Sunday, December 27, 2009

ബാങ്ക് ഹാപോലിം

ഹാപോലിം പോലെ,
ഇനിയൊരു ബാങ്കിലും അക്കൌണ്ടുണ്ട്
നിക്ഷേപത്തിനു പലിശയേയില്ലാത്ത
ഒന്നില്‍.

സ്ഥലം മാറിപ്പോകുമ്പോ
അടച്ചു പൂട്ടി
പോകാത്തതെന്തെന്നാണ് ചോദ്യം.
ഉത്തരം അറിയില്ല
(അനേകം ബാങ്കുകളിലെ അംഗത്വം
സമ്പന്നതയുടെ സൂചകമെന്നൊന്നുമല്ല)

എങ്കിലും
ദിവസവും നിക്ഷേപിക്കും,
അധ്വാനത്തിന്റെ,
കണ്ണീരിന്റെ ഒരു തുള്ളി.

വല്ലപ്പോഴുമൊക്കെ
ഹാപോലിമിലെ പോലെ തന്നെ,
ഒരു ഇടപാടിന്
പത്തു പണം എണ്ണിക്കൊടുത്ത്
നെടുവീര്‍പ്പിടും.

എന്നിട്ട്........

എന്നിട്ടോ?
പ്രത്യേകിച്ചൊന്നുമില്ല.
ബാങ്ക് പ്രവര്‍ത്തിക്കുന്നു;
അക്കൌണ്ടും.
ആംഗലേയം സംസാരിക്കുന്ന ഉദ്യോഗസ്ഥരാല്‍
ഉപഭോക്താക്കള്‍ പരിപാലിക്കപ്പെടുന്നു,
പലിശ; അതില്ല
തല്‍ക്കാലം,
പോട്ടെന്നു തന്നെ വെക്കാം.
ഇനി നാട്ടില്‍ ചെന്നിട്ടെങ്ങാന്‍...

Monday, December 14, 2009

ക്ഷീര ബല

അടുത്ത വീട്ടിലെ കൂട്ടുകാരന്റെ കഥ
പാവമെന്ന് ചേര്‍ത്തു ചേര്‍ത്ത്
ഇനിയൊരാള്‍ വിവരിക്കവേ
എന്നിനിയവന്‍ മുതിരുമെന്ന്
വെറുതെ ആലോചിക്കുന്നുണ്ട്

എന്റെ വേഗത്തിനൊപ്പം
ഓടിയേ മതിയാവൂ
നീയുമെന്ന് കേള്‍ക്കേ
ആവുമോയെന്ന ഭയത്തില്‍
ഒച്ച ചിലമ്പിക്കുന്നുണ്ട്

വരണ്ടു പോകുന്ന നിലങ്ങളെപ്പറ്റി
ഇടതടവില്ലാത്ത ആശങ്കകള്‍
കൃത്യതയില്ലാത്ത ഇടവേളകളില്‍
മൂളിക്കേട്ടിരി‍ക്കുന്നുണ്ട്

ഇപ്പോഴും എപ്പോഴും
സന്തോഷമെന്ന് നടിച്ചിട്ടും
മിണ്ടാതെ വന്ന്
കണ്ണില്‍ തുളുമ്പുന്ന കാഴ്‌ചയെ
അടുത്തിരിക്കുന്ന ആളറിയാതെ
ശാസിച്ച് നിര്‍ത്തുന്നുണ്ട്

ഇങ്ങനെയൊക്കെയാകിലും
ജീവിച്ചിരിക്കുന്നുണ്ടെന്നറിയിക്കാന്‍
അടയാളമൊന്നും ബാക്കിവെക്കാതെ,
വെയില്‍ തെളിയവേ മായുന്ന
മൂടല്‍ മഞ്ഞു പോല്‍
ചില ശരീരങ്ങള്‍

ചൂരല്‍ പഴുപ്പിച്ചു വച്ച്
ഇറക്കിവിട്ട ജീവന്‍
എങ്ങോട്ടാവും പോയിട്ടുണ്ടാവുക
എന്നോര്‍ത്തു പുകഞ്ഞ്,
പെയ്യുമെന്നുറപ്പില്ലാത്ത മഴ കാത്തു കുഴഞ്ഞ്,
പുലരിമഞ്ഞില്‍ പാതി നനഞ്ഞ്,
അങ്ങനെ,
അങ്ങനെ..

Sunday, November 15, 2009

മഴ പോല്‍ നനയിച്ച്...

ഈ പാട്ട് (मेरा कुछ सामान - इजाज़त)
നല്ലതാണെന്ന് കൂട്ടുകാര്‍ പറഞ്ഞു കേള്‍ക്കുമ്പോ ആദ്യ വരി കേട്ട് കുറെ ചിരിച്ചിട്ടുണ്ട്. എന്റെ കുറച്ചു സാധനങ്ങള്‍ നിന്റെയടുത്ത് -നിന്റെ വീട്ടില്‍- കിടക്കുന്നു, ഒക്കെ തിരികെ തരൂ എന്ന്. എന്തു വരികളാണപ്പാ, ഇഷ്‌ടമല്ലെടാ (സ്വപ്‌നക്കൂട്) ഒക്കെ ഇതിനെക്കാളും ഭേദമാണല്ലോ എന്നോര്‍ത്തു. ചിരി സെഷന്‍ കഴിഞ്ഞ് പിന്നെയൊരിക്കല്‍ പാട്ട് മുഴുവന്‍ കേട്ടപ്പോ ഭയങ്കര ഇഷ്‌ടമായി. നല്ല വരികള്‍. എങ്കിലും പറയാതിരിക്കാന്‍ പറ്റില്ല; അപാര സെന്റി തന്നെ. ഈ ഗാനത്തിന്റെ വീഡിയോ ഇവിടെ.

ഇനി മറ്റൊരു സെന്റി, ഭൂപിന്ദര്‍ പാടിയത്.
एक अकेला इस शहर में (Gharonda)
വീഡിയോ
വെറും സെന്റി എന്നൊന്നും പറഞ്ഞാല്‍ പോരാ, one of the ultimate depression songs എന്നു വേണേല്‍ പറയാമെന്നു തോന്നുന്നു. ഒരു മാതിരി, suicide point- ല്‍ ഒക്കെ ചെന്നു നിന്ന് പാടാന്‍ പറ്റിയ ടൈപ്പ് :) അതുകൊണ്ട് ജാഗ്രതൈ!

