Sunday, July 31, 2011

4
നിറഞ്ഞൊഴുകിയ ഒരു സ്വപ്നത്തിന്റെ കരയില്‍
നിറഞ്ഞ കണ്ണുകളോടെ നിന്നെ കണ്ടു
‘കരയുന്ന ആണുങ്ങളെ വിശ്വസിച്ചു കൂടാ’ എന്ന്
കൂട്ടുകാരി പറഞ്ഞതോര്‍ത്തിട്ടായിരുന്നു
അപ്പോളെനിക്ക് സങ്കടം
(നിനക്കപ്പോ ചിരിച്ചാലെന്തായിരുന്നു?)

3

കാണാതെപോകുന്നവരെ കണ്ടുപിടിക്കാനുള്ള
ജി പി എസ് വേണമെന്നായിരുന്നു നേരത്തെ.
കൈയില്‍ കിട്ടിയപ്പോളത്
പക്ഷെ, ഉപേക്ഷിച്ചു കളഞ്ഞു;
ചിലപ്പോഴൊക്കെ
വാസ്തവങ്ങള്‍ അറിയാതിരിക്കുന്നതല്ലേ നല്ലത്
എന്നൊരു മുടന്തന്‍ ന്യായത്തോടെ.

ഭീരുത്വമെന്നാവുമല്ലേ നിങ്ങളുടെ ഭാഷയില്‍?

2

മേല്‍‌വിലാസം നിലവിലില്ലെന്ന കുറിപ്പുമായി
തിരിച്ചു വരികയാണ്
നിനക്കയക്കുന്ന കത്തുകളെല്ലാം
പഴയ മേല്‍‌വിലാസത്തിലേക്ക് ഒരിക്കലെങ്കിലും
താമസത്തിനു വന്നെങ്കിലോ എന്നോര്‍ത്ത്
ഓരോ നിശ്വാസത്താലും
ഇപ്പോഴും എഴുതുന്നു;
സുഖം തന്നെയല്ലേ?

1

100 ശതമാനം ഒന്നിലും നില്‍ക്കില്ലെന്ന
മട്ടാണെനിക്കെന്ന്
തമാശ കലര്‍ത്തി, അവള്‍.
പക്ഷേ,
പലതിലും  100 എത്തിക്കാന്‍ ശ്രമിച്ച്
പരാജയപ്പെടുന്നതിനാലല്ലേ
ഞാനിങ്ങനെയെന്ന്,
(പറഞ്ഞില്ല).

-തലക്കെട്ട് വേണ്ടെന്നോര്‍ത്ത് നീയോടു ഞാന്‍ എന്ന് വാല്‍ക്കെട്ടിടുന്നു.

Wednesday, June 1, 2011

അഥവാ ലക്ഷണം കെട്ട ചില കുറിപ്പുകള്‍.
- -

അതേ വളവിനപ്പുറമുള്ള കലുങ്കില്‍
അന്നത്തെ മാതിരി കാലാട്ടിയിരുന്ന്
ഇല്ലാത്ത നാട്ടിലെ ആളുകളെപ്പറ്റി
ഇനി പറയില്ലെന്ന്

ഉണ്ടായിരുന്നിട്ടില്ലാത്ത അനിയന്‍ കുട്ടി
ഉണ്ടാവാന്‍ ഇടയില്ലാത്ത ചേച്ചിപ്പെണ്ണിന്റെ വിരല്‍ത്തുമ്പു വിട്ട്‌
ആളുകളേയില്ലാത്ത  ആള്‍ക്കൂട്ടത്തില്‍
കാണാതായി പോയ കഥ ഇനി ഓര്‍ക്കില്ലെന്ന്

പറഞ്ഞു തീരാത്തതെല്ലാം പറയാന്‍
സ്വപ്നത്തില്‍ പതിവായെത്തുന്ന ചാച്ചനെ
മുഖം ചുളിപ്പിച്ചു കാട്ടി
നിരുല്സാഹപ്പെടുത്തുമെന്ന്‌

