വിലാസത്തിലേക്ക് ഒരിക്കലെങ്കിലും
താമസത്തിനു വന്നെങ്കിലോ എന്നോര്‍ത്ത്
ഓരോ നിശ്വാസത്താലും
ഇപ്പോഴും എഴുതുന്നു;
സുഖം തന്നെയല്ലേ?

1

100 ശതമാനം ഒന്നിലും നില്‍ക്കില്ലെന്ന
മട്ടാണെനിക്കെന്ന്
തമാശ കലര്‍ത്തി, അവള്‍.
പക്ഷേ,
പലതിലും  100 എത്തിക്കാന്‍ ശ്രമിച്ച്
പരാജയപ്പെടുന്നതിനാലല്ലേ
ഞാനിങ്ങനെയെന്ന്,
(പറഞ്ഞില്ല).

-തലക്കെട്ട് വേണ്ടെന്നോര്‍ത്ത് നീയോടു ഞാന്‍ എന്ന് വാല്‍ക്കെട്ടിടുന്നു.

Wednesday, June 1, 2011

അഥവാ ലക്ഷണം കെട്ട ചില കുറിപ്പുകള്‍.
- -

അതേ വളവിനപ്പുറമുള്ള കലുങ്കില്‍
അന്നത്തെ മാതിരി കാലാട്ടിയിരുന്ന്
ഇല്ലാത്ത നാട്ടിലെ ആളുകളെപ്പറ്റി
ഇനി പറയില്ലെന്ന്

ഉണ്ടായിരുന്നിട്ടില്ലാത്ത അനിയന്‍ കുട്ടി
ഉണ്ടാവാന്‍ ഇടയില്ലാത്ത ചേച്ചിപ്പെണ്ണിന്റെ വിരല്‍ത്തുമ്പു വിട്ട്‌
ആളുകളേയില്ലാത്ത  ആള്‍ക്കൂട്ടത്തില്‍
കാണാതായി പോയ കഥ ഇനി ഓര്‍ക്കില്ലെന്ന്

പറഞ്ഞു തീരാത്തതെല്ലാം പറയാന്‍
സ്വപ്നത്തില്‍ പതിവായെത്തുന്ന ചാച്ചനെ
മുഖം ചുളിപ്പിച്ചു കാട്ടി
നിരുല്സാഹപ്പെടുത്തുമെന്ന്‌

കഥാന്ത്യത്തില്‍
നായകന്മാരെ കൊന്നു തള്ളുന്ന
വില്ലന്മാരുള്ള സിനിമകള്‍ ഉണ്ടാവേണ്ടതിന്റെ ആവശ്യത്തെപ്പറ്റി
അവളുമായി ഇനി ഒരിക്കലും ചര്‍ച്ച നടത്തില്ലെന്ന്

അതേ ദീര്‍ഘ(നിശ്വാസ)ങ്ങളും
(കുന്നായ്മ) കുനുപ്പുകളും
പേര്‍ത്തും പേര്‍ത്തും ചോദ്യങ്ങള്‍ കോര്‍ത്തിട്ട്
മുതുകു വളഞ്ഞു (ചോദ്യ ചിഹ്നമായി) പോയ
ആശ്ചര്യ ചിഹ്നങ്ങളും ഒന്നും
ഇനി തട്ടിന്‍ പുറത്തൂന്ന് എടുക്കില്ലെന്ന്

‘അഞ്ജനമെന്നതു ഞാനറിയും
മഞ്ഞളു പോലെ വെളുത്തിരിക്കും’-മട്ടിലുള്ള ഉപമകള്‍
കൂട്ടത്തോടെ തീയിലിടുമെന്ന്...

ഒക്കെ
കരുതിയതാണ്

പക്ഷേ

ഡ്രാക്കുള പ്രഭുവിന്റെ കൊട്ടാരത്തിലേക്കുള്ള
വണ്ടിയില്‍ കയറിയ,
കൃത്യമായ ഇടവേളകളില്‍
കൊട്ടാര കവാടം കണ്ടു പേടിക്കുന്ന
യാത്രക്കാരനെപ്പോലെ

ഹൃദയമിടിപ്പിന്റെ അതേ താളം
കേട്ടു പേടിച്ച്,
വീണ്ടുമിങ്ങനെ.