ഈ പാട്ട് കേള്‍ക്കുമ്പോ, നല്ല മഴ പെയ്യുന്നേരം ജനലിലൂടെ പുറത്തേക്കു നോക്കി അത് കാണുന്ന ഓര്‍മ്മ വരുമെന്ന് ഒരു കൂട്ടുകാരി. അത്രേം ഒന്നും ഇല്ലേലും സംഭവം കൊള്ളാം.

ഇവിടെ ഇപ്പോ തണുപ്പ് തുടക്കം, മഴ ഇതിനൊപ്പമാണ്. ഈയാഴ്‌ച മഴ കാണുമെന്ന് കാലാവസ്ഥ പ്രവചനം. പാട്ട് ഓര്‍മ്മ വരുന്നോ എന്ന് പരീക്ഷിക്കണം [ഇവിടത്തെ മഴയ്ക്കൊപ്പം തണുത്ത കാറ്റ് ഉണ്ടാവും. ഇരട്ടി തണുപ്പ്. അതുകൊണ്ട് പരീക്ഷണം നടക്കുമെന്ന് തോന്നുന്നില്ല. കഴിഞ്ഞാഴ്‌ച മഴയത്ത് തണുത്തു വിറച്ചപ്പോ ചൂടു കാപ്പി മാത്രേ ഓര്‍മ്മ വന്നുള്ളൂ :) ]

Saturday, October 31, 2009

അടരുകളായ
കാബേജ് ഇതളുകള്‍ക്കിടയില്‍
അടര്‍ത്തിയെടുക്കാനാവാത്ത ജലം പോല്‍
പറ്റിയിരിക്കുകയായിരുന്നു;
ആരുമറിയാതെ,
ആരും കാണാതെ.

‘ഇരിപ്പുവശം’
ശരിയല്ലാഞ്ഞിട്ടാവും
അതിശൈത്യ മേഖലയില്‍
പാളികളുടെ
ഈ കട്ടയാവല്‍.

നാളെയവള്‍
ഫ്രിഡ്ജില്‍ നിന്ന്
പുറത്തെടുക്കുമായിരിക്കും,
കേടായിപ്പോയില്ലെന്ന് ഉറപ്പാക്കാന്‍
അല്‍‌പ നേരം
ചൂടു വെള്ളത്തില്‍
മുക്കി വെക്കുമായിരിക്കും.

അവളുടെ കൈവേഗത്തില്‍ മുറിയും,
ആവശ്യത്തിലധികം വെള്ളവും
കൂട്ടുകളും ചേര്‍ന്നൊരു തിളയില്‍
അലിഞ്ഞ് ചേരും,
അടരില്ലെന്ന് ഉറച്ചിരുന്ന
ഓരോ അടരും.

അതങ്ങനെയാണ്.

അടുക്കളത്തളങ്ങളില്‍
അടുക്കി വെക്കപ്പെടുന്ന
രൂപകങ്ങള്‍ക്ക്
ഇതിലധികം
എന്ത് സാധിക്കുമെന്നാണ്,
അതിനി
ഓര്‍മ്മ, മറവി,
അല്ലെങ്കില്‍ ഞാന്‍,
പറ്റിയിരുന്നത്
എന്തു തന്നെ ആയാലും.

Saturday, October 24, 2009

സന്തോഷം എന്ന ഒരു ദിവസം

സദാ സന്തോഷ(വാനായ)വതിയായ
ആരുടെയോ ഒരു ദിവസം
തന്റെ സ്വന്തമെന്ന് (അങ്ങനെ തന്നെയാവില്ലേ?)
കരുതുന്ന ഒന്നിനു മേല്‍
നിനച്ചിരിക്കാതെ വന്ന്
കയ്യേറ്റം നടത്തിയാല്‍
നിങ്ങള്‍ എന്താണ് ചെയ്യുക?

-

രാവിലെ വാതിലില്‍ മുട്ടിയപ്പോള്‍
കണ്ണില്‍ ഉറക്കമായിരുന്നതിനാലാവണം
ആരെന്ന് തിരിച്ചറിയാതെ
സല്‍ക്കരിച്ചിരുത്തിയത്.

ചുറ്റുമുള്ള സന്തോഷങ്ങളോട്
അരുതെന്ന്
പറഞ്ഞു ശീലിക്കാത്തതു കൊണ്ടു മാത്രമാവില്ല,
‘കുറച്ചിരുന്നോട്ടെ?’ എന്ന ചോദ്യത്തിന്
ചായയ്ക്ക് എത്ര മധുരമാണിഷ്‌ടമെന്ന്
തിളപ്പിച്ചാറ്റിയൊരു മറുചോദ്യം തന്നത്.

പതിവുള്ള സംഭാഷണങ്ങളില്‍
ശ്രദ്ധയോടെ പരിപാലിച്ചു പോരുന്ന
ശബ്‌ദ നിയന്ത്രണം
തെറ്റിക്കാന്‍ നോക്കിയതും
എഴുതിയ കത്തുകളില്‍ ഞാനറിയാതെ
സന്തോഷം തിരുകിക്കയറ്റിയതും
ആരുടെ ഗൂഢാലോചനയാലാണെന്ന്
നേരിട്ട് ചോദിച്ചില്ലെന്നേയുള്ളൂ
(നിന്നെയവര്‍ നോട്ടത്തിന്റെ ഭാഷ
പഠിപ്പിച്ചിട്ടുണ്ടാവില്ല).

ഒക്കെ ക്ഷമിച്ചു.

മുന്‍പ് കണ്ടിട്ടില്ലാത്തൊരു വഴിയമ്പലത്തിലേക്ക്
നടന്നു കയറിയ ആളെ
മറ്റാരോ തിരയുന്നുണ്ടാവുമെന്നതോ
'മടങ്ങി വരൂ' എന്ന്
പുരപ്പുറത്തു കയറി
പ്രക്ഷേപണം ചെയ്യാന്‍ കഴിയാതെ പോയൊരു
അടിയന്തര സന്ദേശം,
അടുപ്പിന്‍ കരയില്‍
ചൂടുകായുന്ന പൂച്ചക്കുഞ്ഞിനെപ്പോല്‍
കുറുകുന്നുണ്ടാവുമെന്നതോ ഒന്നുമല്ല.

