Sunday, November 7, 2010

ജലം

അപ്പോഴും
നിര്‍ത്താതെ കഥ പറയുന്ന
അരുവിയുണ്ട്;
മഴയൊഴിയവേ
മാഞ്ഞുപോകുന്നത്.
ഉണ്ടായിരുന്നെന്ന് പറയാന്‍
ഒരു ചെടിയുടെ
ഓര്‍മ്മയില്‍ പോലും
ഒരു വരിയും കുറിക്കാത്തത്.
ഇന്നലെകളും നാളെകളും ഇല്ലാത്തത്.

ഒരിടത്തു മരിച്ച്
ഇനിയൊരിടത്ത്
പുനര്‍ജനിച്ചിട്ടുണ്ടാവും
ചിലപ്പോള്‍.
*

ദിവസവും വന്ന്
കുശലം പറഞ്ഞു പോകുന്ന നദിയുണ്ട്;
ഇന്നെന്താണെന്നു ചോദിച്ച്,
അല്പനേരം സ്നേഹം പങ്കുവെച്ച്,
നാളെ കാണാമെന്നു യാത്രപറഞ്ഞ്,
അങ്ങനെ.

നാളുകള്‍ പോകെ, മെലിഞ്ഞു തുലഞ്ഞ്
അലഞ്ഞിടമാകെ
പടര്‍ന്നിടമാകെ
കളകള്‍ വന്ന് മൂടിപ്പോകുമ്പോള്‍
പണ്ടിവിടെ ഉണ്ടായിരുന്നതല്ലേയെന്ന്
ഓര്‍ത്തോര്‍ത്ത് തലയാട്ടുമായിരിക്കും
പുഴ നനവില്‍ വേരു പടര്‍ത്തിയിരുന്ന
ഏതോ മരം.
**

ഓളങ്ങളിളക്കാന്‍ മടിക്കുന്ന
കടലുണ്ട്;
അന്തമില്ലാത്ത ആഴം
ശാന്തതയുടെ പുഞ്ചിരിയില്‍ ഒളിപ്പിച്ച്,
അടിത്തട്ടിലെ
യുദ്ധങ്ങളുടെ ശബ്ദങ്ങള്‍ കേള്‍പ്പിക്കാതെ
നേര്‍ത്ത തിരകളാല്‍
മിണ്ടിയും പറഞ്ഞും.

വര്‍ഷങ്ങളെന്നോ ദിവസങ്ങളെന്നോ എണ്ണുന്ന ദിനങ്ങള്‍ പോകെ
മാന്ത്രികന്റെ വടി ചുഴറ്റലില്‍ മാഞ്ഞു പോകുന്ന പ്രാപ്പിടയെപ്പോല്‍
പെട്ടെന്നൊരു ദിനം
കാണാതായിപ്പോകുന്നു
ആഴം പറഞ്ഞ കടലും.
***

എങ്കിലുമെങ്കിലും
എന്റെ പുഴയേ
എന്റെ അരുവിയേ, കടലേ...
നിന്നെ വറ്റിക്കാന്‍ വരം ചോദിച്ചിരുന്നില്ലെന്ന്
ആരോടും പറയില്ല ഭൂമി;
കരയല്ലേ കണ്ണേയെന്ന്
നെറുകില്‍ ചുംബിക്കുന്ന
നീലാകാശത്തോടു പോലും.
 -കല്ലെന്നോ മണ്ണെന്നോ
അല്ലാതെ
എങ്ങനെയാണ് ഭൂമിയെ വായിച്ചെടുക്കുകയെന്ന്
അതിനും ഒരു പക്ഷേ
അറിയുന്നുണ്ടാവില്ല എന്നിരിക്കെ-
**

ഇനിയൊരു നാള്‍,
മറ്റൊരു ഭൂമിയില്‍ നിന്നും
നീയുണ്ടായിരുന്നോ
എന്നന്വേഷിച്ചു വരുമായിരിക്കുമോ
നടപ്പുറക്കാത്ത യന്ത്ര മനുഷ്യര്‍,
ബാക്കി വെച്ച അടയാളങ്ങളെ
കളങ്കങ്ങളെന്ന്
വിവര്‍ത്തനം ചെയ്യുമായിരിക്കുമോ?