മരണമൊളിപ്പിച്ചു വച്ച്
വശ്യമായ ചിരിയുമായെത്തി
പ്രഭു കനിയും വരെ
വണ്ടിയിലിരിക്കുക തന്നെ.
പേടിക്കുക തന്നെ.

--
[മുഖം എന്നതിനെ മൊഗം എന്നോ ലഹരി എന്നതിനെ ലഗരി എന്നോ ഉച്ചരിക്കുന്നതു കേള്‍ക്കുമ്പോ അയ്യേ എന്ന് മുഖം ചുളിപ്പിക്കില്ലേ നിങ്ങള്‍? അമ്മാതിരി ഒരു യാണ് മുകളിലത്തെ ഗ ;)]

Saturday, January 15, 2011

കുളം

ഒഴുക്കില്ലാതെ
അങ്ങനെ തന്നെ
തുടര്‍ന്നു പോവുന്നുണ്ടതിന്‍ ജീവിതം.

തണുപ്പുകാലത്തിന്റെ പകലുകള്‍ക്കു മീതെ
യുദ്ധവിമാനങ്ങള്‍
ഇടക്കിടെ
പറക്കുന്നുണ്ടെന്നതൊഴിച്ചാല്‍.

കുറച്ചകലെ,
കുറച്ചു മാത്രമകലെ
ഒരു കടലുണ്ടെന്നാണോ
അവ മൂളിപ്പാടുന്നതെന്നോര്‍ത്ത്
വെറുതെ കണ്ണടച്ച്
കടലിരമ്പം
സ്വപ്നം കാണുന്നുണ്ടെന്നതൊഴിച്ചാല്‍.

ഇക്കൊല്ലം മഴയേ ഉണ്ടാവില്ലെന്ന്
വരണ്ട ശീതക്കാറ്റ്
ഓര്‍മ്മിപ്പിക്കുന്നേരമെല്ലാം
വരും വേനല്‍ താണ്ടുമോയെന്ന്
ആധിപിടിക്കുന്നതൊഴിച്ചാല്‍.

അങ്ങനെ തന്നെ
തുടര്‍ന്നു പോവുന്നുണ്ട്;
അങ്ങനെ തന്നെ.

Sunday, November 7, 2010

ജലം

അപ്പോഴും
നിര്‍ത്താതെ കഥ പറയുന്ന
അരുവിയുണ്ട്;
മഴയൊഴിയവേ
മാഞ്ഞുപോകുന്നത്.
ഉണ്ടായിരുന്നെന്ന് പറയാന്‍
ഒരു ചെടിയുടെ
ഓര്‍മ്മയില്‍ പോലും
ഒരു വരിയും കുറിക്കാത്തത്.
ഇന്നലെകളും നാളെകളും ഇല്ലാത്തത്.

ഒരിടത്തു മരിച്ച്
ഇനിയൊരിടത്ത്
പുനര്‍ജനിച്ചിട്ടുണ്ടാവും
ചിലപ്പോള്‍.
*

ദിവസവും വന്ന്
കുശലം പറഞ്ഞു പോകുന്ന നദിയുണ്ട്;
ഇന്നെന്താണെന്നു ചോദിച്ച്,
അല്പനേരം സ്നേഹം പങ്കുവെച്ച്,
നാളെ കാണാമെന്നു യാത്രപറഞ്ഞ്,
അങ്ങനെ.

നാളുകള്‍ പോകെ, മെലിഞ്ഞു തുലഞ്ഞ്
അലഞ്ഞിടമാകെ
പടര്‍ന്നിടമാകെ
കളകള്‍ വന്ന് മൂടിപ്പോകുമ്പോള്‍
പണ്ടിവിടെ ഉണ്ടായിരുന്നതല്ലേയെന്ന്
ഓര്‍ത്തോര്‍ത്ത് തലയാട്ടുമായിരിക്കും
പുഴ നനവില്‍ വേരു പടര്‍ത്തിയിരുന്ന
ഏതോ മരം.
**

ഓളങ്ങളിളക്കാന്‍ മടിക്കുന്ന
കടലുണ്ട്;
അന്തമില്ലാത്ത ആഴം
ശാന്തതയുടെ പുഞ്ചിരിയില്‍ ഒളിപ്പിച്ച്,
അടിത്തട്ടിലെ
യുദ്ധങ്ങളുടെ ശബ്ദങ്ങള്‍ കേള്‍പ്പിക്കാതെ
നേര്‍ത്ത തിരകളാല്‍
മിണ്ടിയും പറഞ്ഞും.