ഇപ്പോള്‍ യാത്ര പറഞ്ഞിറങ്ങിയ ആളുമല്ല,

എപ്പോഴൊക്കെയോ ഇങ്ങനെ
ഒന്നും പറയാതെ
ഇറങ്ങിപ്പോകുന്ന ആളാണ്
എപ്പോഴും കുഴപ്പിക്കുന്നത്,
കണ്ണ് കഴപ്പിക്കുന്നത്.

പുലര്‍ച്ച മുതല്‍
ആരുടെ അരികില്‍
ആയിരുന്നിരിക്കുമെന്നാണ്!

അവളോ അവനോ
അതിന്റെ നേര്‍ക്ക്
രാവിലെ തന്നെ
വാതില്‍ കൊട്ടിയടച്ചിട്ടുണ്ടാവുമോ,
വെള്ളം പോലും കിട്ടാതെ
ഉച്ചനേരമെല്ലാം
പരവേശപ്പെട്ടു കാണുമോ,
നേരത്തെ നേരമിരുട്ടുമ്പോ
ദിശാസൂചകമില്ലാത്ത കവലകളിലെങ്ങാന്‍
വീട്ടിലേക്കുള്ള വഴിയറിയാതെ
പേടിച്ചു നില്‍ക്കുന്നുണ്ടാവുമോ
എന്നൊക്കെയാണ്.

തിരിച്ചെത്തുന്നതെപ്പോളെന്ന്
ഉറങ്ങാതെയൊരാള്‍
കാത്തിരിക്കുന്നുണ്ടെന്ന്
പോകും വഴി കണ്ടാല്‍,
ആരും കേള്‍ക്കാതെയൊന്ന്
പറഞ്ഞു കൊടുക്കണേ,
ആരാന്റെയീ ദിവസമേ!

Sunday, October 11, 2009

ചിലപ്പോള്‍

അതിലും മനോഹരമായൊരാകാശം
കൈവിരല്‍ത്തുമ്പ് നീട്ടി
തൊടാവുന്നത്ര
അടുത്തു വരുമായിരിക്കും

അതിലും സുന്ദരമായൊരു പൂവ്
വീട്ടിലേക്കുള്ള വഴിയരികില്‍
പുഞ്ചിരിച്ച്
നില്‍ക്കുമായിരിക്കും

അതിലും ചന്തമേറിയോരു മഴവില്ല്
ചെമ്മണ്‍ പാതകള്‍ അതിരിട്ട
പാടത്തിന്നക്കരെ
വിരിയുമായിരിക്കും

അതിലും നേര്‍ത്ത
നൂലിഴകളാലൊരു മഴ
വെയിലിനൊപ്പം വന്ന്
നനയിക്കുമായിരിക്കും

.
ഒരിക്കല്‍
നടന്നു പോന്ന വഴികള്‍,
തിരിഞ്ഞൊന്നു നോക്കുമ്പോള്‍
കാണാത്ത വണ്ണം
മാഞ്ഞുപോകുമോ?

..
ഇപ്പോള്‍,
തിരികെ നടക്കണമെന്ന്,

അന്നത്തെ
അതേ ആകാശം,
അന്നു വഴി വക്കില്‍ കണ്ട പൂവ്,
മഴയത്ത് കുടയായ മരം,
അതിനു തൊട്ടു മുന്‍പെ
ഒരിക്കല്‍ മാത്രം കണ്ട
അന്നത്തെ അതേ മഴവില്ല്..

എല്ലാമെല്ലാം
അതേപടി വേണമെന്ന്
മനസ്സ്
വാശി പിടിക്കുന്ന കുട്ടിയാകവേ
കിട്ടാനില്ല,
ടൈം മെഷീനെന്ന
കളിക്കോപ്പ്.

തല്‍ക്കാലം,
ഒട്ടുമാവശ്യമില്ലാത്ത
സൂക്ഷ്‌മതയോടു കൂടിത്തന്നെ,
അങ്ങോട്ട് പറക്കാനുള്ള
പട്ടത്തിന്റെ
ചരട് മുറിക്കട്ടെ.

Sunday, October 4, 2009

amnesia

എന്നെ
മറന്നെന്നു പറയാന്‍
നിനക്കുള്ള
അടവിന്റെ പേരോ?
-അവള്‍.

മറക്കുന്നത്
എന്നെത്തന്നെയാണെന്ന്,
മരിക്കുന്നത്
ഞാന്‍ തന്നെയാണെന്ന്,
ആരോട്, എങ്ങനെയാണ്
പറയുക?

Friday, October 2, 2009

transformers

തിലോത്തമ നായികയായ
കഥകളെല്ലാം
ഒരുപോലെയായിരുന്നു
എ, ബിയെയും ബി, സിയെയും,
സി, ഡിയെയും..
അങ്ങനെയങ്ങനെ
എല്ലാ പ്രണയങ്ങളും
ത്രികോണങ്ങളോ ചതുരങ്ങളോ അതല്ല്ല്ല
പഞ്ചഭുജങ്ങളോ ആയി
കണക്കു പുസ്‌തകത്തില്‍ കയറി
അടയിരുന്നു

മാറിവന്ന കഥാകൃത്തുക്കളാല്‍,
ജ്യാമിതീരൂപങ്ങളുടെ ഒരു കോണില്‍ നിന്നും
മറ്റൊന്നിലേക്ക്
മാറ്റിയടിച്ച കുറ്റിയില്‍ തളയ്ക്കപ്പെട്ട്
ഇപ്രകാരം
ജീവിച്ച് മടുത്ത‍ ഒരു സന്ധ്യയിലാണ്
അവള്‍ ഒരു വൃത്തമായി രൂപാന്തരപ്പട്ടത്

ഇപ്പോള്‍
അവളെവിടെ തുടങ്ങുന്നു
എവിടെ അവസാനിക്കുന്നു എന്നറിയാതെ
കഥാകൃത്തുക്കള്‍
ഓട്ടത്തിലാണ്
(അവര്‍ക്ക് ഇത് തന്നെ വേണം!)

