Tuesday, May 5, 2009

ഉറങ്ങുന്നവരുടെ കമ്പാര്‍ട്ടുമെന്റ്

നിശബ്ദങ്ങളായിരുന്ന
അസംഖ്യം
മണിക്കൂറുകള്‍
ആരെയോ കാത്തെന്നപോല്‍
പുറത്തേക്ക് മിഴിനട്ടിരുന്നു

ചൂടില്‍ ഉരുകിയ
നെടുവീര്‍പ്പുകള്‍
വെള്ളമെവിടെയെന്ന്
പതം പറഞ്ഞലഞ്ഞിരുന്നു

വിയര്‍പ്പൊട്ടിയ ദേഹങ്ങള്‍
തമ്മില്‍ സ്പര്‍ശിച്ചപ്പോഴൊക്കെ
അറപ്പോടെ മുഖം ചുളിച്ചിരുന്നു
ഒച്ചുകളായ് കൂടുകള്‍ക്കുള്ളിലേക്ക്
തല വലിച്ചിരുന്നു

തൊട്ടു തൊട്ടിരുന്ന
കൈമുട്ടുകളുടെ
അതിര്‍ത്തികള്‍ താണ്ടി
ഉത്തരങ്ങള്‍ക്ക് കാക്കാത്ത
ചോദ്യങ്ങള്‍
തന്നിഷ്‌‌ടം പോലെ
വരികയും പോവുകയും
ചെയ്തിരുന്നു

ചില മൂളിപ്പാട്ടുകള്‍
അല്പനേരം വട്ടം ചുറ്റി
കര്‍ക്കശക്കാരുടെ
ശകാരം ശ്രവിച്ച്
ഉറക്കം നടിച്ച് കിടന്നിരുന്നു

അതിനിടയിലെപ്പോഴോ ആണ്
പതിനേഴിനും പതിനെട്ടിനും
എന്താണ് ബന്ധമെന്നോ
ഒന്നും മിണ്ടാത്തതെന്തെന്നോ
നമ്മളാരൊക്കെയാണെന്നോ
ക്ഷീണിച്ച കണ്ണുകള്‍
ആരാഞ്ഞത്

കണ്ടു തീരാതെ
കൈവിട്ടു പോയൊരു
പുഞ്ചിരിയപ്പോള്‍
എവിടുന്നോ വന്നു
കളിയായി മിഴി കൂര്‍പ്പിച്ചു:
ആളില്ലാ സീറ്റിലേക്ക്
നോക്കുന്നതെന്താണ്?
മൌനങ്ങളെ
വിവര്‍ത്തനം ചെയ്ത്
പരാജയപ്പെട്ടൊരാള്‍
അല്പം മുന്‍പെ
മരിച്ചു പോയത്
അറിഞ്ഞില്ലെന്നുണ്ടോ?

5 comments:

aneeshans May 6, 2009 at 11:04 AM  

:)

ഹന്‍ല്ലലത്ത് Hanllalath May 6, 2009 at 12:36 PM  

വിയര്‍പ്പിന്റെ സ്പര്‍ശങ്ങള്‍ക്കു നേരെ ചുളിഞ്ഞ മുഖത്തോടെ...
വിരസമായ യാത്രാ താളം
അജ്ഞാതരായ സഹയാത്രികരുടെ പൂരകമാകാത്ത ചിന്തകള്‍ കമ്പാര്‍ട്ടുമെന്റിനെ ശ്വാസം മുട്ടിക്കുന്നു..

സെറീന May 8, 2009 at 7:32 AM  

കണ്ടു തീരാതെ കൈവിട്ടു പോയൊരു
പരിചയം വന്നെന്‍റെ കവിളില്‍ തൊടുന്നു..

Mahi May 11, 2009 at 1:39 PM  

ആളില്ലാ സീറ്റിലേക്ക്
നോക്കുന്നതെന്ത്?
മൌനങ്ങളെ
വിവര്‍ത്തനം ചെയ്ത്
പരാജയപ്പെട്ടൊരാള്‍
അല്പം മുന്‍പെ
മരിച്ചു പോയത്
അറിഞ്ഞില്ലെന്നുണ്ടോ?
അറിഞ്ഞില്ല. വരാന്‍ വൈകി പോയ്‌

Anonymous May 14, 2009 at 12:53 PM  

Nice, go ahead