ഇല്ലാതായിപ്പോയ ഏതോ നനവുകളെ
ജലമെന്ന് പേരു വിളിക്കുമായിരിക്കുമോ?
*

Thursday, July 15, 2010

മഞ്ഞ

‘വെയിലു തിന്ന് പഴുത്തുപോയ പച്ചയ്ക്കും
ചോര വാര്‍ന്ന്‍
മരിക്കാറായ ചുവപ്പിനുമാണോ
മഞ്ഞയെന്നു പേരെ’ന്ന്
മഞ്ഞയെ അരികിലടുപ്പിക്കാതെ
വെളുപ്പിലും കറുപ്പിലുമായി
ആശ്‌ചര്യപ്പെടാന്‍ പറ്റുക
(അമ്മട്ടില്‍ കാല്‍ക്കാശിനു കൊള്ളാത്ത
മഞ്ഞിച്ച ചില ഉപമകള്‍ കല്‍പ്പിച്ചുകൂട്ടാനും
)
ഇവിടെ മാത്രമാണെന്ന്
തോന്നും ചിലപ്പോള്‍.

ആ നേരത്ത്
-പത്തു കൊല്ലം മുന്‍പത്തെ-
പഴുത്തു പോയ പച്ചിലകള്‍
തിരിഞ്ഞു നോക്കാത്തൊരു ആട്
പച്ച പ്ലാവിലയാണ് ഏറെ പ്രിയമെന്ന  ഭാവത്തില്‍
മഞ്ഞയില്‍ കാപ്പിക്കളര്‍ വരയുള്ള കൃഷ്ണമണികളോടു കൂ‍ടിയ കണ്ണുകള്‍
അടച്ചു തുറക്കുന്നത്
ശ്രദ്ധിക്കാന്‍ മെനക്കെടാത്തത്
മഞ്ഞയോടുള്ള ഇഷ്ടക്കേടു കൊണ്ടൊന്നുമല്ലെന്ന് പറഞ്ഞാല്‍
വിശ്വസിക്കുമായിരിക്കും അല്ലേ?
സത്യമാണെന്ന് ആണയിടുക കൂടി ചെയ്യുന്ന പക്ഷം
നിങ്ങള്‍ക്ക് വേറെ മാര്‍ഗ്ഗമെന്താണ്?

പഴയ പത്രക്കടലാസുകള്‍, കത്തുകള്‍
അച്ഛന്റെ തോളിലിരുന്ന് ഉറക്കെക്കരയുന്ന മൂന്നു വയസ്സുകാരിയുടെ ചിത്രം
ചുളിവുകള്‍ വീണ ഒരു മുഖം
അലമാരകള്‍ നിറഞ്ഞ പാഠ പുസ്തകങ്ങള്‍
അനുസരണക്കേടിന് ഓങ്ങിപ്പേടിപ്പിക്കാനുള്ള
ഉണങ്ങിയ ഈര്‍ക്കില്‍ കഷണം,
എണ്ണമില്ലാത്ത എന്തൊക്കെയോ...
എല്ലാം മഞ്ഞയില്‍,
നിറഞ്ഞൊരു വീട്.

വീടുകള്‍ എന്നാല്‍ ആളുകള്‍ എന്നോ
അതല്ല
ആളുകള്‍ എന്നാല്‍ വീടുകള്‍ എന്നോ
ആണെങ്കില്‍
പഴയ സാധനങ്ങള്‍ ഉപേക്ഷിച്ചു കളയാത്ത വീടുകള്‍ക്കെല്ലാം,
ആളുകള്‍ക്കെല്ലാം,
മഞ്ഞനിറമാവുകയും
അങ്ങനെ
മഞ്ഞ ഗ്രാമവും
മഞ്ഞ സംസ്ഥാനവും
മഞ്ഞ രാജ്യവും ഉണ്ടാവുകയും ചെയ്യുമല്ലോ എന്ന്
വെറുതേ
ആലോചിച്ചിരിക്കുകയായിരുന്നു