Sunday, September 27, 2009

മൂന്നാം നാള്‍

ഒരിക്കല്‍
ജീവപര്യന്ത വിധി കേട്ട്
തടവറയില്‍ കയറുന്നു
ഇനിയുമെത്ര നാളെന്ന്,
വിരസത
കഥയെഴുതിപ്പഠിച്ച ചുവരില്‍
ഒറ്റവരി ആവര്‍ത്തിക്കുന്നു

മറ്റൊരിക്കല്‍
തൂക്കിക്കൊല വിധിക്കപ്പെട്ട
കുറ്റവാളി.
ജീവിതമേ,
നിന്നെ പ്രേമിച്ച്
കൊതി തീര്‍ന്നില്ലിനിയുമെന്ന്
അത്താഴവറ്റില്‍
ഉപ്പുനീര്‍ തൂവുന്നു

.

മുറികളെ ചേര്‍ത്ത്
എത്ര തുരങ്കങ്ങളിട്ടു കൊടുത്തതാണ്!
അവരോ,
പാത‍യല്ല, അവയുടെ
മരണം പോല്‍ പിളര്‍ന്ന
വായ കണ്ട്
കണ്ണു ചിമ്മുന്നു

ആകാശത്തെയും
ഭൂമിയെയും പോല്‍
പരസ്പരം കണ്ടു കണ്ട്
താന്താങ്കളുടെ പായമേല്‍
ചുരുണ്ടുകിടക്കുന്നു

ഉയിര്‍ത്തെണീപ്പിന്റെ
മൂന്നാം നാള്‍
സ്വപ്‌നം കാണാനായി മാത്രം
കണ്ണുപൂട്ടാതുറങ്ങുന്നു.

Thursday, September 24, 2009

കുഴല്‍‌ക്കിണര്‍‌

മറവിയുടെ ആഴങ്ങളിലേക്ക്
എത്രയേറെ കുഴിച്ചിട്ടാണെന്നോ
ഓര്‍മ്മയുടെ ഒരു കുമ്പിള്‍‌
ജലം കണ്ടെടുത്തത്

കുടിക്കാനായി
കൈകളില്‍‍‌ കോരവേ
വെള്ളത്തിന്
ചോരയുടെ‌ ചൂര്

.
ഈ മണ്ണില്‍‌
കുഴിക്കാന്‍‌ പാടില്ലെന്ന്
ഒരു ബോര്‍‌ഡെഴുതി വെക്കണം,
മറന്നിട്ട്
വീണ്ടും
കുഴിച്ചു പോവരുതല്ലോ!

Wednesday, September 9, 2009

പൂച്ച

ദിവസങ്ങളായി
‘ലോ ഒഫ് കണ്‍‌സര്‍‌വേഷ’ന്റെ
തലയില്‍ കയറി
വാസമുറപ്പിച്ചിരിക്കുകയായിരുന്നു,

പൂച്ച

ബോറത്തം എന്ന മ്യാവൂ
എത്രയായി വീതിച്ചാലാണ്
ഇന്‍‌ഫിനിറ്റിസ്‌മലി
സ്‌മാള്‍ ആവുക എന്നോ

സ്വന്തമാകാതെയും
നഷ്‌ടമാകുന്ന സമ്പത്തുകള്‍
എത്രയാള്‍ക്ക് പകുത്തുകൊടുത്താലാണ്
ജനാധിപത്യം വരികയെന്നോ

കടലുപോലെ
കണ്ണെത്താ ദൂരം നിറഞ്ഞ അനാഥത്വം
എത്രപേര്‍ ഒരുമിച്ച് കുടിച്ചാല്‍
വറ്റിപ്പോകുമെന്നോ

എന്നിങ്ങനെ
പല പല മ്യാവൂ കള്‍
സമ ചിഹ്നത്തിന്റെ
അപ്പുറമിപ്പുറം ചേര്‍ത്തു വെച്ച്
തിയറമെഴുതി

ഒന്നും ഉണ്ടാകുന്നുമില്ല
നശിക്കുന്നുമില്ല;
ഒരിടത്തു നിന്നും
ഇനിയൊരിടത്തേക്ക്
പകര്‍ന്നുകിട്ടുക മാത്രമാണെന്ന്
ഉദാഹരണങ്ങള്‍ നിരത്തി
തെളിയിക്കാന്‍ നോക്കി

പിന്നെയൊരിക്കല്‍
പ്രാവര്‍ത്തികമാക്കാതെ,
എഴുതിയും പറഞ്ഞും
സമയം കൊല്ലാനുള്ളവയത്രേ
തിയറികള്‍ എന്ന്
വെളിപാടു കിട്ടിയ ദിവസം
എല്ലാ മ്യാവൂ’ കളെയും
ഒരുമിച്ച് ചാക്കില്‍ കെട്ടി
കണ്‍‌സര്‍‌വേഷന്റെ തലയില്‍ നിന്നു കൊണ്ട്
ഒരൊറ്റ ഏറു വെച്ചു കൊടുത്തു,
പൂച്ച.

അല്ല പിന്നെ!

Tuesday, September 1, 2009

ഇതളുകളില്‍ എഴുതിയവ

--

/date unknown/

ജനല്‍‌ തഴുതിട്ട് മുറിയിരുന്നാലും
ഹൃദയത്തുടിപ്പിനൊപ്പം കേള്‍‌ക്കാം
വാതിലോളം വന്നു മടങ്ങിയോരു കാറ്റ്
പുറത്തെ മാവിന്‍‌ ചില്ലയില്‍‍
‌വെറുതെ ചുറ്റിത്തിരിയുന്നെന്നപോല്‍‌
ചില ഇലയനക്കങ്ങള്‍‌

കണ്ണ് തുറക്കാതെയും കാണാം
കാലം തെറ്റി വന്ന കുഞ്ഞു മേഘം
പെയ്‌തു നനച്ച മട്ടില്‍‌
മണ്ണില്‍ തളിര്‍‌ത്ത
പുല്‍‌നാമ്പുകളുടെ പച്ച

തൊട്ടു നോക്കാതെയും
അറിയാം
വന്നു പോയതിന്നടയാളം പോല്‍
ഇലത്തുമ്പുകളില്‍‌ തിളങ്ങി നില്‍‌ക്കുന്ന
ഹിമകണങ്ങളുടെ കുളിര്

x.y.09
..........
..........
..........