വര്‍ഷങ്ങളെന്നോ ദിവസങ്ങളെന്നോ എണ്ണുന്ന ദിനങ്ങള്‍ പോകെ
മാന്ത്രികന്റെ വടി ചുഴറ്റലില്‍ മാഞ്ഞു പോകുന്ന പ്രാപ്പിടയെപ്പോല്‍
പെട്ടെന്നൊരു ദിനം
കാണാതായിപ്പോകുന്നു
ആഴം പറഞ്ഞ കടലും.
***

എങ്കിലുമെങ്കിലും
എന്റെ പുഴയേ
എന്റെ അരുവിയേ, കടലേ...
നിന്നെ വറ്റിക്കാന്‍ വരം ചോദിച്ചിരുന്നില്ലെന്ന്
ആരോടും പറയില്ല ഭൂമി;
കരയല്ലേ കണ്ണേയെന്ന്
നെറുകില്‍ ചുംബിക്കുന്ന
നീലാകാശത്തോടു പോലും.
 -കല്ലെന്നോ മണ്ണെന്നോ
അല്ലാതെ
എങ്ങനെയാണ് ഭൂമിയെ വായിച്ചെടുക്കുകയെന്ന്
അതിനും ഒരു പക്ഷേ
അറിയുന്നുണ്ടാവില്ല എന്നിരിക്കെ-
**

ഇനിയൊരു നാള്‍,
മറ്റൊരു ഭൂമിയില്‍ നിന്നും
നീയുണ്ടായിരുന്നോ
എന്നന്വേഷിച്ചു വരുമായിരിക്കുമോ
നടപ്പുറക്കാത്ത യന്ത്ര മനുഷ്യര്‍,
ബാക്കി വെച്ച അടയാളങ്ങളെ
കളങ്കങ്ങളെന്ന്
വിവര്‍ത്തനം ചെയ്യുമായിരിക്കുമോ?

ഇല്ലാതായിപ്പോയ ഏതോ നനവുകളെ
ജലമെന്ന് പേരു വിളിക്കുമായിരിക്കുമോ?
*

Thursday, July 15, 2010

മഞ്ഞ

‘വെയിലു തിന്ന് പഴുത്തുപോയ പച്ചയ്ക്കും
ചോര വാര്‍ന്ന്‍
മരിക്കാറായ ചുവപ്പിനുമാണോ
മഞ്ഞയെന്നു പേരെ’ന്ന്
മഞ്ഞയെ അരികിലടുപ്പിക്കാതെ
വെളുപ്പിലും കറുപ്പിലുമായി
ആശ്‌ചര്യപ്പെടാന്‍ പറ്റുക
(അമ്മട്ടില്‍ കാല്‍ക്കാശിനു കൊള്ളാത്ത
മഞ്ഞിച്ച ചില ഉപമകള്‍ കല്‍പ്പിച്ചുകൂട്ടാനും
)
ഇവിടെ മാത്രമാണെന്ന്
തോന്നും ചിലപ്പോള്‍.

ആ നേരത്ത്
-പത്തു കൊല്ലം മുന്‍പത്തെ-
പഴുത്തു പോയ പച്ചിലകള്‍
തിരിഞ്ഞു നോക്കാത്തൊരു ആട്
പച്ച പ്ലാവിലയാണ് ഏറെ പ്രിയമെന്ന  ഭാവത്തില്‍
മഞ്ഞയില്‍ കാപ്പിക്കളര്‍ വരയുള്ള കൃഷ്ണമണികളോടു കൂ‍ടിയ കണ്ണുകള്‍
അടച്ചു തുറക്കുന്നത്
ശ്രദ്ധിക്കാന്‍ മെനക്കെടാത്തത്
മഞ്ഞയോടുള്ള ഇഷ്ടക്കേടു കൊണ്ടൊന്നുമല്ലെന്ന് പറഞ്ഞാല്‍
വിശ്വസിക്കുമായിരിക്കും അല്ലേ?
സത്യമാണെന്ന് ആണയിടുക കൂടി ചെയ്യുന്ന പക്ഷം
നിങ്ങള്‍ക്ക് വേറെ മാര്‍ഗ്ഗമെന്താണ്?