അപ്പോഴാണ്
പച്ചയുടെ രണ്ടു ഷേഡുകള്‍;
കടുപ്പം കൂടിയതും കുറഞ്ഞതും
രണ്ടു പാളിയടിച്ചാല്‍ മാത്രം മതി,
കുട്ടപ്പനാക്കിത്തരാം വീടിനെയെന്ന്
റബറു വെട്ടാന്‍ വരുന്ന
പാക്കരേട്ടന്‍

(വീട് എന്നത്
പ്രലോഭനങ്ങളില്‍ വീണു പോകരുതാത്ത ഒന്നാണെന്ന്
ആരെങ്കിലും പറഞ്ഞിട്ടുണ്ടോ,
അഥവാ
ഉണ്ടെങ്കിലും ഒരു ചുക്കുമില്ല)


നേരം ഉച്ചയാകാറായി
വെയിലു കൊണ്ട്
പഴുത്തു തുടങ്ങുന്ന പച്ചിലകള്‍
പടിമേല്‍ കാത്തിരിക്കുന്നു,
വേഗം വന്നാട്ടെ.

പ്രലോഭനങ്ങളില്‍ വീണു പോവുക
നല്ല കാര്യമല്ലെങ്കിലും
പച്ചിലകള്‍ സമം ആളുകള്‍ സമം വീടുകള്‍
എന്നത് ഇനി ചേരാത്തൊരു ഉപമയാകിലും
വേണ്ടെന്ന് പറയാനാകുമോ
പച്ച വീട്,
പച്ച ഗ്രാമം,
.....
പച്ച,
ജീവന്‍.

--

കൂട്ടിച്ചേര്‍പ്പ്: ഈ നേരമെല്ലാം
പട്ടിണി കിടന്നതിനാല്‍
ചോര വാര്‍ന്ന്‍
മരിക്കാറായ ചുവപ്പ്
എന്ന ഉപമ
ആദ്യ ഖണ്ഡികയില്‍ നിന്ന്
ഊര്‍ന്ന്
രക്ഷപ്പെട്ടു പോയി.
ആ,
അത്രയെങ്കിലുമാകട്ടെ.

Saturday, May 1, 2010

നടക്കാനിറങ്ങിയതാണ്

നിമിഷങ്ങളോരോന്നും യുഗങ്ങളാകുന്ന
വാരാന്ത്യ അവധിയില്‍,
പോകാനിനിയും മടിച്ചു നില്‍ക്കുന്ന
തണുപ്പു പുതച്ച സന്ധ്യയില്‍
വെറുതെ നടക്കാനിറങ്ങിയതാണ്

കാല്‍പ്പാടുകള്‍ അവശേഷിപ്പിക്കാതെ
ആരൊക്കെയോ നടന്നു പോയ
വഴിയരികിലെ പൊന്തകളില്‍
ഒളിച്ചു കളിക്കുന്നു പൂച്ചക്കുഞ്ഞുങ്ങള്‍
അവയുടെ കുറുങ്ങലില്‍ പക്ഷേ
എന്റെ പുതപ്പിനടിയില്‍
പണ്ട് താമസമാക്കിയിരുന്നവളുടേതു പോലെ സംഗീതമില്ല
പോട്ടെ,
പൂച്ചകള്‍ ഒരു വര്‍ഗ്ഗമാണെങ്കിലും
എല്ലാം ഒരുപോലെ കുറുങ്ങണമെന്നും സ്നേഹിക്കണമെന്നുമില്ലല്ലോ

കവലകളില്‍
പാതിമയങ്ങിയ കണ്ണുകളുള്ള ചെറുപ്പക്കാര്‍
എല്ലാവരും എന്താണിങ്ങനെ
ഒരേ അച്ചില്‍ വാര്‍ത്ത പോലെ എന്നോര്‍ത്തു
ഉച്ച മയക്കത്തില്‍ അവരുടെ സ്വപ്നങ്ങളില്‍
ഏതോ ഒരുവള്‍ വന്ന്
മയക്കു മരുന്ന്‍ കുത്തി വെച്ചു പോലും
(അവള്‍ നിന്റെ സഹായിയാവും, എനിക്കറിയാം)
ഈ മത്ത് ഇറങ്ങാന്‍ മോരു കുടിപ്പിച്ചാല്‍ പോരല്ലോ
എന്നോര്‍ത്ത് പിന്നെയും നടക്കുകയല്ലാതെ എന്തു ചെയ്യും