20.08.09

പേരു ചൊല്ലി വിളിക്കാന്‍‌ മറന്ന വസന്തമേ
തെല്ലിട നില്‍‌ക്കുമോ,
കണ്‍‌പീലിയില്‍‌ തുളുമ്പിയ
നീര്‍‌ത്തുള്ളിയെ ഉമ്മവെച്ച്
ഒരു കാറ്റാകട്ടെ
ഈ ഞാനും

നീയൊഴിഞ്ഞുപോം ചില്ലകളിലും
നടന്നു മറഞ്ഞ വഴികളിലും
അതേ മൂളിപ്പാട്ടായ്
വീണ്ടും
പെയ്‌തു നിറയാന്‍‌‌.

നീയെത്തിയെന്ന പോല്‍‌
ഇവിടമെങ്ങും
പിന്നെയും
പൂക്കള്‍ വിരിഞ്ഞോട്ടെ,
പിന്നെയും ഓണമാവട്ടെ!

Friday, August 14, 2009

ചൂണ്ട

നീന്തിപ്പോകവേ
ഇടക്കൊക്കെ കാണാറുണ്ട്
പുഴയുടെ കരയിലിരിക്കുന്ന
ചൂണ്ടക്കാരനെ

പാതിചത്ത കണ്ണുകള്‍
ഏതോ
അറിയാക്കരയിലേക്ക് നീട്ടി,
ഒതുക്കാത്ത മുടിയും
വായിച്ചെടുക്കാനാവാത്ത
മുഖഭാവവുമായ്.

മീനുകളെ
കിട്ടുന്നുണ്ടാവാന്‍ വഴിയില്ല
അതാവും
വന്നാല്‍ അന്തിയാവും വരെ
ഒരേയിരിപ്പ്

.

ചുറ്റും
പ്രളയ ജലം നിറയവേ
ചൂണ്ടക്കാരനെ തേടി
പോകുന്നു,
ഇന്നൊരു മീന്‍

ഒന്നു മാത്രം
പ്രാര്‍ത്ഥിക്കുന്നുണ്ട്;
കൊളുത്ത്
നെഞ്ചു പിളര്‍ത്തിത്തന്നെ
കടന്നുപോയിരുന്നെങ്കിലെന്ന്.

Friday, August 7, 2009

ഡി

എത്രനാള്‍ കൂടിയാണ്
കാണുന്നതെന്ന്
നിറയുന്ന സന്തോഷത്തില്‍
തുളുമ്പിത്തുളുമ്പി,

ഈയിടെയായി
അല്പം കൂടുന്നുണ്ട്
നിനക്കെന്ന് ശാസനയില്‍
കുറുകിക്കുറുകി,

മിണ്ടാതിരുന്നോളണം
അവിടെ എന്ന്
ചുവന്നൊരു കോപം
തിളപ്പിച്ചുരുക്കി,

ഇങ്ങോട്ട് വിളിക്കുമ്പോ
അങ്ങോട്ടും വേണമല്ലോയെന്ന്
നീളം കൂട്ടിയും
ഏച്ചു കെട്ടിയും,

എന്താണ്
ചിന്തിച്ചുകൂട്ടുന്നതെന്ന്
മധ്യമത്തില്‍
നിര്‍ത്തി,

ഒന്നും ചോദിക്കാതെയും
പറയാതെയും
കാതുകള്‍ കേള്‍ക്കുന്ന
നേര്‍ത്തൊരീണത്തില്‍..

എങ്ങനെയെല്ലാമാണ്
വരുന്നത്,
നീ?

*

വെറുമൊരു ശബ്‌ദത്തെ
സ്നേഹിച്ചുപോകുന്നത്
ഇങ്ങനെ
എന്തൊക്കെ
കാരണങ്ങളാലാവും!

പോംവഴി

‘അരച്ചതു തന്നെ അരച്ചാല്‍
മുഖത്തു തെറിക്കും പെണ്ണേ’
എന്ന് അമ്മ.

അതുകൊണ്ടാണല്ലോ
ഇന്ന്
മിക്സി വാങ്ങിയത്;
അരപ്പുപാത്രത്തിന്,
പെട്ടെന്ന് കേടുപറ്റാത്ത
മൂടിയുള്ളത്.

Saturday, August 1, 2009

രേഖപ്പെടാത്ത ഒരു (അപകട)മരണം

വാക്കുകള്‍
ഇരമ്പിപ്പായുന്ന
റോഡരികില്‍,
അപ്പുറം കടക്കാന്‍
കാത്തു നില്‍ക്കുന്നു

തിരക്കിലാണെന്ന്
കത്തുന്നു പച്ച,
കാക്കൂ അല്പമെന്ന്
ആംബര്‍,
ചുവന്ന ഉടുപ്പണിഞ്ഞ്
മരിച്ച വാക്കുകള്‍

കാത്തു നില്‍പ്പിന്‍
നേരമേറുന്നു
ചുവക്കുന്ന
ആകാശത്തിന്‍ ചോട്ടില്‍
തിരക്ക് ഒഴിയാന്‍ മടിക്കുന്നു

ഒടുവില്‍
നീളുന്ന സമയത്തിന്‍
അവസാന മാത്രയില്‍
പച്ചയിടിച്ചു തെറിപ്പിച്ച്
ആംബറില്‍ കാത്തുകിടന്ന്
ചുവപ്പില്‍ രക്തം വാര്‍ന്നു മരിച്ചു
ഒരു പേര്‍

ഒച്ചപ്പാടുകള്‍ ഒന്നും ഉണ്ടായില്ല;
ഒരു പേര്
എന്തിനെയെങ്കിലും സൂചിപ്പിക്കുന്നുണ്ടോ എന്ന്
സങ്കടപ്പെട്ടൊരു പക്ഷി
മുകളിലൂടെ
അതിന്റെ താവളം തേടി
പറക്കുക മാത്രം ചെയ്തു

Saturday, July 25, 2009

-1.

ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്ന അക്ഷരങ്ങള്‍
എങ്ങനെയാണ്
മറ്റൊരിക്കല്‍ മരണത്തെ അനുഭവിപ്പിക്കുന്നതെന്നത്
ഇനിയും പിടി തരാത്ത,
പണ്ടെന്നോ വന്നു പോയ
സംശയങ്ങളിലൊന്നാണ്
അത് വെറും തുടക്കമായിരുന്നു
പിന്നീടെപ്പോഴോ
വാക്കുകള്‍ക്കെല്ലാം ഒരേ അര്‍ത്ഥമായി
ചോദ്യങ്ങള്‍ക്കെല്ലാം
ഒരേ ഉത്തരവും.
ഒടുവില്‍
ഇന്നലത്തെ വാര്‍ഷിക പരീക്ഷക്കടലാസില്‍
പേജുകള്‍ നിറഞ്ഞു കവിഞ്ഞ്
ഒഴുകിപ്പരന്നത്
അതേ പെരുവെള്ളം;
കണ്ണീരെന്ന ചെറുവാക്കിന്‍ അര്‍ത്ഥത്തില്‍
ഒട്ടുമൊട്ടുമൊതുങ്ങാതെ.

അതു കണ്ടാണവന്‍ കോപിച്ചത്
ഞാന്‍ നാടുകടത്തപ്പെട്ടത്;
വിശ്വാസവഞ്ചനാക്കുറ്റം ചുമത്തി
ഒരു പേരറിയാക്കരയില്‍
തടവിലാക്കപ്പെട്ടത്.

-2.

നാടുകടത്തപ്പെടേണ്ടിയിരുന്നത്
വാസ്തവത്തില്‍ ആരെയായിരുന്നെന്ന്
സാധ്യത ഏറെയൊന്നുമില്ലാത്തൊരു
ഒരു തമാശച്ചോദ്യം ഒഴിവാക്കാം
എന്തെന്നാല്‍
എനിക്കറിയാം;
കാര്യങ്ങളെന്നും നീതിയുക്തമായി മാത്രം നടന്നിരുന്നെങ്കില്‍
കുരിശിലേറ്റപ്പെട്ട പ്രവാചകന്മാരെ
ഒരിക്കലുമിവിടെ കൂട്ടു ലഭിക്കുമായിരുന്നില്ലെന്ന്.

Sunday, June 7, 2009

മുറിച്ചെഴുത്ത്

മണ്ണിര എന്നതിനെ
മണ്ണ് + ഇര എന്ന്
മുറിച്ചെഴുതുമ്പോള്‍
ഇറങ്ങിപ്പോയതോ
വന്നു കയറിയതോ ആയ
സന്ധി ഏതാണെന്നായിരുന്നു
ഇന്നലെ

‘പട്ടിക്കുട്ടി‘യുടേതാവില്ല;
ഒന്ന് മറ്റൊന്നിനെ
നിഷ്കാസനം ചെയ്യുകയും
പുതിയ ശബ്ദമൊന്നും
കയറിയിരിക്കുകയും ചെയ്യാത്തിടത്തോളം
ആദേശവും ആഗമവുമല്ല
ലോപമാവാനേ തരമുള്ളൂ

എന്താണാവോ!
ഒക്കെ മറന്നിരിക്കുന്നു
തെറ്റിപ്പോകുന്ന
സന്ധി സമാസങ്ങള്‍ക്ക്
കൈവെള്ളയില്‍ ഏറ്റുവാങ്ങിയ
അടിയുടെ ഓര്‍മ്മകള്‍ പോലും

ചെടി നടുമ്പോള്‍
വെട്ടുകൊണ്ട്
മുറിഞ്ഞു പോയ മണ്ണിരയാണ്,
മടിച്ചു മടിച്ച്
തുള്ളിപോലുമിറ്റാനാവാത്ത
ഒരു ചുവപ്പാണ്
ഓര്‍മ്മയില്‍

മണ്ണിരകള്‍
മുറിവുകൂടി ജീവിക്കുമെന്ന്
കുട്ടിക്കാലത്തു കേട്ടത്
സത്യം തന്നെയാവുമോ?
ആവണം;
സമയത്തെ അതിജീവിച്ച്
കൂടെ നടന്ന ഉദാഹരണങ്ങള്‍
കള്ളം പറയാത്തിടത്തോളം
അത്
അങ്ങനെതന്നെയാവണം

ഇങ്ങനെയൊക്കെയാകിലും
മുറിച്ചെഴുത്തിന്റെയാ
സന്ധിയേതെന്ന്
ഇനിയും അറിയുന്നില്ല

എന്റെ മലയാളമേ!

Wednesday, June 3, 2009

വിടവുകള്‍

അക്ഷരങ്ങളെ
എത്ര ചേര്‍ത്തു വെച്ചിട്ടും
ബാക്കിയാവുന്നുണ്ട്,
നിറയാതെ
ചില വിടവുകള്‍
അവയിലൂടെയാവണം
പരാവര്‍ത്തനപ്പെടാത്ത
പ്രാണസങ്കടങ്ങള്‍
ആരുമറിയാതെ
ഊര്‍ന്നു പോകുന്നത്.

[ഒരിടത്ത് അഭിപ്രായമായി എഴുതിയ ആത്മാലാപമായിരുന്നു ആദ്യരൂപം‍, എന്നിട്ടും മതിയാവാഞ്ഞ് ഇവിടെയും :( ]

Thursday, May 21, 2009

No Man's Land

പോയ ജന്മങ്ങളിലെ
ഓര്‍മ്മകളുടെയും
ഈ ജന്മത്തിലെ
മറവികളുടെയും അതിരില്‍
ആരുടേതുമല്ലാത്ത
ഒരു തുണ്ടു മണ്ണായ്,
ജീവിതം.

