Friday, October 12, 2012

പോടീ(ടാ) പുല്ല്ലേ

ഏറ്റവും സ്നേഹത്തില്‍
നീ പോടീ പുല്ലേ എന്ന് വിളിച്ചിട്ടുള്ളത്
പഴയ കൂട്ടുകാര്‍
കഞ്ഞിക്കുഴിക്കാരി അന്നമ്മയും
കാഞ്ഞിരപ്പള്ളിക്കാരന്‍ റിസും മാത്രമാണ്

അന്നമ്മയുടേതില്‍ ഒരു ചിരിയുടെ- ഒരു വലിയത് തന്നെ-
സന്തോഷത്തിന്റെ ഓളം കലര്‍ന്നിരുന്നു;
നേരിട്ടോ, ഫോണിലോ എപ്പോഴായാലും
റിസിന്റേതില്‍, ചിലമ്പിച്ച ശബ്ദത്തില്‍,
എപ്പോഴും
അവന്റെ പ്രേമഭാജനം/എന്റെയും കൂട്ടുകാരി
ഗൌനിക്കാത്തതിന്റെ പരാതികള്‍
ഒളിഞ്ഞു കിടന്നു

ഒന്ന് ഉറങ്ങിത്തെളിഞ്ഞ നേരത്ത്
തല്‍ക്കാലം യാതൊരാവശ്യവുമില്ലാത്ത
രണ്ടു പോടീ പുല്ലേകള്‍ പത്തു കൊല്ലം മുന്‍പു നിന്ന്
മുന്നില്‍ വന്നിങ്ങനെ നില്‍ക്കുമ്പോള്‍
പോടീ പുല്ലേ എന്നതിനോടു പറഞ്ഞ് തിരിഞ്ഞു കിടന്ന്
ഉറങ്ങാന്‍ ശ്രമിക്കുന്നു
അവര്‍ രണ്ടും
താന്താങ്കളുടെ ഭാര്യയെ/ഭര്‍ത്താവിനെ/മക്കളെ
അതേ സ്നേഹത്തള്ളിച്ചയുടെ പോടീ(ടാ) പുല്ലേകള്‍ കൊണ്ട്
സന്തോഷിപ്പിക്കുന്നുണ്ടാവും എന്ന് എക്സ്റ്റ്‌റാപൊളേറ്റ് ചെയ്യുന്നു

പക്ഷേ,
അവിടെ തീരുന്നില്ല
നിരുപദ്രവമെന്ന് തോന്നും മട്ടില്‍
പാതിരായ്ക്ക് പ്രത്യക്ഷപ്പെട്ട
പോടീ(ടാ) പുല്ല്ലേയുടെ അക്രമങ്ങള്‍.
സ്നേഹത്തിന്റെ
അധികാരത്തിന്റെ
സങ്കടത്തിന്റെ
വെറുപ്പിന്റെ
അവഗണനയുടെ
ധാര്‍ഷ്ട്യത്തിന്റെ....
ഒരുപാട് പോടീ(ടാ) പുല്ലേ കള്‍ നിരന്നു നിന്ന്
ഉറക്കത്തെ പോടീ(ടാ) പുല്ലേയെന്ന് വെല്ലുവിളിക്കുന്നു

നിരാശയുടെ പടുകുഴിയില്‍ വീഴുമ്പോ
സങ്കടത്തിന്‍ താഴ്വരയില്‍ ആയിരിക്കുമ്പോ
അതിനോട് ‘നീ പോടീ(ടാ) പുല്ല്ലേ‘ എന്നു പറഞ്ഞ്
നടന്നു പോരാമായിരുന്നില്ലേ

എന്റെ സങ്കടം എന്റേതു മാത്രമാണെന്നാവര്‍ത്തിച്ച്
നീ അകലത്തേക്ക് പോകുമ്പോ
നീ പോടീ(ടാ) പുല്ല്ലേ എന്നു പറഞ്ഞ്
സ്നേഹത്തോടെ ആശ്ലേഷിക്കാമായിരുന്നില്ലേ

അവഗണനയുടെ കണ്‍‌നോട്ടങ്ങള്‍ക്ക്
ധാര്‍ഷ്ട്യത്തിന്റെ കടും വാക്കുകള്‍ക്ക്
പോടീ(ടാ) പുല്ല്ലേയെന്ന്
മറുപടി നല്‍കാമായിരുന്നില്ലേ

സൌഹൃദത്തിന്റെ തെളിനീരുറവയില്‍
നഞ്ചു കലക്കുന്ന കള്ളത്തരങ്ങളെ
പോടീ(ടാ) പുല്ല്ലേയെന്ന്
ഉപേക്ഷിക്കാമായിരുന്നില്ലേ

എന്നിങ്ങനെ
സഭ്യതയുടെ മുഖം മൂടിയിട്ട് (അല്ലാതെയും)
അന്ത:പുരത്തില്‍ കയറി ഒളിച്ചിരുന്ന
പോടീ(ടാ) പുല്ല്ലേകളുടെ
മഴയില്‍
പുഴയില്‍
സമുദ്രത്തില്‍
ഇന്നേരം
പൊന്തിക്കിടക്കുന്നു

പുല്ലിനു നടുവില്‍
ഒരു സുന്ദരന്‍
പുല്‍ച്ചാടിയായി
ടെലിവിഷന്‍ പരിപാടികളിലെ
അനിമേഷന്‍ ചലച്ചിത്രമൊന്നില്‍
കുടിയേറുന്ന സ്വപ്നത്തിലേക്ക്
ഊളിയിടുന്നു

0 comments: