Sunday, October 11, 2009

ചിലപ്പോള്‍

അതിലും മനോഹരമായൊരാകാശം
കൈവിരല്‍ത്തുമ്പ് നീട്ടി
തൊടാവുന്നത്ര
അടുത്തു വരുമായിരിക്കും

അതിലും സുന്ദരമായൊരു പൂവ്
വീട്ടിലേക്കുള്ള വഴിയരികില്‍
പുഞ്ചിരിച്ച്
നില്‍ക്കുമായിരിക്കും

അതിലും ചന്തമേറിയോരു മഴവില്ല്
ചെമ്മണ്‍ പാതകള്‍ അതിരിട്ട
പാടത്തിന്നക്കരെ
വിരിയുമായിരിക്കും

അതിലും നേര്‍ത്ത
നൂലിഴകളാലൊരു മഴ
വെയിലിനൊപ്പം വന്ന്
നനയിക്കുമായിരിക്കും

.
ഒരിക്കല്‍
നടന്നു പോന്ന വഴികള്‍,
തിരിഞ്ഞൊന്നു നോക്കുമ്പോള്‍
കാണാത്ത വണ്ണം
മാഞ്ഞുപോകുമോ?

..
ഇപ്പോള്‍,
തിരികെ നടക്കണമെന്ന്,

അന്നത്തെ
അതേ ആകാശം,
അന്നു വഴി വക്കില്‍ കണ്ട പൂവ്,
മഴയത്ത് കുടയായ മരം,
അതിനു തൊട്ടു മുന്‍പെ
ഒരിക്കല്‍ മാത്രം കണ്ട
അന്നത്തെ അതേ മഴവില്ല്..

എല്ലാമെല്ലാം
അതേപടി വേണമെന്ന്
മനസ്സ്
വാശി പിടിക്കുന്ന കുട്ടിയാകവേ
കിട്ടാനില്ല,
ടൈം മെഷീനെന്ന
കളിക്കോപ്പ്.

തല്‍ക്കാലം,
ഒട്ടുമാവശ്യമില്ലാത്ത
സൂക്ഷ്‌മതയോടു കൂടിത്തന്നെ,
അങ്ങോട്ട് പറക്കാനുള്ള
പട്ടത്തിന്റെ
ചരട് മുറിക്കട്ടെ.

13 comments:

പാമരന്‍ October 11, 2009 at 6:44 AM  

എന്തിനാ മുറിക്കുന്നത്‌? ഒരിക്കലും പറന്നെവിടെയുമെത്തില്ലെങ്കിലും അതങ്ങനെ പറന്നോട്ടെന്നേ..

പകല്‍കിനാവന്‍ | daYdreaMer October 11, 2009 at 1:31 PM  

ഒരു നിമിഷം,
ഇപ്പോള്‍ തിരികെ നടക്കണമെന്ന് മനസ്സ്.
മുറിക്കല്ലേ...

ആഗ്നേയ October 11, 2009 at 8:08 PM  

ഒരുകാര്യോല്ലാന്നേ..കറങ്ങിത്തിരിഞ്ഞ് കീറിപ്പറിഞ്ഞ് അതവിടെത്തന്നെ വീഴും :(

prathap joseph October 12, 2009 at 1:17 AM  

കവിതയുടെ ചരടും ഇടക്കുവെച്ച് മുറിഞ്ഞപോലെ..

sHihab mOgraL October 12, 2009 at 10:47 PM  

"ഒരിക്കല്‍
നടന്നു പോന്ന വഴികള്‍,
തിരിഞ്ഞൊന്നു നോക്കുമ്പോള്‍
കാണാത്ത വണ്ണം
മാഞ്ഞുപോകുമോ?"
ചിലപ്പോഴൊക്കെ മനസില്‍ തോന്നാറുണ്ട്. അന്നത്തെ ആകാശവും, മഴയും, കുടയായ മരവും അതേപടി വേണമെന്ന് മനസ് കൊതിക്കുമ്പൊഴും അങ്ങനെയുണ്ടാവില്ലെന്ന് തൃപ്തിപ്പെടുത്തേണ്ടി വരുന്നു..

നന്ദ October 16, 2009 at 3:46 PM  

വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

ANITHA HARISH October 17, 2009 at 5:54 PM  

ഒരിക്കല്‍
നടന്നു പോന്ന വഴികള്‍,
തിരിഞ്ഞൊന്നു നോക്കുമ്പോള്‍
കാണാത്ത വണ്ണം
മാഞ്ഞുപോകുമോ?


orikkalum maayaathirikkatte.

son of dust October 19, 2009 at 12:02 PM  

ചരട് മുറിക്കലാണ്‌ സർഗാത്മകം

Raghunath.O October 21, 2009 at 6:45 PM  

അതിലും മനോഹരമായൊരാകാശം
കൈവിരല്‍ത്തുമ്പ് നീട്ടി
തൊടാവുന്നത്ര
അടുത്തു വരുമായിരിക്കും

yousufpa October 21, 2009 at 9:01 PM  

എല്ലാമെല്ലാം
അതേപടി വേണമെന്ന്
മനസ്സ്
വാശി പിടിക്കുന്ന കുട്ടിയാകവേ
കിട്ടാനില്ല,
ടൈം മെഷീനെന്ന
കളിക്കോപ്പ്.

നല്ല രസം പിടിച്ച് വരികയായിരുന്നു. അതിനിടയ്ക്ക് ടൈം മെഷീനെന്ന പ്രയോഗം കൊണ്ട് കുളമാക്കി. ഘടികാരമെന്ന കളിക്കോപ്പായിരുന്നെങ്കില്‍ എത്ര നന്നായേനെ എന്ന് തോന്നിപ്പോയി.

എന്തായാലും എനിയ്ക്ക് നന്നായി ഇഷ്ടപ്പെട്ടു.

നന്ദ October 24, 2009 at 5:42 AM  

അനിത, son of dust, neeraja, യൂസുഫ്‌പ, വായനകള്‍ക്ക് നന്ദി.

ചേച്ചിപ്പെണ്ണ്‍ October 28, 2009 at 9:29 AM  

അന്നത്തെ
അതേ ആകാശം,
അന്നു വഴി വക്കില്‍ കണ്ട പൂവ്,
മഴയത്ത് കുടയായ മരം,
അതിനു തൊട്ടു മുന്‍പെ
ഒരിക്കല്‍ മാത്രം കണ്ട
അന്നത്തെ അതേ മഴവില്ല്..
മനോഹരം ... നന്ദ!

Jithendrakumar/ജിതേന്ദ്രകുമാര്‍ November 2, 2009 at 10:45 PM  

ഈ കവിതയിലെ ലേബലിനു നൂറില്‍ നൂറു മാര്‍ക്ക്‌