മൌനം

കടത്തുതോണിയോ
മേല്‍പ്പാലമോ ഇല്ലാതെ
മറുകരയിലേക്കുള്ള ദൂരം
കണ്‍നോട്ടങ്ങളാല്‍ മാത്രം
താണ്ടും,

സങ്കടമെന്ന വാക്കിന്‍
ആദ്യാക്ഷരത്തെ കേട്ട്
നിറഞ്ഞുപോവുമ്പോള്‍
പുഞ്ചിരിയായ്
തുളുമ്പിയൊഴുകും,

വിട്ടുപോകാത്തൊരോര്‍മ്മ
വിറകൊള്ളുന്ന
വിരല്‍ത്തുമ്പുകള്‍
കൈത്തലത്തോടു ചേര്‍ത്ത്
നന്മ മാത്രമെന്ന്
അലിവില്‍ മുത്തും,

ഓര്‍മ്മകളുടെ ചെറുകാറ്റ്
പായമരം ചലിപ്പിക്കും

കടലാസുകപ്പല്‍ നനയല്ലേയെന്ന്
പ്രാര്‍ത്ഥനയുടെ കുടയായ്‌
എന്നും കൂട്ട് പോകും,

മൌനം.

Sunday, May 17, 2009

കയം

വക്കില്‍ നിന്നും
ആഴത്തിലേക്കു വീണ്‌
മുങ്ങാന്‍ തുടങ്ങുമ്പോള്‍
ഓരോ കണ്ടെത്തലും
ഓരോ കയമാണെന്ന്
തിരിച്ചറിയുന്നു

അവസാന ശ്വാസത്തെ
കൈക്കുമ്പിളില്‍ നിറച്ച്
ജലപ്പരപ്പിലെത്തിയ
കുമിളകള്‍
വായുവിന്റെ ആഴം
അളന്നു നോക്കുന്നു
വേണ്ടായിരുന്നു എന്ന്
എത്രയും പതിഞ്ഞ ശബ്ദത്തില്‍
പറയുന്നു

വാസ്തവം!
കെട്ടുകളഴിഞ്ഞ്
ഇതളുകള്‍ ഊര്‍ന്ന്
കണ്ടെത്തലുകളുടെ ഒരു പ്രബന്ധം
ശരി വക്കുന്നു,
കണ്ണുകള്‍ അടച്ച്
എങ്ങോട്ടോ ഒഴുകിപ്പോകുന്നു.

Tuesday, May 5, 2009

ഉറങ്ങുന്നവരുടെ കമ്പാര്‍ട്ടുമെന്റ്

നിശബ്ദങ്ങളായിരുന്ന
അസംഖ്യം
മണിക്കൂറുകള്‍
ആരെയോ കാത്തെന്നപോല്‍
പുറത്തേക്ക് മിഴിനട്ടിരുന്നു

ചൂടില്‍ ഉരുകിയ
നെടുവീര്‍പ്പുകള്‍
വെള്ളമെവിടെയെന്ന്
പതം പറഞ്ഞലഞ്ഞിരുന്നു

വിയര്‍പ്പൊട്ടിയ ദേഹങ്ങള്‍
തമ്മില്‍ സ്പര്‍ശിച്ചപ്പോഴൊക്കെ
അറപ്പോടെ മുഖം ചുളിച്ചിരുന്നു
ഒച്ചുകളായ് കൂടുകള്‍ക്കുള്ളിലേക്ക്
തല വലിച്ചിരുന്നു

തൊട്ടു തൊട്ടിരുന്ന
കൈമുട്ടുകളുടെ
അതിര്‍ത്തികള്‍ താണ്ടി
ഉത്തരങ്ങള്‍ക്ക് കാക്കാത്ത
ചോദ്യങ്ങള്‍
തന്നിഷ്‌‌ടം പോലെ
വരികയും പോവുകയും
ചെയ്തിരുന്നു

ചില മൂളിപ്പാട്ടുകള്‍
അല്പനേരം വട്ടം ചുറ്റി
കര്‍ക്കശക്കാരുടെ
ശകാരം ശ്രവിച്ച്
ഉറക്കം നടിച്ച് കിടന്നിരുന്നു

അതിനിടയിലെപ്പോഴോ ആണ്
പതിനേഴിനും പതിനെട്ടിനും
എന്താണ് ബന്ധമെന്നോ
ഒന്നും മിണ്ടാത്തതെന്തെന്നോ
നമ്മളാരൊക്കെയാണെന്നോ
ക്ഷീണിച്ച കണ്ണുകള്‍
ആരാഞ്ഞത്

കണ്ടു തീരാതെ
കൈവിട്ടു പോയൊരു
പുഞ്ചിരിയപ്പോള്‍
എവിടുന്നോ വന്നു
കളിയായി മിഴി കൂര്‍പ്പിച്ചു:
ആളില്ലാ സീറ്റിലേക്ക്
നോക്കുന്നതെന്താണ്?
മൌനങ്ങളെ
വിവര്‍ത്തനം ചെയ്ത്
പരാജയപ്പെട്ടൊരാള്‍
അല്പം മുന്‍പെ
മരിച്ചു പോയത്
അറിഞ്ഞില്ലെന്നുണ്ടോ?

Monday, May 4, 2009

രണ്ടു പേര്‍

ശ്വസിച്ചത് ഒരേ വായു
ഊറ്റിയെടുത്തത്
ഒരേ തായ്ത്തടിയിന്‍ ജലം
താരാട്ടീണമിട്ടു വളര്‍ത്തി-
യൊരേ ഇളംവെയില്‍,
മഴ, മഞ്ഞ്, കാറ്റ്
ഒരേ വീട്ടില്‍
ഉറങ്ങിയുണര്‍ന്നു
എന്നിട്ടും
പരസ്‌പരം കാണാതെ
ജീവിച്ചു മരിച്ചു
ഒരു മരത്തിന്റെ-
യിരുകോണില്‍
രണ്ടിലകള്‍

Sunday, May 3, 2009

നഷ്‌ടവ്യവഹാരങ്ങളുടെ 1XN മെട്രിക്സുകള്‍

[1,1]

മിണ്ടാമൊഴികളിലെ
കനം തിങ്ങും വിടവുകള്‍
നീ പാര്‍ക്കുമിടങ്ങള്‍
കണ്ടു,
കണ്ടില്ലയെന്നിങ്ങനെ ഒരാള്‍

കാണാസ്വപ്നങ്ങള്‍
പൂക്കും കാടുകളില്‍
നീ പാടും മരച്ചില്ലകള്‍
കേട്ടും കേള്‍ക്കാതെയും
ഉറക്കത്തില്‍ ഞെട്ടിയൊരാള്‍

