Wednesday, June 1, 2011

അഥവാ ലക്ഷണം കെട്ട ചില കുറിപ്പുകള്‍.
- -

അതേ വളവിനപ്പുറമുള്ള കലുങ്കില്‍
അന്നത്തെ മാതിരി കാലാട്ടിയിരുന്ന്
ഇല്ലാത്ത നാട്ടിലെ ആളുകളെപ്പറ്റി
ഇനി പറയില്ലെന്ന്

ഉണ്ടായിരുന്നിട്ടില്ലാത്ത അനിയന്‍ കുട്ടി
ഉണ്ടാവാന്‍ ഇടയില്ലാത്ത ചേച്ചിപ്പെണ്ണിന്റെ വിരല്‍ത്തുമ്പു വിട്ട്‌
ആളുകളേയില്ലാത്ത  ആള്‍ക്കൂട്ടത്തില്‍
കാണാതായി പോയ കഥ ഇനി ഓര്‍ക്കില്ലെന്ന്

പറഞ്ഞു തീരാത്തതെല്ലാം പറയാന്‍
സ്വപ്നത്തില്‍ പതിവായെത്തുന്ന ചാച്ചനെ
മുഖം ചുളിപ്പിച്ചു കാട്ടി
നിരുല്സാഹപ്പെടുത്തുമെന്ന്‌

കഥാന്ത്യത്തില്‍
നായകന്മാരെ കൊന്നു തള്ളുന്ന
വില്ലന്മാരുള്ള സിനിമകള്‍ ഉണ്ടാവേണ്ടതിന്റെ ആവശ്യത്തെപ്പറ്റി
അവളുമായി ഇനി ഒരിക്കലും ചര്‍ച്ച നടത്തില്ലെന്ന്

അതേ ദീര്‍ഘ(നിശ്വാസ)ങ്ങളും
(കുന്നായ്മ) കുനുപ്പുകളും
പേര്‍ത്തും പേര്‍ത്തും ചോദ്യങ്ങള്‍ കോര്‍ത്തിട്ട്
മുതുകു വളഞ്ഞു (ചോദ്യ ചിഹ്നമായി) പോയ
ആശ്ചര്യ ചിഹ്നങ്ങളും ഒന്നും
ഇനി തട്ടിന്‍ പുറത്തൂന്ന് എടുക്കില്ലെന്ന്

‘അഞ്ജനമെന്നതു ഞാനറിയും
മഞ്ഞളു പോലെ വെളുത്തിരിക്കും’-മട്ടിലുള്ള ഉപമകള്‍
കൂട്ടത്തോടെ തീയിലിടുമെന്ന്...

ഒക്കെ
കരുതിയതാണ്

പക്ഷേ

ഡ്രാക്കുള പ്രഭുവിന്റെ കൊട്ടാരത്തിലേക്കുള്ള
വണ്ടിയില്‍ കയറിയ,
കൃത്യമായ ഇടവേളകളില്‍
കൊട്ടാര കവാടം കണ്ടു പേടിക്കുന്ന
യാത്രക്കാരനെപ്പോലെ

ഹൃദയമിടിപ്പിന്റെ അതേ താളം
കേട്ടു പേടിച്ച്,
വീണ്ടുമിങ്ങനെ.

മരണമൊളിപ്പിച്ചു വച്ച്
വശ്യമായ ചിരിയുമായെത്തി
പ്രഭു കനിയും വരെ
വണ്ടിയിലിരിക്കുക തന്നെ.
പേടിക്കുക തന്നെ.

--
[മുഖം എന്നതിനെ മൊഗം എന്നോ ലഹരി എന്നതിനെ ലഗരി എന്നോ ഉച്ചരിക്കുന്നതു കേള്‍ക്കുമ്പോ അയ്യേ എന്ന് മുഖം ചുളിപ്പിക്കില്ലേ നിങ്ങള്‍? അമ്മാതിരി ഒരു യാണ് മുകളിലത്തെ ഗ ;)]

7 comments:

ശ്രീനാഥന്‍ June 1, 2011 at 5:44 AM  

ഒരുവക ലഗരി കിട്ടുന്ന കവിത നന്ദ. ഗ എന്ന് കുറെ സഹിക്കണം ഇൻ പാർഷ്യൽ ഫുൾഫിൽമെന്റ് ഒഫ് ജീവിതം - ഗ ന്ന് തോന്നണുണ്ട് അല്ലേ?

നന്ദ June 1, 2011 at 4:47 PM  

പിന്നില്ലേ? തോന്നുന്നുണ്ട് ;)

Manoraj June 3, 2011 at 10:26 PM  

ഇവിടെ ആദ്യമായാണെന്ന് തോന്നുന്നു. നല്ല ഒരു കവിത വായിച്ചു. സോറി ഗവിത എന്നും പറയാമല്ലോ അല്ലേ :) എഴുത്ത് നന്നായി. ചില വരികളെല്ലാം വളരെയധികം ഇഷ്ടമായി

Rare Rose June 6, 2011 at 7:06 PM  

അപ്പോള്‍ ഇവിടൊക്കെ ജീവനോടെയുണ്ടല്ലേ.:)

ഇഷ്ടായി.സായിപ്പിനെ കാണുമ്പോ കവാത്ത് മറക്കുമെന്ന് പറയുന്ന പോലൊരു ഗ.ചില സഹനങ്ങള്‍,വഴക്കങ്ങള്‍ ഒക്കെ കൂടി അവിയല്‍ പരുവത്തിലായതാവും അല്ലേ ജീവിതം..

Anonymous June 28, 2011 at 8:43 PM  

ഇപ്പോഴാ ശ്രദ്ധയില്‍ പെട്ടത്..
കവിത നന്നായി പ്രത്യേകിച്ച് ആശയം.
എഴുത്തിന്‍റെ frequency അല്‍പ്പം ഒന്ന് കൂട്ടിയാലെന്താ???

സുജീഷ് July 8, 2011 at 9:48 AM  

ഗഥാന്ത്യത്തില്‍
നായകന്മാരെ ഗൊന്നു തള്ളുന്ന
വില്ലന്മാരുള്ള സിനിമകള്‍ ഉണ്ടാവേണ്ടതിന്റെ ആവശ്യത്തെപ്പറ്റി
അവളുമായി ഇനി ഒരിക്കലും ചര്‍ച്ച നടത്തില്ല

നന്ദ July 8, 2011 at 1:41 PM  

ഇപ്പഴാ ഒരു ‘ഗ’മന്റ് വന്നത് :)