പാര്‍ക്കു ബെഞ്ചുകളില്‍
നിന്റെ കഥകളിലെ നായികമാര്‍
മുന്‍പൊന്നും കണ്ടിട്ടില്ലാത്തത്ര സന്തോഷത്തില്‍
അവരുടെ മുഖം തിളങ്ങുന്നു
വിജനതകളില്‍ നിന്ന്
ചില അക്ഷരങ്ങള്‍ മാത്രം മായ്ച്ചു കളയുന്ന സൂത്രം
അവര്‍ക്ക് എവിടുന്നാണോ കിട്ടിയത്!
ചോദിച്ചിട്ടു തന്നെ കാര്യമെന്നു കരുതി അങ്ങോട്ടു നടക്കാനൊരുങ്ങുമ്പോ
ചുവന്ന പരവതാനിയില്‍ പറന്നിറങ്ങിയ
മുഖം മറച്ച ഒരുവന്‍
അവരെയെല്ലാം വിളിച്ച് കൂടെക്കൊണ്ടു പോകുന്നു

അസൂയ കൊണ്ട് ഞാന്‍ കത്തിപ്പോയപ്പോള്‍
മറവിടം തന്ന മരത്തിന്റെ ചില്ലകള്‍ പറയുന്നു;
തണുപ്പാണ്
കുറച്ചു നേരം കൂടെ ഇവിടെ നില്‍ക്കൂ എന്ന്
കള്ള മരമേ
വെട്ടി തീയിലിട്ടു കളയുമേ ഞാന്‍

Thursday, April 8, 2010

ആദ്യത്തെ കവിത

നല്ല കവിതകള്‍
കനം കൂടിയ ഭ്രാന്തുകളാണ്;
കണ്ണും കാതുമെത്താത്തിടങ്ങളെക്കുറിച്ച്
കൊതികളുടെ ചില രേഖാചിത്രങ്ങള്‍.
മുകളില്‍ നിന്ന് അവയുടെ അടരുകള്‍
താഴെ ഞാന്‍ നില്‍ക്കുന്നയിടത്തേക്ക്
പൊട്ടും പൊടിയുമായ് വീഴുന്നു
ത്രില്ലര്‍ പടങ്ങളുടെ ട്രയിലറുകള്‍ പോലെ,
ചിത്രം കാട്ടിത്തരാതെ കൊതിപ്പിച്ച്
അവിടെത്തന്നെ നിര്‍ത്തുന്നു
കണ്ണില്‍
പൊടിയും പുകയും പെയ്യുന്നുണ്ടെങ്കിലും ഇളക്കമില്ല.
ഒരു വട്ടം
അത് നീട്ടിത്തരുന്ന ഊഞ്ഞാല്‍ വള്ളിയിലൂടെ
ഉയരങ്ങളിലേക്ക്
കയറിപ്പോകാനായെങ്കില്‍ എന്ന ആശയിലാവണം,
ഇപ്പോഴും (എന്നത്തെയുംപോലെ)
കണ്ണുനട്ട് കാത്തു നില്‍ക്കുന്നത്.

അവിടേക്കുള്ള പടവുകള്‍ എങ്ങനെയാവും?
പരുപരുത്ത പാറപോലെയാവുമെങ്കില്‍
പിടിച്ചു കയറാന്‍ എളുപ്പമായേനെ.
ആവില്ല;
കുളിരുന്ന തണുപ്പ്‍,
ഈര്‍പ്പത്തിന്‍ നനവ് ഒക്കെയാണല്ലോ
കണ്ടപ്പോഴും തൊട്ടപ്പോഴും അറിഞ്ഞത്.
വഴുക്കല്‍
അതു തന്നെയാവണം
ഓരോ അടരിലും.