കഥാന്ത്യത്തില്‍
നായകന്മാരെ കൊന്നു തള്ളുന്ന
വില്ലന്മാരുള്ള സിനിമകള്‍ ഉണ്ടാവേണ്ടതിന്റെ ആവശ്യത്തെപ്പറ്റി
അവളുമായി ഇനി ഒരിക്കലും ചര്‍ച്ച നടത്തില്ലെന്ന്

അതേ ദീര്‍ഘ(നിശ്വാസ)ങ്ങളും
(കുന്നായ്മ) കുനുപ്പുകളും
പേര്‍ത്തും പേര്‍ത്തും ചോദ്യങ്ങള്‍ കോര്‍ത്തിട്ട്
മുതുകു വളഞ്ഞു (ചോദ്യ ചിഹ്നമായി) പോയ
ആശ്ചര്യ ചിഹ്നങ്ങളും ഒന്നും
ഇനി തട്ടിന്‍ പുറത്തൂന്ന് എടുക്കില്ലെന്ന്

‘അഞ്ജനമെന്നതു ഞാനറിയും
മഞ്ഞളു പോലെ വെളുത്തിരിക്കും’-മട്ടിലുള്ള ഉപമകള്‍
കൂട്ടത്തോടെ തീയിലിടുമെന്ന്...

ഒക്കെ
കരുതിയതാണ്

പക്ഷേ

ഡ്രാക്കുള പ്രഭുവിന്റെ കൊട്ടാരത്തിലേക്കുള്ള
വണ്ടിയില്‍ കയറിയ,
കൃത്യമായ ഇടവേളകളില്‍
കൊട്ടാര കവാടം കണ്ടു പേടിക്കുന്ന
യാത്രക്കാരനെപ്പോലെ

ഹൃദയമിടിപ്പിന്റെ അതേ താളം
കേട്ടു പേടിച്ച്,
വീണ്ടുമിങ്ങനെ.

മരണമൊളിപ്പിച്ചു വച്ച്
വശ്യമായ ചിരിയുമായെത്തി
പ്രഭു കനിയും വരെ
വണ്ടിയിലിരിക്കുക തന്നെ.
പേടിക്കുക തന്നെ.

--
[മുഖം എന്നതിനെ മൊഗം എന്നോ ലഹരി എന്നതിനെ ലഗരി എന്നോ ഉച്ചരിക്കുന്നതു കേള്‍ക്കുമ്പോ അയ്യേ എന്ന് മുഖം ചുളിപ്പിക്കില്ലേ നിങ്ങള്‍? അമ്മാതിരി ഒരു യാണ് മുകളിലത്തെ ഗ ;)]

Saturday, January 15, 2011

കുളം

ഒഴുക്കില്ലാതെ
അങ്ങനെ തന്നെ
തുടര്‍ന്നു പോവുന്നുണ്ടതിന്‍ ജീവിതം.

തണുപ്പുകാലത്തിന്റെ പകലുകള്‍ക്കു മീതെ
യുദ്ധവിമാനങ്ങള്‍
ഇടക്കിടെ
പറക്കുന്നുണ്ടെന്നതൊഴിച്ചാല്‍.

കുറച്ചകലെ,
കുറച്ചു മാത്രമകലെ
ഒരു കടലുണ്ടെന്നാണോ
അവ മൂളിപ്പാടുന്നതെന്നോര്‍ത്ത്
വെറുതെ കണ്ണടച്ച്
കടലിരമ്പം
സ്വപ്നം കാണുന്നുണ്ടെന്നതൊഴിച്ചാല്‍.

ഇക്കൊല്ലം മഴയേ ഉണ്ടാവില്ലെന്ന്
വരണ്ട ശീതക്കാറ്റ്
ഓര്‍മ്മിപ്പിക്കുന്നേരമെല്ലാം
വരും വേനല്‍ താണ്ടുമോയെന്ന്
ആധിപിടിക്കുന്നതൊഴിച്ചാല്‍.

അങ്ങനെ തന്നെ
തുടര്‍ന്നു പോവുന്നുണ്ട്;
അങ്ങനെ തന്നെ.