പഴയ പത്രക്കടലാസുകള്‍, കത്തുകള്‍
അച്ഛന്റെ തോളിലിരുന്ന് ഉറക്കെക്കരയുന്ന മൂന്നു വയസ്സുകാരിയുടെ ചിത്രം
ചുളിവുകള്‍ വീണ ഒരു മുഖം
അലമാരകള്‍ നിറഞ്ഞ പാഠ പുസ്തകങ്ങള്‍
അനുസരണക്കേടിന് ഓങ്ങിപ്പേടിപ്പിക്കാനുള്ള
ഉണങ്ങിയ ഈര്‍ക്കില്‍ കഷണം,
എണ്ണമില്ലാത്ത എന്തൊക്കെയോ...
എല്ലാം മഞ്ഞയില്‍,
നിറഞ്ഞൊരു വീട്.

വീടുകള്‍ എന്നാല്‍ ആളുകള്‍ എന്നോ
അതല്ല
ആളുകള്‍ എന്നാല്‍ വീടുകള്‍ എന്നോ
ആണെങ്കില്‍
പഴയ സാധനങ്ങള്‍ ഉപേക്ഷിച്ചു കളയാത്ത വീടുകള്‍ക്കെല്ലാം,
ആളുകള്‍ക്കെല്ലാം,
മഞ്ഞനിറമാവുകയും
അങ്ങനെ
മഞ്ഞ ഗ്രാമവും
മഞ്ഞ സംസ്ഥാനവും
മഞ്ഞ രാജ്യവും ഉണ്ടാവുകയും ചെയ്യുമല്ലോ എന്ന്
വെറുതേ
ആലോചിച്ചിരിക്കുകയായിരുന്നു

അപ്പോഴാണ്
പച്ചയുടെ രണ്ടു ഷേഡുകള്‍;
കടുപ്പം കൂടിയതും കുറഞ്ഞതും
രണ്ടു പാളിയടിച്ചാല്‍ മാത്രം മതി,
കുട്ടപ്പനാക്കിത്തരാം വീടിനെയെന്ന്
റബറു വെട്ടാന്‍ വരുന്ന
പാക്കരേട്ടന്‍

(വീട് എന്നത്
പ്രലോഭനങ്ങളില്‍ വീണു പോകരുതാത്ത ഒന്നാണെന്ന്
ആരെങ്കിലും പറഞ്ഞിട്ടുണ്ടോ,
അഥവാ
ഉണ്ടെങ്കിലും ഒരു ചുക്കുമില്ല)


നേരം ഉച്ചയാകാറായി
വെയിലു കൊണ്ട്
പഴുത്തു തുടങ്ങുന്ന പച്ചിലകള്‍
പടിമേല്‍ കാത്തിരിക്കുന്നു,
വേഗം വന്നാട്ടെ.

പ്രലോഭനങ്ങളില്‍ വീണു പോവുക
നല്ല കാര്യമല്ലെങ്കിലും
പച്ചിലകള്‍ സമം ആളുകള്‍ സമം വീടുകള്‍
എന്നത് ഇനി ചേരാത്തൊരു ഉപമയാകിലും
വേണ്ടെന്ന് പറയാനാകുമോ
പച്ച വീട്,
പച്ച ഗ്രാമം,
.....
പച്ച,
ജീവന്‍.

--

കൂട്ടിച്ചേര്‍പ്പ്: ഈ നേരമെല്ലാം
പട്ടിണി കിടന്നതിനാല്‍
ചോര വാര്‍ന്ന്‍
മരിക്കാറായ ചുവപ്പ്
എന്ന ഉപമ
ആദ്യ ഖണ്ഡികയില്‍ നിന്ന്
ഊര്‍ന്ന്
രക്ഷപ്പെട്ടു പോയി.
ആ,
അത്രയെങ്കിലുമാകട്ടെ.