താഴെവീണുപോകുമോ എന്ന പ്രാണഭയമില്ലാതെ
ഒരിക്കല്‍
വഴുക്കലുകളെ അതിജീവിച്ച്
കയറിപ്പോകാന്‍ കഴിയുമായിരിക്കും.
മുകളില്‍ നിന്ന് നോക്കവേ
നീയുള്ളയിടം കാണാന്‍ കഴിയുമോ?
നീലമലകള്‍, വെണ്‍‌‌മേഘങ്ങള്‍,
സന്തോഷത്താല്‍ പ്രകാശിതമായ
നിന്റെ മുഖം.
അന്ന് ഞാന്‍എഴുതുമായിരിക്കും
ആദ്യത്തെ കവിത.

Sunday, March 28, 2010

വേരുകള്‍

പേരുകള്‍
വെളിപ്പെട്ടു പോയതിനാല്‍ മാത്രം
എഴുതാനാവാതെ പോയ കത്തുകളാല്‍
നിറഞ്ഞിരിക്കുന്നു,
എന്റെയലമാര;
ഒട്ടും ഇടമില്ലാത്ത വണ്ണം.

പേരുകളുപേക്ഷിച്ച്
പണ്ടേപ്പോലെ
അപരിചിതരാവാം വീണ്ടുമെന്ന്
നടന്നു തുടങ്ങുമ്പോള്‍
കാലില്‍ കുരുക്കിട്ട് വീഴ്ത്തുന്നു
വേരുകള്‍,
അവയെഴുതിയ
പേരുകള്‍.

എഴുന്നേല്‍ക്കാനായവേ,
മുറിച്ചു മാറ്റിയ മരങ്ങള്‍ക്കും
മണ്ണില്‍ അടക്കം ചെയ്ത
വേരുകള്‍ ഉണ്ടെന്ന്,
അവയില്‍ ഒരുനാളും മായാതെ
പേരുകള്‍ ഉണ്ടെന്ന്,
മണ്ണിനടിയില്‍ നിന്നും
എന്നോ ഉണ്ടായിരുന്ന
മരത്തിന്റെ തായ്‌വേര്
പേരു ചൊല്ലി വിളിക്കുന്നു.

ഇല്ല;
അങ്ങനെയാരുമില്ല
പേരുകളുടെ ചന്തയില്‍
വില്‍ക്കാന്‍ കൊണ്ടുപോയ വഴി
എവിടെയോ അത്
നഷ്ടപ്പെട്ടു പോയിരിക്കുന്നു.

Wednesday, March 17, 2010

സൂര്യാഘാതം

രണ്ടാഴ്ചയായി അത്യുഷ്ണമായിരുന്നു
(വേനല്‍ മഴയുടെ മുന്നോടിയാണെന്ന്
ഇവിടെയും).

അതിലൊരു ദിവസം,
ഒന്നാം അവതാരത്തിന്റെ കഥ
പൊള്ളുന്ന വെയിലത്ത്
ഉറക്കെ വായിച്ചു കൊണ്ടു പോയ വഴിക്കായിരുന്നു
ആദ്യത്തെ സൂര്യാഘാതം.

കഥയിലെ നായിക
ഒരു നൊടിയില്‍ തീ പോല്‍ പഴുക്കുകയും
അടുത്തതില്‍
മഞ്ഞു പോല്‍ മരവിക്കുകയും ചെയ്യുന്നവള്‍.
പകല്‍ മുഴുവന്‍ ചിരിച്ച്,
രാത്രി മുഴുവന്‍ കരയുന്നവള്‍
(മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്ന
സൌന്ദര്യ സംരക്ഷണ സൂത്രങ്ങള്‍ക്ക്
കുറയ്ക്കാനാവാത്തതെന്താണാ
കണ്‍‌തടങ്ങളിലെ കറുപ്പ്?)
വേനലായിട്ടും
നിന്റെ കൈവിരലുകള്‍
മഞ്ഞില്‍ മരിച്ചതുപോല്‍ വിളറിയിരിക്കുന്നല്ലോ
എന്ന് വായിച്ചു തീരും മുന്‍‌പ്
പൊള്ളി,
നിന്റെ ദേഷ്യം പോല്‍ ചുവന്നു തിണര്‍ത്തു,
കൈകള്‍.