കുന്നിന്‍ ചരിവിലെ
പുഴ തന്‍ കാറ്റായ്
നീ തൊടുമ്പോള്‍
എവിടെയും നില്‍ക്കാതെ
ഓടുന്ന വണ്ടിയില്‍
അലറിക്കരഞ്ഞൊരാള്‍

[1,2]

പങ്കിട്ടെടുപ്പുകാര്‍
ബാക്കിവെച്ചുപോയ മുറിവുകള്‍
കാണാതെയല്ല,
നഷ്‌ടവ്യാപാരങ്ങളുടെ ശിഷ്‌ടം
ഇനിയും പൂജ്യമായില്ലയെന്ന്
അറിയാതെയുമല്ല
ഇങ്ങനെയൊക്കെയാവണം
ദ്വിമാനങ്ങളില്‍
പരന്നു നിറയാന്‍ മാത്രമറിയുന്ന
മട്രിക്സുകള്‍ ഉണ്ടാകുന്നത്

[1,3]


നഷ്‌ടങ്ങളെ
ഒരേയൊരു ചുംബനത്താല്‍
ലാഭങ്ങളാക്കുന്ന സ്പര്‍ശമണി
എവിടെയെങ്കിലും
ലഭിക്കുമോ!
എങ്കില്‍ ഞാനതിനെ
എന്നേ
നിനക്ക് സമ്മാനിക്കുമായിരുന്നു.

Saturday, April 18, 2009

Silence is..

മൌനത്തിന്‍
മുറിപ്പാടുകള്‍
ഉണങ്ങുന്നതും കാത്ത്
നാമിരിക്കുന്നു
ഉറങ്ങാതുരുകുന്നു.

ആദ്യം മിണ്ടുന്നയാള്‍-
ക്കായിരം കടമെന്ന്
പ്ലക്കാര്‍ഡേന്തി
ഒരു മൌനജാഥ
അരികിലൂടെ
കടന്നുപോകുന്നു
നാം വീണ്ടും
മുറിവാകുന്നു.

Silence is medication for sorrow. ~Arab Proverb

Friday, April 17, 2009

അനന്തരം

പറയാത്തതും
പറഞ്ഞുപോകുന്നതും
മുറിവുകളാകവെയാണ്
അവരുമായി പിണങ്ങിയത്.
വാക്കുകളിനിമേല്‍
ശബ്ദങ്ങളാവാതിരിക്കട്ടെയെന്ന്
വാശിയില്‍
ശപിച്ചു കാണണം.

തൊണ്ടയില്‍ തടഞ്ഞ്
ശ്വാസതടസ്സം വരുത്തുന്നുണ്ട്
തക്കം നോക്കി
മൂക്കിലും കണ്ണിലും
ചാലുകീറുന്നുണ്ട്
നല്‍കാതെ പോയൊരു
ക്ഷമാപണക്കുറിപ്പിലെ
ഈണമില്ലാ വരികള്‍.

Thursday, April 16, 2009

ഇല

ഉച്ചവെയിലില്‍
തളര്‍ന്നും
ഉപ്പുകാറ്റില്‍
വരണ്ടും
അമ്പലച്ചുറ്റുമതിലരികെ
ഏതോ പഞ്ചാക്ഷരി
ജപിച്ചിരുന്നു
കൊഴിഞ്ഞ പേരാലില.

നിറസന്ധ്യയില്‍
ശ്രീകോവിലിറങ്ങി വന്നു ദേവന്‍

ഒരു നോട്ടം കണ്ടു തീര്‍ന്നില്ല
ആലിന്‍ മറവില്‍
ഒളിച്ചിരുന്ന കാറ്റ്
പറത്തിക്കളഞ്ഞു അതിനെ

എന്തിനായിരുന്നെന്ന്
ചോദിക്കാനായവേ
ആരോ കിലുകിലെ
ചിരിക്കുന്നു

ഇല്ല; ഒന്നുമില്ല
ഇവിടെ ആരുമുണ്ടായിരുന്നില്ല.

മിന്നലിന്
കൂട്ടുവന്ന മഴയപ്പോള്‍
അലിവോടെ കൈനീട്ടി:
പോകാം?
നമുക്ക് മുങ്ങാങ്കുഴിയിട്ട് കളിക്കാം?

Saturday, March 21, 2009

സ്വകാര്യ സംഭാഷണം

ഞാന്‍ നിന്റേതും
നീയെന്റേതുമല്ലെന്ന്
ഇതുവരേക്കും
തള്ളിപ്പറഞ്ഞിട്ടില്ലല്ലോ
എവിടേക്കും
ഞാന്‍ പോകുന്നില്ലെന്ന്
വ്യക്തമായി
അറിയുന്നതുമാണല്ലോ
എന്നിട്ടും എന്തിനാണ്
ദൈവമേ
കണ്ണു പതിയുന്നിടമെല്ലാം
നിന്റെ പേരെഴുതിയ
തുണ്ടു കടലാസുകള്‍
നിരത്തി
വീണ്ടും വീണ്ടും
ഇങ്ങനെ
ഓര്‍മ്മിപ്പിക്കുന്നത്?
ആകെ അറിയാവുന്ന
നിന്റെ പേര്‍
നിരന്തരം വായിപ്പിച്ച്
മടുപ്പിക്കാന്‍ ശ്രമിക്കുന്നത്?

ഈ ദിനങ്ങളിലെങ്ങാന്‍
ഭാര്യയില്‍ വിശ്വാസക്കുറവുള്ള
ഏതോ ഭര്‍ത്താവുമായി
കാമുകിയില്‍ ഉറപ്പില്ലാത്ത
എതോ കാമുകനുമായി
നിന്റെ ഹൃദയം നീ
വെച്ചു മാറിയിരിക്കുന്നുവോ?
എങ്കില്‍
പെട്ടെന്നു തന്നെ
അത് തിരികെ കൊടുത്തേക്കുക
അല്ലാത്ത പക്ഷം
അടുത്ത രാത്രിക്കു മുന്‍പ്
നിന്റെ സ്നേഹത്തെ
ഏതു വിധേനയും
നിര്‍വീര്യമാക്കേണ്ടി വരും
നിന്റെ വറ്റില്‍
എനിക്ക്
വിഷം കലക്കേണ്ടി വരും.