രണ്ടാമത്തേത്,
ശൈത്യം പോയതറിയാതെ
കൊഴിച്ചു കളഞ്ഞ ഇലകളെ പുതുക്കാന്‍ മറന്ന മരച്ചുവട്ടില്‍
പണ്ടത്തെ കണക്ക് പുസ്തകത്തിലെ
'എ യോഗം ബി'എന്ന് വരച്ച വരകള്‍
അതിരു കടന്ന്
ശൂന്യഗണത്തിലെത്തുന്നതും നോക്കി
ദിവാസ്വപ്നം കണ്ടു കിടന്ന,
പനി ബാധിച്ച ഞായറോര്‍മ്മകളെ
വെള്ളിയാഴ്ചകളില്‍
മരുന്നു കൊടുത്തുറക്കുന്ന,
രണ്ടാമത്തെ അവതാര ജന്മത്തിലായിരുന്നു.
മരത്തിന്
ഇലകള്‍ ഉണ്ടായിരുന്നില്ലല്ലോ
പിന്നെങ്ങനെയാണ് പൊള്ളാതിരിക്കുക?
.

നിനച്ചിരിക്കാതെ,
ഇന്ന് മഴ.
ഓടിപ്പോയി മുറ്റത്ത് നിന്നു.
കൈയിലുണ്ടായിരുന്ന,
ഗ്രീന്‍ ഡേ വരികള്‍ കുറിച്ച കടലാസ്
നനഞ്ഞ് കുതിര്‍ന്ന് ചിരിച്ചു.
പോട്ടെ,
മഴയല്ലേ;
വേനല്‍ മഴയല്ലേയെന്ന്
തിരികെ കണ്ണിറുക്കി, ഞാനും.
..

സൂര്യാഘാതങ്ങളെ
വേനല്‍മഴ
സുഖപ്പെടുത്തുമോ എന്നാണ്
വാല്‍ക്കഷണം.

Tuesday, March 16, 2010

പാപി

പാപം
പലതായ് മുറിച്ച
അന്തിക്കു മേല്‍
സ്വയം മരണം വരിച്ച
പ്രിയ ജൂഡ്,
നീ ഭാഗ്യവാന്‍.
ഉണങ്ങാത്ത മുറിവുകളുമായി
നിത്യവും
നിനക്ക്
ഉയിര്‍ക്കേണ്ടതില്ലല്ലോ!

(ഞങ്ങളില്‍
ആരാണ്
പിതാവേ...)

Saturday, February 27, 2010

കാറ്റേ

മഞ്ഞിലും
മഴയിലും
വെയിലിലും നനഞ്ഞ്‌,
കണ്ണുപൂട്ടി ധ്യാനമായിരുന്നു
ഈ നാളത്രയും.
ജീവന്‍ വെടിഞ്ഞിനി
നിന്റെ കൈകളിലേക്ക്
പുനര്‍ജനിച്ചോട്ടെ?

- ഇല.

Friday, February 12, 2010

मेरे यार..

പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്ന പ്രിയചങ്ങാതിക്ക്,

ഹൃദയം നിറഞ്ഞ ആശംസകളോടെ,
നീയുമായ് ഇടക്കിടെ ഉണ്ടാക്കുന്ന അടിയും വഴക്കും മുഖം വീര്‍പ്പീരും ഇനി മിസ്സ് ചെയ്യുമല്ലോ എന്നോര്‍ക്കുമ്പോള്‍ .............. എന്തൊരാശ്വാസമാണെന്നോ! ;)

Thursday, February 4, 2010

ഇന്ന്

രാവിലെ മഞ്ഞു വീണു.

കാത്തിരുന്ന്
നിന്നെ കണ്ടതു പോലെ സന്തോഷം.
വിടര്‍ത്തിയ
കൈക്കുമ്പിള്‍ നിറയെ
മഞ്ഞു തരികള്‍.

രണ്ടു നിമിഷങ്ങള്‍.
പെട്ടെന്നലിഞ്ഞു പോകല്ലേ നീ
എന്ന്
വിരലുകള്‍ മടക്കുമ്പോള്‍
വേദന.

ഒന്നു നോക്കൂ
മഞ്ഞു പോല്‍ തണുത്ത
വിരലുകള്‍ നിവര്‍ത്തി,
നിന്‍ കൈത്തലം.

കാണാനുണ്ടോ
അതില്‍
അലിയാന്‍ തുടങ്ങിയ
ഒരു തരി?

Wednesday, February 3, 2010

മരം

ആവശ്യത്തിനും അനാവശ്യത്തിനും
നിങ്ങള്‍ എഴുതി വായിച്ച
ഉപമകളുടെ കാറ്റാണ്
എന്റെ ഇലകള്‍
കൊഴിച്ചു കളഞ്ഞത്

ഏറ്റം പ്രിയമുള്ളവയെ വാഴ്ത്തിയ
ഉല്പ്രേക്ഷകളുടെ ഒച്ചയിലാണ്
കൂട്ടുകാരെന്നെ വിട്ട്
പറന്നകന്നത്

രാവുകള്‍ പകലാക്കി
നിങ്ങള്‍ രാകി മിനുക്കിയ
രൂപകങ്ങളുടെ അമ്പുകളാണ്
ശരീരമെമ്പാടും
മുറിവുകള്‍ ഏല്പിച്ചത്

ഏതൊക്കെയോ
കണ്ണുകളൊഴുക്കിയ
ലാവയുടെ ചൂടിലാണ്
വേരുകളുടെ ജലം
ബാഷ്പമായ് തീര്‍ന്നത്

എത്ര യുഗങ്ങളായി!

വേണം,
ഇനി വയ്യെന്ന്
കണ്ട് കേട്ട് മടുക്കുമ്പോ
ഒന്നുമുരിയാടാതെ,
ആരുമറിയാതെ
സ്വയം കടപുഴകി വീഴാനൊരു വരം

ഞാനുമറിഞ്ഞില്ലല്ലോ എന്ന്
കണ്ണുനിറയ്ക്കാന്‍
ഒരു വേരു പോലും ബാക്കിവെക്കാതെ,
അത്രമേല്‍ ശാന്തമായ്
കടപുഴകി വീഴാനൊരു വരം,

മരങ്ങളുടെ ദൈവമേ.

Saturday, January 30, 2010

ബാബേല്‍

ചിതറിപ്പോയ കല്ലും കട്ടയും
ഒന്നൊന്നായടുക്കി
ദിനവും പണിതൊരുക്കുന്നു,
ഒരു ഭവനത്തെ.
നീയുമായി
മല്‍‌സരിക്കാനല്ലെന്ന്
അറിയുമെങ്കിലും
പണി മുഴുമിക്കും മുന്‍പ്
കടപുഴക്കുന്നു നീയതിനെ
നിത്യവും.

എന്തിനാണെന്ന്
ഇന്നും
നിനക്കു ഞാന്‍ സന്ദേശമയക്കുന്നു;
മറുപടിയില്ല.
സ്പാമിലോ ട്രാഷിലോ
ഒരു വട്ടമെങ്കിലും കണ്ടില്ലേ
എന്റെ കത്തുകള്‍?
അല്ലെങ്കില്‍ പിന്നെ
ഒരു സന്ദേശവും
തപാല്‍പ്പെട്ടിയില്‍ വീഴാതവണ്ണം
നീയെന്നെ
ബ്ലോക്ക് ചെയ്തിട്ടുണ്ടാവണം.

ഉറപ്പൊന്നും കിട്ടാത്തതിനാല്‍
പിന്നെയും കത്തെഴുതുന്നുണ്ട്,
എന്നും കാക്കുന്നുണ്ട്,
(കഥ തുടരുന്നുണ്ട്).